ദോശ രാജാവ് ദോഷ രാജാവായപ്പോള്‍

Web Desk
Posted on July 23, 2019, 9:48 am

ഡോ. ലൈലാ വിക്രമരാജ്

തമിഴ്‌നാട്ടിലെ തൂത്തുക്കുടിക്കടുത്ത് ഒരു ബസ്‌റ്റോപ്പ് പോലുമില്ലാത്ത കുഗ്രാമത്തില്‍ ഒരു ഉള്ളി കര്‍ഷകന്റെ മകനായി 1947 ല്‍ ജനനം. പഠനം ഏഴാം ക്ലാസ് വരെ മാത്രം. ഹോട്ടലുകളില്‍ മേശതുടച്ചും വെറും തറയില്‍ കിടന്നുറങ്ങിയും പ്രതിബന്ധങ്ങളോട് പടവെട്ടി നേടിയ വിജയം. ജീവിതപാതയിലെ കല്ലും മുള്ളും താണ്ടി സ്വന്തമായൊരു സാമ്രാജ്യം തന്നെ കെട്ടിപ്പടുത്തു. പറഞ്ഞു വരുന്നത് യുഎസ്, യുകെ, ആസ്‌ട്രേലിയ, ഫ്രാന്‍സ് ഉള്‍പ്പെടെ ഇരുപതോളം രാജ്യങ്ങളില്‍ ‘ശരവണ ഭവന്‍’ എന്ന പേരില്‍ സ്വന്തമായി റെസ്റ്റോറന്റുകളുള്ള ‘ദോശ രാജാവ്’ എന്ന രാജഗോപാല്‍ മുതലാളിയുടെ വളര്‍ച്ചയും അധഃപതനവും, അയാളോട് പടവെട്ടി വിജയം നേടിയ ജീവജ്യോതി എന്ന പാവമൊരു പെണ്ണിന്റെയും കഥയാണ്.

സ്വാധീനവും പണക്കൊഴുപ്പും ഗുണ്ടായിസവും കൊണ്ട് എന്തും നേടി വിജയശ്രീമാനായി വാഴാമെന്ന് മുതലാളി മോഹിച്ചെങ്കിലും ധൈര്യശാലിയായൊരു പെണ്ണിന് മുന്നില്‍ അടിയറവു പറയേണ്ടിവന്നു. ഇഷ്ടപ്പെട്ട പുരുഷനോടൊപ്പം ഒരുവിധത്തിലും ജീവിക്കാനനുവദിക്കാതിരുന്ന ആ കാമഭ്രാന്തന് പരമോന്നത കോടതി നല്‍കിയത് ജീവപര്യന്തമെങ്കിലും ജയിലഴി എണ്ണുവാനുള്ള നിയോഗം പെട്ടെന്നവസാനിക്കുകയായിരുന്നു. ഹൃദയാഘാതത്തിന്റെ രൂപത്തില്‍ മരണം അതിന്റെ കര്‍ത്തവ്യം വളരെ ഭംഗിയായി നിര്‍വ്വഹിച്ചു. ഇവിടെ ഓഷോയുടെ വാക്കുകള്‍ ഓര്‍ത്തു പോകുന്നു.’.….… .…. മരിച്ചു കഴിഞ്ഞാല്‍ എല്ലാവരും വരും, മരണപ്പെട്ടവന്റെ തെറ്റുകള്‍ക്കെല്ലാം മാപ്പ് നല്‍കാനാണവര്‍ വരുന്നത്.….……’ മരണശേഷം പോലും നമ്മുടെ അണ്ണാച്ചിക്ക് ആരെങ്കിലും മാപ്പു നല്‍കുമോ? അത്ര വലിയ ക്രൂരനായിരുന്നു രാജഗോപാല്‍.

