കെ കെ ജയേഷ്

August 11, 2021, 12:55 pm

ജീവിതത്തിന്റെ തിരക്കഥ

Janayugom Online

(ചെറുകഥ)

കെ കെ ജയേഷ്

വീട്ടിൽ നിന്ന് റോഡിലേക്കിറങ്ങി അൽപ്പം വടക്കോട്ട് നടന്നാൽ കുന്നിൻ മുകളിലേക്കുള്ള വഴി തിരിയും. കച്ചവടക്കാരൻ രാഘവേട്ടന്റെ വീടുവരെയോ ആൾത്താമസമുള്ളു. പിന്നെ ചെറിയൊരു കാടാണ്. കയറ്റം കയറി മുകളിലെത്തിയാൽ പഴയ കുഞ്ഞനന്ദേട്ടന്റെ തറവാട്. കുട്ടിക്കാലത്ത് മാമ്പഴം പെറുക്കാനും കുഞ്ഞനന്ദേട്ടന്റെ മക്കളുമൊത്തെ കളിക്കാനും അമ്മ കാണാതെ കുന്നു കയറാറുണ്ടായിരുന്നു. നേരം വൈകുമ്പോൾ വടിയെടുമെടുത്ത് എന്നെയും തിരഞ്ഞ് അമ്മയുടെ ഉറഞ്ഞു തുള്ളിയുള്ളൊരു വരവുണ്ട്. കുഞ്ഞനന്ദേട്ടൻ വീട് വിറ്റ് പോയതോടെ കുറേക്കാലം ആളൊഴിഞ്ഞു കിടന്നു. വീടും സ്ഥലവും വാങ്ങിയ ഉസ്മാൻ കോയ അത് വിറ്റുകിട്ടാനുള്ള വഴിയുമന്വേഷിച്ച് കുറേക്കാലം നടന്നു. “ആളൊഴിഞ്ഞ കുന്നിൻ മുകളിലുള്ള വീട് ആര് വാങ്ങാനാണ് ഉസ്മാനേ” എന്ന നാട്ടുകാരുടെ ചോദ്യത്തിന് മുമ്പിൽ അയാൾ നിസ്സഹായനായി നിന്നു. കുറച്ചുകാലം കഴിഞ്ഞപ്പോഴാണ് വീടു വാങ്ങാനായി അയാളെത്തിയത്. നീട്ടിവളർത്തിയ നരച്ച താടിയുള്ള മെലിഞ്ഞുണങ്ങിയ ഒരാൾ.

“ആൾപ്പാർപ്പില്ലാത്ത സ്ഥലാ.. എന്തിനാ ആടപ്പോയി വീട് വാങ്ങുന്നത്’- ഉസ്മാൻ കോയയുടെ വീടിന്റെ പല കച്ചവടവും മുടക്കിയിട്ടുള്ള കച്ചവടക്കാരൻ രാഘവേട്ടൻ അയാളോടും ചോദിച്ചു. ഉസ്മാൻ കോയയോടുള്ള വിരോധം കൊണ്ടൊന്നുമല്ല. എന്തും മുടക്കി ശീലിച്ചുപോയതുകൊണ്ട് മാത്രമായിരുന്നു രാഘവേട്ടന്റെ ചോദ്യം…

താടിവളർത്തിയയാൾ കുറച്ചു നേരം ഒന്നും മിണ്ടാതെ നിന്നു. പിന്നെ “വീടെനിക്കിഷ്ടമായി” എന്നു പറഞ്ഞ് കുന്നു കയറി. താമസം തുടങ്ങിയതിന് ശേഷം അധികമൊന്നും അയാളെ നാട്ടുകാർ കണ്ടിട്ടില്ല. വൈകീട്ടെപ്പോഴെങ്കിലും രാഘവേട്ടന്റെ കടയിൽ വന്ന് സാധനങ്ങൾ വാങ്ങി മടങ്ങും. കുന്നിൻ മുകളിലെ വീട്ടിൽ അയാളൊറ്റയ്ക്ക് കഴിഞ്ഞു.

