ജീവിതത്തിന്റെ പവിഴമല്ലികള്‍

Web Desk
Posted on March 29, 2019, 7:04 pm

കെ എസ്

പവിഴമല്ലിയുടെ നറുമണം എന്ന് പേരിട്ടിട്ടുള്ള ഈ ഗ്രന്ഥത്തെ കുറേ ലേഖനങ്ങളുടെ സമാഹാരം എന്ന ധാരണയോടെയായിരിക്കും സാധാരണ വായനക്കാര്‍ മറിച്ചുനോക്കുക. സാങ്കേതികമായി വിലയിരുത്തിയാല്‍ അത് ശരിയാണുതാനും. പക്ഷേ ഈ ഗ്രന്ഥം ഇതേ കാഴ്ചപ്പാടിലൂടെ മാത്രം വായിക്കുന്നവര്‍ക്ക് തെറ്റുപറ്റി. ലേഖനത്തിന്റെ നിര്‍വചനത്തിലൊതുക്കാവുന്ന ചുരുക്കം രചനകളേ ഇതിലുള്ളു. ജീവസുറ്റ ചെറുകഥകളോട് ചേര്‍ത്തുവയ്ക്കാവുന്നതാണ് ഏറിയപങ്കും എന്ന് പറയുന്നതാവും ശരി.

ഈ ഗ്രന്ഥത്തിലെ ഒട്ടുമിക്ക രചനകളും ജീവിതവുമായി അടുത്തു ബന്ധം പുലര്‍ത്തുന്നവയാണ്. പത്രപ്രവര്‍ത്തകയും എഴുത്തുകാരിയുമായ വിമലാരാജാകൃഷ്ണന്‍ തന്റെ ജീവിതയാത്രയില്‍ കണ്ടുമുട്ടിയ ആയിരമായിരം മുഖങ്ങളില്‍ മനസില്‍ പതിഞ്ഞ മുഖങ്ങളും അനുഭവങ്ങളുമാണ് ഇതിലെ മിക്ക ലേഖനങ്ങളിലും നമുക്ക് കാണാന്‍ കഴിയുന്നത്. ജീവിതത്തിന്റെ സങ്കീര്‍ണങ്ങളായ വിചാരവികാരങ്ങളെ സൂക്ഷ്മതയോടെ നിരീക്ഷിച്ച് പുതു തലമുറയ്ക്കുള്ള മുന്നറിയിപ്പുകളായി മാറ്റുന്നു. ‘ഭയം സര്‍വത്ര ഭയം’ എന്ന രചന തന്നെ നോക്കുക. ഒരു മുത്തശ്ശിയുടെ കൊച്ചുമകളുടെ ജീവിതവുമായി ബന്ധപ്പെട്ട ഉല്‍ക്കണ്ഠയാണ് വയനക്കാരുടെ മുന്നില്‍ അവതരിപ്പിക്കുന്നത്. വായനക്കാരില്‍ വലിയൊരുത്തരവാദിത്വത്തിന്റെ ഓര്‍മകളാണ് ഈ ചെറുലേഖനം ഉണര്‍ത്തുന്നത്. കാലഘട്ടത്തിന്റെ സംഘര്‍ഷം ഇതില്‍ കാണാം.
മാതാവിന്റെ അമിതസ്‌നേഹവും അഹങ്കാരവും രണ്ട് പെണ്‍കുട്ടികളുടെ ജീവിതത്തിന്റെ അര്‍ഥം ഇല്ലാതാക്കിയതിന്റെ കഥയാണ് ‘ചിത്രശലഭം പറന്നപ്പോള്‍’ എന്ന ലേഖനത്തില്‍ പറയുന്നത്. അമിതസ്‌നേഹം ഇവിടെ ഒരു ഭാരമായി അടിച്ചേല്‍പ്പിക്കപ്പെടുകയാണ്. അതുമൂലമുണ്ടായ വിന സുന്ദരിയും സുശീലയുമായ ഗായത്രിയുടെ ജീവിതം ഉരുകുന്ന മെഴുകുതിരിയാക്കി മാറ്റുന്നു.

ഇത്തരം ഒരുപിടി അനുഭവകഥകള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് ജീവിതത്തിന്റെ അഴിയാസമസ്യകള്‍ക്ക് തന്റേതായ വീക്ഷണത്തിലൂടെ ഉത്തരം കണ്ടെത്താനാണ് എഴുത്തുകാരി ശ്രമിക്കുന്നത്. ഉപദേശിക്കലല്ല എഴുത്തുകാരുടെ ജോലി. ജീവിതസങ്കീര്‍ണതകളെ ഹൃദയത്തില്‍ തട്ടുംവിധം അവതരിപ്പിക്കുമ്പോള്‍ വായനക്കാരിലുണ്ടാകുന്ന രാസപരിണാമമാണ് എഴുത്തിന്റെ ശക്തി. ധാര്‍മികമായ ഒരടിത്തറ വായനക്കാരുടെ മനസില്‍ സൃഷ്ടിക്കാന്‍ ഈവിധത്തിലുള്ള രചനകള്‍ക്ക് കഴിയുന്നു. ആദ്യഭാഗത്തിലെ 24 രചനകളും പുതുതലമുറയ്ക്കുള്ള വഴികാട്ടികളുമാണ്.