തൊഴിലാളികളുടെ കണ്ണിലുണ്ണി

വെറുമൊരു പലചരക്കുകടയില്‍ നിന്നാരംഭിച്ച രാജഗോപാലിന്റെ സ്വപ്ന സാക്ഷാത്കാരമായ ‘ശരവണ ഭവന്‍’ എന്ന വെജിറ്റേറിയന്‍ ഹോട്ടല്‍ ശൃംഖലയ്ക്ക് തുടക്കം കുറിച്ചത് 1981 ല്‍ ചെന്നൈ നഗരത്തിലായിരുന്നു. തൊഴിലാളികള്‍ക്ക് തൊഴില്‍ സുരക്ഷിതത്വമുറപ്പു വരുത്തുക എന്നതായിരുന്നു മുതലാളിയുടെ പരമമായ ലക്ഷ്യം. അവരുടെ കുടുംബങ്ങളെ നേരിട്ട് സന്ദര്‍ശിക്കുകയും, വര്‍ഷത്തിലൊരിക്കല്‍ തൊഴിലാളിക്ക് സ്വന്തം കുടുംബത്തോടൊപ്പം കഴിയുവാന്‍ പ്രത്യേക ഗ്രാന്റ്, കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധ, ഉപഭോക്താക്കള്‍ക്ക് ഏറ്റവും നല്ല ഭക്ഷണം നല്‍കണമെന്ന നിര്‍ബ്ബന്ധം, ജീവനക്കാരുടെ മുടിവെട്ടല്‍, വസ്ത്രം, താമസം, പെരുമാറ്റം, ടിവി കാണല്‍ തുടങ്ങി എല്ലാ കാര്യങ്ങളിലും ശ്രദ്ധാലുവായ ജനകീയ മുതലാളി. പറഞ്ഞിട്ടെന്തുകാര്യം സ്ത്രീവിഷയത്തില്‍ പെട്ട് അഴിഎണ്ണാനായിരുന്നു നിയോഗം. ‘ക ലെ ോ്യ വലമൃ േീി ്ശരീേൃ്യ’ എന്നൊരു വാക്യം ശരവണ ഭവന്‍ റെസ്റ്റോറന്റിന്റെ എല്ലാ ശാഖകള്‍ക്ക് മുന്നിലും തൂക്കിയിരിക്കുന്ന അൗീേയശീഴൃമുവ്യ യില്‍ ആലേഖനം ചെയ്തിട്ടുണ്ട്. എന്നാല്‍ അണ്ണാച്ചിയുടെ ഹൃദയം വിജയത്തില്‍ മാത്രമായിരുന്നില്ല, 20 കാരിയായ ജീവജ്യോതിയോടുള്ള അടങ്ങാത്ത അഭിനിവേശത്തിലുമായിരുന്നു. ആ മോഹം അണ്ണാച്ചിയെ ഒരു കൊലയാളിയാക്കുകയും ജയിലില്‍വരെ എത്തിക്കുകയുമാണുണ്ടായത്.

ജീവജ്യോതി-ധീരതയുടെ പര്യായം

കാമുകനോടൊപ്പം കഴിയുവാന്‍ സ്വന്തംകുഞ്ഞിനെ പീഡിപ്പിച്ചും ഭിത്തിയിലിടിച്ചും തറയിലെറിഞ്ഞും കൊല്ലാന്‍ മൗനാനുവാദം നല്‍കുന്ന വിദ്യാസമ്പന്ന, 16 വയസുവരെ വളര്‍ത്തിയിട്ട് കാമുകനോടൊപ്പം ചേര്‍ന്ന് കഴുത്തില്‍ ഷാള്‍ ചുറ്റി ശ്വാസം മുട്ടിച്ച് കൊന്ന് കിണറ്റില്‍ തള്ളുന്ന സ്ത്രീ, കാമുകനു വേണ്ടി സ്വന്തം കുഞ്ഞിനെ ശ്മശാനത്തില്‍ കൊണ്ടുപോയി നിഷ്‌കരുണം കൊല്ലുന്നവള്‍. (ഇവരെയൊക്കെ അമ്മ എന്ന് വിളിക്കുവാന്‍ മനസനുവദിക്കുന്നില്ല) ഇവരുടെയൊക്കെ ലീലാ വിലാസങ്ങള്‍ക്കിടയിലാണ് ജീവനു തുല്യം സ്‌നേഹിച്ച പുരുഷന്റെ കൊലയാളിയായ ശരവണ ഭവന്‍ ഉടമയെയും കൂട്ടാളികളെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ ജീവജ്യോതി എന്ന ഒറ്റയാള്‍ പട്ടാളത്തിന്റെ പടയോട്ടം എന്നത് എന്തുകൊണ്ടും സവിശേഷതയര്‍ഹിക്കുന്നു.