“ശ്രീധരൻ ന്നാ പേര് പറഞ്ഞത്.. വേറൊന്നും പറയാൻ അയാൾക്ക് താത്പര്യല്ല.. എല്ലാരും ഒഴിവാക്കിയതാണെന്ന് തോന്നുന്നു.. കഷ്ടം.. ലേശം വട്ടുമുണ്ടെന്നാ തോന്നുന്നത്.. പുതിയ താമസക്കാരനെപ്പറ്റിയുള്ള പരിമിതമായ അറിവുകൾ പങ്കുവെയ്ക്കുകയാണ് രാഘവേട്ടൻ. കടയിൽ കുറച്ചുപേർ കൗതുകത്തോടെ അത് കേട്ടിരിപ്പുണ്ട്. ദിവസങ്ങൾ കഴിഞ്ഞപ്പോൾ രാഘവേട്ടന്റെ പുതിയ കഥകൾ രൂപം കൊണ്ടു. ശ്രീധരനെന്ന ആൾ പഴയകാല നക്സലൈറ്റും ജയിൽവാസം അനുഭവിച്ച ആളുമായി മാറി.

“പഴയ നക്സലൈറ്റാ ട്ടോ.. രാജീവാ പോയി മുട്ടി നോക്ക് നിനക്ക് ചെലപ്പം പത്രത്തിലേക്ക് നല്ല സ്റ്റോറി കിട്ടും.. ” — രാഘവേട്ടൻ ഇടയ്ക്കിടെ ഓർമ്മപ്പെടുത്തും. പക്ഷെ അടുത്തു കണ്ടാൽ പോലും മുഖത്തുപോലും നോക്കാതെ പോവുന്ന അയാളെ പരിചയപ്പെടണമെന്ന് എനിക്ക് തോന്നിയില്ല. എന്നാൽ ഒരു ഷോർട്ട് ഫിലിം ആശയവുമായി സുഹൃത്തുക്കൾ വന്നപ്പോൾ ഷൂട്ട് നടത്താൻ കുന്നിൻ മുകളിലെ വീട് പറ്റുമെന്ന് തോന്നിയതുകൊണ്ട് അയാളെ കാണാൻ ഞാൻ കുന്നു കയറി. വീടിന്റെ പരിസരത്തെല്ലാം എന്തൊക്കെയോ പച്ചക്കറികൾ നട്ടിരിക്കുന്നു. കയറിച്ചെല്ലുമ്പോൾ കള്ളിമുണ്ടും ബനിയനുമിട്ട് കപ്പയ്ക്ക് തടമെടുക്കുകയാണ് അയാൾ. അടുത്ത് ചെന്നെങ്കിലും അയാളെന്ന ശ്രദ്ധിച്ചില്ല.

“ശ്രീധരേട്ടാ.. ” — വിളിച്ചപ്പോൾ എന്തുവേണം എന്ന ഭാവവുമായി എന്നെയൊന്ന് നോക്കി.

“ഒന്ന് പരിചയപ്പെടാൻ വന്നതാ… ”

“എനിക്കാരെയും പരിചയപ്പെടണ്ട.. ” — മുഖത്തടിച്ചതുപോലുള്ള മറുപടി. ഇറങ്ങിപ്പോയാലോ എന്നാലോചിക്കെ അയാളുടെ സ്വരം ഉയർന്നു.

“കുന്നു കയറി വന്നതല്ലേ.. വീട്ടിലോട്ടിരിക്കാം.. ”

ലീനയും ശരത്തും ഞാനുമെല്ലാം കളിച്ച് നടന്ന വീട്ടുവരാന്തയിലെ പഴയ കസേരയിൽ ഞാനിരുന്നു.

“ചായയെടുക്കെട്ടേ.. ”

“വേണ്ട ശ്രീധരേട്ടാ.. ”

“എന്തിനാ വന്നത്.. എന്തേലും ആവശ്യമില്ലാതെ ഈ കുന്ന് കയറില്ലല്ലോ… ”

ചോദിക്കേണ്ടെന്ന് കരുതിയിരുന്നെങ്കിലും ആവശ്യം ഒറ്റവാക്കിൽ അറിയിച്ചു. പറ്റില്ലെന്ന് മറുപടിയും കിട്ടിയപ്പോൾ ഞാനെഴുന്നേറ്റു. തിരിഞ്ഞു നടക്കുമ്പോൾ ശ്രീധരേട്ടൻ വിളിച്ചു

“പേര് ചോദിക്കാൻ മറന്നു’

“രാജീവൻ’

“രാജീവാ… ഒന്നും തോന്നരുത്.. എനിക്ക് ഒറ്റയ്ക്കിരിക്കാനാ ഇഷ്ടം.. അല്ലേലും സിനിമേം മറ്റുമൊന്നും എനിക്ക് താത്പര്യമില്ല.. അതോണ്ട് പറഞ്ഞതാ.. എന്നോട് ദേഷ്യം തോന്നരുത്.. ”