‘നെയ്ത്തിരി വെട്ട’മെന്ന രണ്ടാം ഭാഗത്തില്‍ രചയിതാവിന്റെ സമീപനം വ്യത്യസ്തമാണ്. ആദ്യഭാഗത്ത് മനുഷ്യജീവിതത്തിന്റെ ഭൗതികമായ കാര്യങ്ങളിലേക്കാണ് വെളിച്ചം വീശിയതെങ്കില്‍ രണ്ടാം ഭാഗത്തില്‍ ആത്മീയമായ തലത്തിലേക്കാണ് എഴുത്തുകാരി വിരല്‍ചൂണ്ടുന്നത്. ഭൗതിക കാര്യങ്ങള്‍പോലെ ജീവിതത്തില്‍ ആത്മീയകാര്യങ്ങള്‍ക്കും പ്രാധാന്യമുണ്ടെന്ന് നമ്മെ ഓര്‍മിപ്പിക്കുന്നു. ആത്മീയത വഴി സങ്കീര്‍ണങ്ങളായ നിരവധി ഭൗതികപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയുമെന്ന് ഇതിഹാസ കഥകളിലൂടെ, പുരാണ കഥകളിലൂടെ വിമലാരാജാകൃഷ്ണന്‍ ഓര്‍മപ്പെടുത്തുന്നു.

ധര്‍മത്തെയും അധര്‍മത്തെയും വ്യവച്ഛേദിച്ചറിയുന്ന പക്വതയാണ് ‘ഭക്തി‘യെന്ന യാഥാര്‍ഥ്യം. സാരസമ്പന്നമായ മിത്തോളജിക്കല്‍ മുത്തുകളിലൂടെയാണ് ഇത് വെളിപ്പെടുത്തുന്നത്. ‘ജ്ഞാനത്തിലുമുണ്ട് അജ്ഞത’ എന്ന ചെറുലേഖനം തന്നെ നോക്കൂ. എല്ലാ ജ്ഞാനത്തിന്റെയും ഇരിപ്പിടമാണ് താനെന്ന് അഹങ്കരിച്ച വിദ്യാധരന്‍, വള്ളം മുങ്ങിയപ്പോള്‍ തനിക്ക് ‘നീന്തല്‍ അറിയില്ലെന്ന്’ പരിതപിക്കുന്നത് അഹങ്കാരത്തിന്റെ അര്‍ഥശൂന്യതയെയാണ് ഓര്‍മിപ്പിക്കുന്നത്. ഇത്തരം കഥകളുടെ അകമ്പടിയോടെയുള്ള ലേഖനങ്ങള്‍ വായനക്കാരില്‍ ഉണ്ടാക്കുന്ന ധാര്‍മികമായ അവബോധം ചെറുതല്ല.

ഈ ഭാഗത്തില്‍ നാല്‍പ്പത് പുരാണകഥകളാണ് ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. ഇവയെല്ലാം തന്നെ വായനക്കാരുടെ മനസില്‍ പ്രകാശം പരത്തുന്നവയാണ്. ഭാരതീയ ഇതിഹാസങ്ങളെയും മിത്തോളജിക്കല്‍ സങ്കല്‍പ്പങ്ങളെയും മഹത്വവല്‍ക്കരിക്കുന്നതിനൊപ്പം വായനയുടെ ധര്‍മം കൂടി ഇവ നിര്‍വഹിക്കുന്നു. മനസിനെ നിര്‍മലമാക്കുക എന്നതാണ് ഉത്തമസൃഷ്ടികളുടെ ലക്ഷ്യം. അരിസ്റ്റോട്ടില്‍ ഇതിനെ കഥാര്‍സിസ് എന്ന് വിശേഷിപ്പിച്ചു. നിര്‍മലീകരണമെന്ന രാസപ്രവര്‍ത്തനത്തിന് മനുഷ്യമനസിനെ പ്രേരിപ്പിക്കുന്നവയാണ് ഈ ചെറുരീതികള്‍…
മൂന്നാം ഭാഗത്തിന് ‘മത്സ്യം തൊട്ട് കൂര്‍മം വരെ’ എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്. പാരമ്പര്യത്തിന്റെ മഹത്വം തേടിയുള്ള ഒരു തീര്‍ഥാടനത്തിന്റെ ആത്മീയാനുഭവങ്ങളാണ് ഈ ഭാഗത്ത് ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. ചരിത്രത്തിലെ സുവര്‍ണ കാലഘട്ടത്തിന്റെ സാംസ്‌കാരിക സമ്പന്നത പുതിയൊരനുഭവമായി വായനക്കാരില്‍ സന്നിവേശിപ്പിക്കാന്‍ ഈ യാത്രാവിവരണത്തിന് കഴിഞ്ഞിരിക്കുന്നു.