സംഭവങ്ങളുടെ തുടക്കം

ശരവണ ഭവന്റെ ചെന്നൈ ബ്രാഞ്ചിലെ അസി.മാനേജര്‍ രാമസ്വാമിയുടെ മകളാണ് ജീവജ്യോതി. സഹോദരന്റെ ട്യൂഷന്‍ മാഷും പിന്നീട് ശരവണ ഭവനിലെ തൊഴിലാളിയുമായിത്തീര്‍ന്ന പ്രിന്‍സ് ശാന്തകുമാരനെ ജീവജ്യോതി ജീവനു തുല്യം സ്‌നേഹിച്ചു. എന്നാല്‍ ശരവണ ഭവന്‍ മുതലാളിയായ രാജഗോപാലിന്റെ കഴുകന്‍കണ്ണുകള്‍ വളരെ മുന്‍പെ അവളില്‍ പതിഞ്ഞിരുന്നു. അയാളുടെ വിവാഹാഭ്യര്‍ഥനയും വിരട്ടലും ഗുണ്ടായിസവുമൊന്നുമവള്‍ ചെവിക്കൊണ്ടില്ല. ജീവയുടെയും ശാന്തന്റെയും വിവാഹത്തിന് വീട്ടുകാരും എതിരായപ്പോള്‍ രണ്ടുപേരും കൂടി 1999 ല്‍ ഒളിച്ചോടുകയും പിന്നീട് വിവാഹിതരാവുകയും ചെയ്തു. വിവാഹശേഷവും ബന്ധം വേര്‍പെടുത്തി മുതലാളിക്കൊപ്പം ചെല്ലുവാന്‍ പഠിച്ച പണി പതിനെട്ടും അണ്ണാച്ചി പയറ്റി. ഗുണ്ടകളെ വിട്ട് അവരെ രണ്ടു പേരെയും സ്വന്തം ഗോഡൗണിലെത്തിച്ചു. ശാന്തകുമാരനെ അവിടിട്ട് മര്‍ദ്ദിച്ചവശനാക്കി. അവളുടെ കണ്ണീരിന് രാജഗോപാല്‍ യാതൊരു വിലയും കല്‍പ്പിച്ചില്ല.
അവിടെ നിന്നും രക്ഷപ്പെട്ട് ജീവിക്കാനനുവദിക്കണമെന്ന് കാണിച്ച് അവര്‍ ലോക്കല്‍ പൊലീസില്‍ പരാതി നല്‍കിയെങ്കിലും ഒന്നും സംഭവിച്ചില്ല. 2001 ഒക്‌ടോബറില്‍ രാജഗോപാലിന്റെ എട്ട് ഗുണ്ടകള്‍ചേര്‍ന്ന് ശാന്തകുമാരനെ കടത്തിക്കൊണ്ടു പോയി കാറില്‍ വച്ച് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി കാട്ടില്‍ തള്ളി.

ഭര്‍ത്താവിനെ കാണാനില്ലെന്ന് കാണിച്ച് ജീവ ഹൈക്കോടതിയെ സമീപിച്ചു. ഒക്‌ടോബര്‍ മൂന്നിന് പശ്ചിമഘട്ട മലനിരകള്‍ക്കരികെ കൊടൈക്കനാലിനു സമീപമുള്ള പെരുമാള്‍മലൈ എന്ന സ്ഥലത്തുള്ള വനത്തില്‍ നിന്നുമാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ശാന്തകുമാരന്റെ മൃതദേഹം കണ്ടെടുത്തത്. പോസ്റ്റ്‌മോര്‍ട്ടത്തില്‍ കൊലപാതകമാണെന്ന് തെളിയുകയും ചെയ്തു.
പിന്നീടങ്ങോട്ട് ജീവജ്യോതി എന്ന പെണ്‍കുട്ടിയുടെ നിശ്ചയദാര്‍ഢ്യത്തിന്റെ തുടക്കമായിരുന്നു. അതിനു മുന്നില്‍ രാജഗോപാല്‍ തകര്‍ന്ന് തരിപ്പണമാവുകയും ചെയ്തു. വിചാരണക്കോടതി പത്തു വര്‍ഷം കഠിന തടവിനാണ് ശിക്ഷിച്ചതെങ്കിലും ഹൈക്കോടതി 2009 ല്‍ അയാളുടെ ശിക്ഷ ജീവപര്യന്തമാക്കി മാറ്റി. 2003 ല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി കൂട്ടാളികളോടൊപ്പം ജാമ്യത്തിലിറങ്ങിയിരുന്നു. അപ്പോഴും ജീവയെ കൈക്കലാക്കാനുള്ള പ്രലോഭനങ്ങളും വിരട്ടലുകളും തുടര്‍ന്നു. സഹോദരന്‍ കൈയൊഴിഞ്ഞു. ഭര്‍ത്താവിന്റെ സഹോദരന്‍ കൂറുമാറി, ബന്ധുക്കളാകെ കൈയൊഴിഞ്ഞു, അതിലൊന്നും പതറാതെ ജീവയുടെ പോരാട്ടം തുടര്‍ന്നുകൊണ്ടേയിരുന്നു. ഒടുവില്‍ സുപ്രീം കോടതിയെ സമീപിച്ച ജീവയ്ക്ക് പരമോന്നത കോടതിയില്‍ നിന്നും നീതി ലഭിച്ചു. ഹൈക്കോടതി വിധിയെ സുപ്രീം കോടതി 2019 മാര്‍ച്ച് 29 ന് ശരിവയ്ക്കുകയും ജൂലൈ ഏഴിനകം രാജഗോപാലും കൂട്ടരും കീഴടങ്ങുവാന്‍ ഉത്തരവിടുകയും ചെയ്തു.