ഇനിയൊരിക്കലും അയാളെ കാണാൻ ആ വീട്ടിലേക്ക് പോവില്ലെന്ന് തീരുമാനിച്ചാണ് കുന്നിറങ്ങിയത്. പക്ഷേ പിറ്റേന്ന് രാവിലെ അയാൾ വീട്ടിൽ വന്ന് ഞാനെത്തിയാൽ ഒന്നു കാണമെന്ന് അമ്മയോട് പറഞ്ഞേൽപ്പിച്ച് മടങ്ങി. ” എനിക്കയാളെ കാണേണ്ട. . അയാളും അയാളുടെ ഒരു വീടും. . കെട്ടിപ്പൂട്ടിവെച്ചോട്ടോ. . ഞാനങ്ങോട്ടില്ല. . ” ഇങ്ങനെയൊക്കം അമ്മയോട് പറഞ്ഞെങ്കിലും അമ്മ നിർബന്ധിച്ചു.

“ഇവിടം വരെ വന്ന് പറഞ്ഞതല്ലേ. . ഒന്നു പോയി കണ്ടേക്ക്”

ഇരുട്ടിൽ ടോർച്ച് മിന്നിച്ച് ഞാൻ നടന്നു. വീട്ടിലെത്തിയപ്പോൾ അയാൾ എന്തോ വായിച്ചിരിക്കുകയായിരുന്നു. എന്നെ കണ്ടപ്പോൾ പുസ്തകം മാറ്റിവെച്ച് കസേരയിൽ നിന്നെഴുന്നേറ്റു.

“രാജീവാ.. സോറി.. ഞനപ്പോൾ അങ്ങിനെയൊക്കെ പറഞ്ഞുപോയി. . എന്തു ചെയ്യാനാ. . എന്റെ സ്വഭാവം ഇങ്ങിനെ ആയിപ്പോയി.… രാജീവൻ ഷോർട്ട് ഫിലിം ഇവിടെ ഷൂട്ട് ചെയ്തോ… ”

അയാൾ നീക്കിയിട്ട മരക്കസേരയിൽ ഞാനിരുന്നു. ചുമരിൽ കുറേ പഴയ ബ്ലാക്ക് ആന്റ് വൈറ്റ് ഫോട്ടോകൾ തൂക്കിയിട്ടിരിക്കുന്നു. ചിരിച്ചുകൊണ്ട് കുട്ടികൾക്കൊപ്പം നിൽക്കുന്ന മെലിഞ്ഞ യുവാവ് അയാളായിരിക്കും. അടുത്ത് പുഞ്ചിരി തൂവുന്നത് അയാളുടെ ഭാര്യയായിരിക്കും. ഫോട്ടോകൾ നോക്കിയിരിക്കെ അയാളുടെ ശബ്ദം കേട്ടു

“എന്നാ ഷൂട്ടിംഗ്… എന്താ കഥ.. രാജീവനാണോ സംവിധാനം.. ”

“തിരക്കഥ കഴിഞ്ഞിട്ടേയുള്ളു.. ഒരു ന്യൂജൻ സാധനം.. സംവിധാനവും ഞാൻ തന്നെ.. ”

“രാജീവൻ പത്രത്തിലാ ല്ലേ… ”

“അതേ.. ആരു പറഞ്ഞു. ”

അയാളൊന്നു ചിരിച്ചു. നരച്ച താടിയ്ക്കിടയിലൂടെ പല്ലുകൾ പുറത്തേക്ക് വന്നു. “കടേലെ രാഘവൻ.. അയാളെന്തൊക്കെയോ ചോദിക്കും.. ഒന്നും പറയാനില്ലാത്തോണ്ട് ഞാനിങ്ങ് പോരും.. ”

അയാളിങ്ങനെ ചിരിച്ചുകൊണ്ടിരിക്കെ ഇരുട്ടിലൂടെ ടോർച്ച് മിന്നിച്ച് ഞാൻ കുന്നിറങ്ങി. പിറ്റേന്ന് കനത്ത മഴയായിരുുന്നു. അയാളെത്തേടി വീട്ടിലെത്തിയപ്പോൾ തീരെ വയ്യാതെ അയാൾ പുതപ്പിൽ ചുരുണ്ടുകൂടി കിടക്കുന്നു. അവ്യക്തമായി എന്തൊക്കെയോ പറയുന്നു.