ആന്ധ്രയിലെ പുണ്യസ്ഥലങ്ങളും ക്ഷേത്രങ്ങളും നമ്മുടെ അഭിമാനത്തെ തൊട്ടുണര്‍ത്തുന്നവയാണ്. വിമലാരാജകൃഷ്ണന്റെ മോഹമായിരുന്നു ആന്ധ്രയുടെ വിരിമാറിലൂടെ ഒരു തീര്‍ഥയാത്ര. മകളും സഹോദരനോടൊപ്പം ആന്ധ്രയിലെ ഒട്ടുമിക്ക ക്ഷേത്രങ്ങളിലും അവര്‍ പോവുകയും ആ അപൂര്‍വ അനുഭവങ്ങള്‍ നമുക്ക് പകര്‍ന്നുതരുകയുമാണ് ചെയ്യുന്നത്.

യഥാര്‍ഥത്തില്‍ ആന്ധ്രാ മഹാക്ഷേത്രങ്ങളുടെ നാടാണ്. വിജയവാഡയിലെ കനകദുര്‍ഗാ ക്ഷേത്രം, അന്നവാരത്തിലെ മഹാവിഷ്ണുക്ഷേത്രം, ദക്ഷരാമത്തിലെ മഹാദേവലിംഗ പ്രതിഷ്ഠ തുടങ്ങിയവ അപൂര്‍വ ക്ഷേത്രങ്ങളാണ്. മഹാദേവലിംഗ പ്രതിഷ്ഠയ്ക്ക് 18 അടി ഉയരമുണ്ടത്രെ.
നാഗലാപുരത്തെ ദേവനാരായണക്ഷേത്രം, മംഗളഗിരി ക്ഷേത്രം, ഉണ്ടവല്ലി ഗുഹാക്ഷേത്രം, വിജയവാഡയിലെ കനകദുര്‍ഗാക്ഷേത്രം, ദ്വാരകാതിരുമല ക്ഷേത്രം തുടങ്ങി, ചരിത്രവും പൗരാണികതയും ഇഴചേര്‍ന്നു കിടക്കുന്ന നിരവധി പുണ്യസ്ഥലങ്ങളിലൂടെയുള്ള യാത്ര വായനക്കാരില്‍ പുതിയൊരനുഭവമായി മാറുകയാണ്. ഇതിലൂടെ വലിയൊരു സംസ്‌കാരത്തിന്റെ ഓര്‍മപ്പെടുത്തല്‍ കൂടിയാണ് നടത്തിയരിക്കുന്നത്.
യാത്രാവിവരണമെന്ന ശാഖ എങ്ങനെ മനോഹരവും വിജ്ഞാനപ്രദവുമായ ഒരു സാഹിത്യാനുഭവമാക്കാമെന്ന് ഇതിലൂടെ എഴുത്തുകാരി ബോധ്യപ്പെടുത്തുന്നു.
ഓരോ ക്ഷേത്രങ്ങളുടെയും ചരിത്രവും ഭൂമിശാസ്ത്രവും ഒട്ടും മുഷിയാതെ അവതരിപ്പിക്കുന്നതിനൊപ്പം, ക്ഷേത്രനിര്‍മിതിയുടെ കലാപരമായ ഔന്നത്യവും തന്റെ രചനാശൈലിയിലൂടെ വായനക്കാര്‍ക്ക് നവ്യാനുഭവമാക്കാനും ഗ്രന്ഥകാരിക്ക് കഴിഞ്ഞിരിക്കുന്നു. നമ്മുടെ സാംസ്‌കാരിക സമ്പന്നതയിലേക്ക് പ്രകാശം പരത്തുന്ന തെളിച്ചമുള്ള ഒരു കണ്ണാടിയാണീ ഗ്രന്ഥമെന്ന് നമുക്ക് പറയാം.

എഴുത്തുകാര്‍ക്ക്, സര്‍ഗശക്തിയും വിജ്ഞാനവും, ജീവിതവീക്ഷണവും ഒരുപോലെ അനുപേക്ഷണീയമായ ഘടകങ്ങളത്രെ. അതോടൊപ്പം കടുത്ത പരിശ്രമവും ആവശ്യമാണ്. ഇതെല്ലാം ഒത്തുചേര്‍ന്ന ഒരു ഉത്തമഗ്രന്ഥമാണ് വിമലാരാജകൃഷ്ണന്റെ പവിഴമല്ലിയുടെ നറുമണമെന്ന് നമുക്ക് തറപ്പിച്ച് പറയാം.