പണമുണ്ടായാല്‍ എന്തുമാകാമെന്ന ചിന്തയെ സുപ്രീം കോടതി നിശിതമായി വിമര്‍ശിച്ചു. തെറ്റു ചെയ്തവന്‍ ശിക്ഷ അനുഭവിച്ചേ മതിയാവൂ. പണം, ആള്‍ബലം തുടങ്ങിയവ ശിക്ഷക്ക് ഒരിക്കലും തടസമാകരുത്. ആരോഗ്യത്തെ ചൊല്ലിയുള്ള അയാളുടെ വിലാപവും വനരോദനമായി മാറി. ജൂലൈ ഒന്‍പതിന് മാസ്‌കും ധരിച്ച് വീല്‍ ചെയറിലെത്തിയ സ്ത്രീലമ്പടനായ മുതലാളി ജയിലറയിലായി. രണ്ടുഭാര്യമാരുള്ള അണ്ണാച്ചിയുടെ ഇരുപതുകാരിയില്‍ തുടങ്ങിയ മോഹം ദുരന്തപര്യവസായിയായിത്തീര്‍ന്നു. ഒരു ദിവസം മാത്രം ജയിലിലും ഏട്ട് ദിവസം ആശുപത്രിയിലും ഒടുവില്‍ മരണത്തിന്റെ നിയതിക്കുമുന്നിലും കീഴടങ്ങി.
ജ്യോതിഷമെന്ന പുകമറ

സമ്പന്നനായ ഒരു വ്യക്തി ജ്യോതിഷിയെ കണ്ട് ‘എനിക്കൊരു പെണ്ണിനെ ഇഷ്ടമാണ്. അവളെ സ്വന്തമാക്കാനുള്ള ഉപാധി പറഞ്ഞു തരു’ എന്നാവശ്യപ്പെട്ടാല്‍ അനുകൂലമായൊരു നിര്‍ദ്ദേശം മാത്രമേ ദൈവജ്ഞന്‍ നല്‍കുകയുള്ളൂ. പൊടിപ്പും തൊങ്ങലും ചേര്‍ത്ത് പൂര്‍വ്വാധികം ഐശ്വര്യവും സമ്പത്തും കുന്നുകൂടുമെന്നും തട്ടിവിടും. അയാള്‍ക്ക് പണമാണാവശ്യം. അതിനുള്ള പൊടികൈകള്‍ മാത്രമാണിതൊക്കെയെന്നിരിക്കെ ജ്യോതിഷിയുടെ പ്രവചനത്താലാണ് ജീവജ്യോതിയെ സ്വന്തമാക്കാന്‍ ശ്രമിച്ചതെന്ന അണ്ണാച്ചിയുടെ വാദം വെറും പൊള്ളയാണെന്ന് വേണം മനസിലാക്കാന്‍.

ചരിത്രം ആവര്‍ത്തിക്കപ്പെടുകയാണ്. മഹാഭാരത യുദ്ധത്തിന്റെ കാരണങ്ങള്‍ അന്വേഷിച്ചു പോയാല്‍ പ്രധാനമായും വിരല്‍ ചൂണ്ടുന്നത് ഒരു പെണ്ണിന്റെ ശപഥത്തിലേക്കാണ്. ദുര്യോധനന്റെ അഹങ്കാരം, ധാര്‍ഷ്ട്യം, കുതന്ത്രങ്ങള്‍ എന്നിവ സ്വന്തം വംശത്തിന്റെ നാശത്തിലാണവസാനിച്ചതെന്നതും നമുക്കിവിടെ സ്മരിക്കാം.
ജീവജ്യോതിയുടെ ജീവിതദുരന്തങ്ങള്‍ക്ക് സമാനമായ സംഭവങ്ങള്‍ അനുഭവിക്കേണ്ടി വരുന്ന ഏതൊരു പെണ്ണിനും ജീവയുടെ ജീവിതം ഒരു ജ്യോതിസായി മാറട്ടെ.