“രാജീവാ.. ഞാൻ ചത്താൽ പത്രത്തിൽ പടം പോലും കൊടുക്കരുത് ട്ടോ… അത് കണ്ടിട്ടുപോലും ആരും എന്നേം തിരഞ്ഞ് വരരുത്.. ”

ഡോക്ടറെ കാണം എന്ന് പറഞ്ഞെങ്കിലും അയാൾ വേണ്ടെന്ന് പറഞ്ഞ് ഒഴിഞ്ഞു.

“ആരുമറിയാതെ.. ആരെയും അറിയാതെ ഈ കുന്നിലിങ്ങനെ കഴിയുന്നത് എന്ത് രസമാണെന്നറിയുമോ… ബന്ധങ്ങളുടെ വേരുകളില്ലാതെ സ്വസ്ഥമായി ഇവിടെങ്ങിനെ… പതിയെ ഇങ്ങനെ കിടന്നങ്ങ് കണ്ണടക്കും.. ആ ശ്രീധരൻ ചത്തെന്ന് നിങ്ങൾ ചിലപ്പോൾ പറയും… ഏത് ശ്രീധരൻ… എവിടുത്തെ ശ്രീധരൻ.… ”

അയാളെന്തൊക്കെയോ പുലമ്പിക്കൊണ്ടിരുന്നു. പുറത്ത് ശക്തമായ മഴയാണ്.. ഇടിവാളുകൾ ആഴ്ന്നിന്നിറങ്ങുമ്പോൾ അയാൾ പുതപ്പിലേക്ക് ഒന്നുകൂടെ ചുരുണ്ടു.

“ശ്രീധരേട്ടന് ഫോണില്ലേ… ”

“ഓ എനിക്ക് ആരെ വിളിക്കാനാണ്.. എന്നെയും ആരും വിളിക്കാനില്ല… ”

ശക്തമായ ഒരിടിയ്ക്കൊപ്പം കറണ്ടും പോയി. ഇരുട്ടിൽ അയാളുടെ ശബ്ദം കേട്ടു.

“രാജീവാ.…. ഇരുട്ടിനെ എനിക്ക് പേടിയാണ്… ഞാൻ വെളിച്ചവും വെച്ചാ കിടക്കാറുള്ളത്..

ഇരുട്ടിൽ വിളക്ക് കാണാത്തതുകൊണ്ട് വെളിച്ചം വരുന്നതുവരെ ഞാൻ ശ്രീധരേട്ടന്റെ അടുത്തിരുന്നു.

“ശ്രീധരേട്ടന്റെ കുടുംബക്കാരൊക്കെ.. ”

“എല്ലാരുമുണ്ടായിരുന്നു.. ഇപ്പോൾ ആരുമില്ല.. ” പുതുപ്പിനടയിൽ നിന്ന് ചെറിയൊരു ശബ്ദത്തിൽ ശ്രീധരേട്ടൻ പറഞ്ഞു.

കറണ്ട് വന്നപ്പോൾ പുതുപ്പു നീക്കി ശ്രീധരേട്ടൻ എഴുന്നേറ്റിരുന്നു.

“ശ്രീധരേട്ടൻ വിശ്രമിച്ചോളൂ. . ഞാനിറങ്ങട്ടെ. . ”

ടോർച്ചും മിന്നിച്ച് കുന്നിറങ്ങുമ്പോൾ ശ്രീധരേട്ടൻ വിളിച്ചു പറഞ്ഞു.

“രാജീവാ.. നിന്റെ സ്ക്രിപ്റ്റ് ഒന്നു തരണേ.. ഞാനൊന്ന് വായിച്ചു നോക്കട്ടെ.. ”

സിനിമയോട് താത്പര്യമില്ലാത്ത ശ്രീധരേട്ടന് സ്ക്രിപ്റ്റ് വായിക്കാനുള്ള താത്പര്യം ഇപ്പോൾ എങ്ങിനെ വന്നുവെന്ന സംശയത്തോടെയായിരുന്നു ഞാൻ വീട്ടിലേക്ക് നടന്നത്. പിറ്റേന്ന് സ്ക്രിപ്റ്റുമായി വീട്ടിലെത്തിയപ്പോൾ തലേന്നത്തെ അവശതയൊന്നും ശ്രീധരേട്ടനിൽ കണ്ടില്ല. ചന്ദനക്കളർ ഷർട്ടും മുണ്ടും ധരിച്ച് പുഞ്ചിരിച്ച് ചാരുകസേരയിൽ ഇരിക്കുന്നു.

“അസുഖം കുറവുണ്ടോ ശ്രീധരേട്ടാ. . ഒറ്റയ്ക്ക് ഇങ്ങനെ കഴിയണോ. . സഹായത്തിനെങ്കിലും ആരെയെങ്കിലും വിളിച്ചൂടെ ”

” ഓ. . അസുഖമൊക്കെ വരും പോകും. . അതൊക്കെ ആരു ശ്രദ്ധിക്കുന്നു. സഹായിക്കാനൊക്കെ പണ്ട് കുറേപ്പേർ ഉണ്ടായിരുന്നു. . ഇനി ആരും വേണ്ട… എന്നെത്തിരഞ്ഞ് വരാൻ നീയുണ്ടല്ലോ രാജീവാ… നിന്റെ ഷൂട്ടിംഗ് കഴിയുന്നതുവരെയെങ്കിലും നീ വരുമല്ലോ. . അതുമതി”

സ്ക്രിപ്റ്റ് ഏൽപ്പിച്ചപ്പോൾ ശ്രീധരേട്ടൻ എന്നെ നോക്കി ഒന്നു ചിരിച്ചു. പിന്നെ സ്ക്രിപ്റ്റ് മേശപ്പുറത്തേക്ക് വെച്ച് ഗൗരവഭാവം കൈവരിച്ചു.

“അഭിപ്രായം ഞാൻ വെട്ടിത്തുറന്ന് പറയും. . അതിൽ നീരസമൊന്നും തോന്നരുത്”

“ഹേയ്. . എനിക്ക് സത്യസന്ധമായ അഭിപ്രായമാണ് വേണ്ടത്. . ”

“സിനിമാക്കാർക്ക് സത്യം കേൾക്കാൻ താത്പര്യമില്ല. . അവർക്ക് ഇഷ്ടം സ്തുതിപാടുന്നവരെയാണ്. . രാജീവനും അങ്ങിനെയാണെന്ന് കരുതിയാ ആദ്യം തന്നെ കാര്യം പറഞ്ഞത്. . ”

ഗൗരവം വെടിഞ്ഞ് ശ്രീധരേട്ടൻ വീണ്ടും ചിരിക്കാൻ തുടങ്ങി. മഴ ചാറിത്തുടങ്ങിയപ്പോൾ യാത്ര പറഞ്ഞ് ഇറങ്ങി. കീറിത്തുടങ്ങിയ കുടയുമായി ശ്രീധരേട്ടൻ പിന്നാലെ വന്നെങ്കിലും വേണ്ടെന്ന് പറഞ്ഞ് വേഗത്തിൽ നടന്നു. സ്ക്രിപ്റ്റ് വായിക്കാൻ കൊടുത്തതുമുതൽ ശ്രീധരേട്ടൻ എന്തുപറയുമെന്ന ആകാംക്ഷയായിരുന്നു. സിനിമയോട് താത്പര്യമില്ലാത്ത ഒരാൾ എന്ത് അഭിപ്രായമായിരിക്കും പറയുകയെന്ന് പലവട്ടം ചിന്തിച്ചു. കടയിൽ സാധനങ്ങൾ വാങ്ങാൻ വരുമ്പോൾ പല തവണ ശ്രീധരേട്ടനെ കണ്ടെങ്കിലും ഒരു ചിരിയിലും മൂളലിലും എല്ലാമൊതുക്കി അദ്ദേഹം നടന്നുമറഞ്ഞു. ഒടുവിൽ വീട്ടിലേക്ക് നേരിട്ട് ചെന്ന് ചോദിച്ചു.

“സോറി രാജീവാ.. ഞാനിന്നലെയാ വായിച്ചത്.. അഭിപ്രായം തുറന്നു പറയട്ടെ.. ”

ഒരു ഗ്ലാസ് കടുപ്പത്തിലുള്ള കട്ടൻചായ എനിക്ക് നേരെ നീട്ടി ശ്രീധരേട്ടൻ ചോദിച്ചു.

“പറയാം.. ശ്രീധരേട്ടന് തോന്നിയത് പറയാം.. ”

ശ്രീധരേട്ടന്റെ മറുപടിയിൽ കുറച്ചു നീരസം പ്രകടിപ്പിച്ചുതന്നെയാണ് വീട്ടിലേക്ക് മടങ്ങിയത്. വായിച്ച സുഹൃത്തുക്കളൊക്കെ നല്ല അഭിപ്രായം പറഞ്ഞ തിരക്കഥയാണ്. എന്നാൽ പലയിടത്തും ആശയക്കുഴപ്പങ്ങളും അവ്യക്തതകളുമുണ്ടെന്നാണ് ശ്രീധരേട്ടൻ പറഞ്ഞത്. പറയനുദ്ദേശിച്ച കാര്യം കൃത്യമായി പറയാൻ സാധിക്കുന്നില്ലെന്ന് ശ്രീധരേട്ടൻ മുഖത്തടിച്ചതുപോലെ പറഞ്ഞപ്പോൾ തിരക്കഥയും മടക്കി വാങ്ങി കുന്നിറങ്ങിയതാണ്. ഇനി അയാളെ കാണാൻ പോകില്ലെന്നും ഷൂട്ടിംഗിന് വേറെ വീട് അന്വേഷിക്കാമെന്നും സുഹൃത്തുക്കളോട് പറയുകയും ചെയ്തു

“അയാൾക്കെന്തറിയാം.. സാജൻ മാഷടക്കം നല്ലത് പറഞ്ഞ സ്ക്രിപ്റ്റല്ലേ.. എന്നിട്ടാണ് ഒട്ടും നോർമലല്ലാത്ത ഒരാളുടെ അഭിപ്രായവും കേട്ട് നീ വിഷമിക്കുന്നത്.. ആ വട്ടനോട് പോകാൻ പറ.. ”

പാടത്തിന്റെ കരയിലിരുന്ന് ഒരു പെഗ് റം എനിക്കു നേരെ നീട്ടി സിദ്ധാർത്ഥൻ പറഞ്ഞു. എവിടുന്നോ അധിക വില കൊടുത്ത് അവൻ വാങ്ങിക്കൊണ്ടുവന്ന വില കുറഞ്ഞ റം കണ്ണടച്ച് ഒറ്റവലിക്ക് അകത്താക്കി. ലഹരി പിടിമുറുക്കിയപ്പോൾ മനസ്സിൽ നിറയെ ശ്രീധരേട്ടനോടുള്ള ദേഷ്യമായിരുന്നു. വീട്ടിലെത്തി നേരെ മുറിയിലേക്ക് ചെന്ന് കട്ടിലിലേക്ക് വീണു.

“ഇന്നും കുടിച്ചിട്ടുണ്ടല്ലേ… നിന്നോട് എത്ര പറഞ്ഞു കുടിക്കരുതെന്ന്. . നീയെന്താ രാജീവാ ഇങ്ങനെയായിപ്പോയത്… അച്ഛന്റെ കാര്യം നിനക്ക് ഓർമ്മയുണ്ടല്ലോ.… ”

അമ്മ പതിവുപോലെ കരച്ചിലാരംഭിച്ചു. “ഇത് വല്ലാത്ത ശല്യമായല്ലോ. . ” എന്നും പറഞ്ഞ് പുതപ്പിനുള്ളിലേക്ക് ചൂഴ്ന്നിറങ്ങുമ്പോൾ ” എന്തേലും കഴിച്ചിട്ട് കിടക്ക് മോനേ” എന്ന് അമ്മ പറയുന്നത് കേട്ടു.

രാത്രി വൈകി ഞെട്ടിയുണർന്നപ്പോൾ അമ്മ കട്ടിലിൽ അടുത്തിരിപ്പുണ്ട്. . നേർത്ത വിതുമ്പലുകളോടെ അവർ എന്നെ ചേർത്തുപിടിക്കുന്നു.

“സോറി. . അമ്മേ. . ഇനിയിങ്ങനെ ഉണ്ടാവില്ല. . അമ്മ പോയ് കിടന്നോളൂ. . ”

അമ്മ പതിയെ എഴുന്നേറ്റ് മുറിക്കു പുറത്തേക്ക് പോയി. ജനലഴി പിടിച്ച് പുറത്തെ ഇരുട്ടിലേക്ക് നോക്കി നിന്നു. ശ്രീധരേട്ടൻ പറഞ്ഞ കാര്യങ്ങൾ ശരിയാണെന്ന് തോന്നുകയാണ്. ആലോചിച്ചു നോക്കുമ്പോൾ തിരക്കഥകൾ എന്തൊക്കെയോ അവ്യക്തതകൾ അനുഭവപ്പെടുന്നു. വിനയൻ ആത്മഹത്യ ചെയ്യാനുള്ള കാരണങ്ങൾ പ്രേക്ഷകന് ഉൾക്കൊള്ളാൻ സാധിക്കുമോ എന്ന ശ്രീധരേട്ടന്റെ ചോദ്യം മനസ്സിൽ മുഴങ്ങിക്കൊണ്ടിരിക്കുന്നു. ക്ലൈമാക്സിൽ ഉൾപ്പെടെ എന്തൊക്കെയോ പാകപ്പിഴകൾ.

പിറ്റേന്ന് കടയിൽ വെച്ച് ശ്രീധരേട്ടനെ കണ്ടപ്പോൾ കഥയിൽ ചില നിർദ്ദേശങ്ങൾ പറഞ്ഞു. സ്വീകരിക്കാൻ പറ്റുമെങ്കിൽ സ്വീകരിക്കാമെന്ന് പറഞ്ഞ് പതിവിനു വിപരീതമായി മൂളിപ്പാട്ടും പാടി അദ്ദേഹം നടന്നു. ശ്രീധരേട്ടൻ പറഞ്ഞ തിരുത്തലുകളിലൂടെ സഞ്ചരിച്ചപ്പോൾ കഥയും കഥാപാത്രങ്ങളും പുതിയ സാധ്യതകളിലേക്ക് കയറിപ്പോകുന്നത് തിരിച്ചറിയുന്നു.

പിറ്റേന്ന് ശ്രീധരേട്ടന്റെ അഭിപ്രായങ്ങൾ ശരിവെച്ച് ഞാനദ്ദേഹത്തിന്റെ മുന്നിലിരുന്നു. .

“രാജീവാ. . നിന്റെ കഥയിലെ വിനയനേക്കാൾ പ്രശ്നങ്ങൾ എനിക്കുണ്ട്. . ആത്മഹത്യ ചെയ്യണമെന്ന് പലവട്ടം ചിന്തിച്ചതാ. . പിന്നെ വേണ്ടെന്നു വെച്ചു… ” ശ്രീധരേട്ടൻ ഒരു ബീഡിയെടുത്ത് പുകച്ചു. പിന്നെ അകത്തുപോയി ഒരു ഒട്ടിച്ച കവറുമായി തിരിച്ചുവന്നു. “രാജീവാ.. എന്റെയൊരു സുഹൃത്ത് ഷാനവാസ് എഴുതിയ തിരക്കഥയാ.. ആളു മരിച്ചുപോയി.. നിന്റെ ഷോർട്ട് ഫിലിമിന്റെ ഷൂട്ട് കഴിഞ്ഞ് സമയമുള്ളപ്പോൾ വായിച്ചു നോക്ക്.. അതിനു മുമ്പെങ്ങാൻ ഞാൻ മരിച്ചുപോയാൽ നിനക്ക് ഉപകാരപ്പെടും.. ”

ചാരുകസേരയിലിരുന്ന് ശ്രീധരേട്ടൻ പഴയ റേഡിയോ എടുത്ത് ട്യൂൺ ചെയ്യാൻ തുടങ്ങി. പാട്ടും വാർത്തകളുമെല്ലാം ഇടകലർന്ന ശബ്ദമുണ്ടാക്കി റേഡിയോ പിന്നെ നിശബ്ദമായി. കുറച്ചു നേരം തിരിച്ചു നോക്കിയ ശേഷം “ഇത് ചത്തെന്നു തോന്നുന്നു” എന്നും പറഞ്ഞ് അയാളത് മേശപ്പുറത്തുവെച്ചു.

“രാജീവാ ഞാനിന്ന് നിന്റെ അമ്മയെ കണ്ടിരുന്നു. അമ്മ കുറേ കാര്യങ്ങൾ പറഞ്ഞു. . മദ്യപാനമൊക്കെ ഒന്ന് കുറയ്ക്കണം. . നിനക്ക് നല്ലൊരു ഭാവിയുണ്ട്. . നിന്റെ തിരക്കഥയിൽ ഞാനത് കാണുന്നു. . നിന്റെ വിനയനെപ്പോലെ നീയെല്ലാം ഇല്ലാതാക്കരുത്… അമ്മയ്ക്ക് നീ മാത്രേയുള്ളു. . രാജീവാ.. എഴുതുന്ന തിരക്കഥ മാത്രം നന്നായിട്ട് കാര്യമില്ല. ജീവിതത്തിന്റെ തിരക്കഥ പാളിപ്പോവാതിരിക്കാൻ ശ്രദ്ധിക്കണം. ”

മദ്യപിച്ച കഥയെല്ലാം അടുത്തു മാത്രം പരിചയപ്പെട്ട ശ്രീധരേട്ടനോട് പറഞ്ഞ അമ്മയോടുള്ള ദേഷ്യവുമായാണ് വീട്ടിൽ വന്നു കയറിയത്.

” അമ്മയെന്തിനാ. . എല്ലാ കാര്യവും കണ്ടവരോടെല്ലാം വിളമ്പാൻ പോകുന്നത്. . വെറുതെ നാണം കെടുത്താൻ… ”

അമ്മയൊന്നും പറയാതെ ടി വിയിലെ സീരിയലും നോക്കിയിരുന്നു. അകത്തു കയറി ശ്രീധരേട്ടന്റെ കവർ പൊട്ടിച്ചു നോക്കാൻ ആഗ്രഹിച്ചെങ്കിലും പിന്നെ വേണ്ടെന്നു വെച്ചു. ശ്രീധരേട്ടൻ പറയുമ്പോൾ മാത്രമെ പൊട്ടിച്ചു നോക്കുകയുള്ളുവെന്ന ഉറപ്പിലാണ് അത് വാങ്ങിയത്. പിറ്റേന്ന് ഓഫീസിലെ അലമാരയിൽ വെച്ച് പൂട്ടിയ കവറിന്റെ കാര്യം പിന്നീടെപ്പോഴോ മറന്നുപോയി. അതിനിടയിലാണ് പറമ്പിൽ തളർന്നുവീണ ശ്രീധരേട്ടനെ സിദ്ധാർത്ഥനെല്ലാം ചേർന്ന് നഗരത്തിലെ ആശുപത്രിയിലെത്തിച്ചത്.

“കുന്നിൻ മുകളിൽ മദ്യപിക്കാനായി പോയപ്പോഴാണ് ശ്രീധരേട്ടൻ വീണു കിടക്കുന്നത് കണ്ടത്. . എടുക്കുമ്പോൾ ബോധമൊന്നും ഇല്ലായിരുന്നു. . ആശുപത്രിയിലെത്തി ബോധം വീണപ്പോൾ നിന്നെ കാണണംന്നാ പറഞ്ഞത്”

സിദ്ധാർത്ഥൻ വിളിച്ചുപറഞ്ഞപ്പോൾ നേരെ നഗരത്തിലെ സി എം ആശുപത്രിയിലേക്ക് ചെന്നു. മുറിയിൽ സിദ്ധാർത്ഥനോട് എന്തോ പറഞ്ഞിരിക്കുകയാണ് ശ്രീധരേട്ടൻ. കണ്ടപാടെ കൈകൾ കൂട്ടിപ്പിടിച്ചു.

“രാജീവാ.. ഇനി അധിക നാളുകൾ ഞാനുണ്ടാവുമെന്ന് തോന്നുന്നില്ലെടാ.. ആ വീടും സ്ഥലവും അന്വേഷിച്ച് ആരെങ്കിലും വരും.. വരാതിരിക്കില്ല.. ” — ആശുപത്രിക്കിടക്കിയിൽ കിടന്ന് ശ്രീധരേട്ടൻ വിറയാർന്ന സ്വരത്തിൽ പറഞ്ഞു. ആശ്വസിപ്പിക്കലുകൾക്ക് മുമ്പിൽ അയാളൊരു കൊച്ചു കുഞ്ഞിനെപ്പോലെ വിതുമ്പി.

“മരിക്കും വരെ എന്നെ ആരും തിരിച്ചറിയരുത്.. ആര് അന്വേഷിച്ചാലും എന്നെക്കുറിച്ച് പറയരുത്.. “എത്ര നല്ല തിരക്കഥയെഴുതിയിട്ടും കാര്യല്ലടാ.. ജീവിതത്തിന്റെ തിരക്കഥ പാളിയാൽ എല്ലാം തീർന്നു”.. അയാൾ എന്നെ കെട്ടിപ്പിടിച്ച് കരഞ്ഞുകൊണ്ടിരുന്നു. മരുന്നുകളുമായി നഴ്‌സ് മുറിയിലേക്ക് വന്നപ്പോൾ കരച്ചിൽ നിർത്തി നേഴ്സിനെ നോക്കി പുഞ്ചിരിച്ചു.

“ഇനി മരുന്നൊന്നും വേണ്ട സിസ്റ്ററെ. . മോളിലോട്ട് വിളി വന്നു കഴിഞ്ഞു”

.… .… .… .… .… .… . .

പിറ്റേന്ന് ഓഫീസിലിരുന്ന് കലക്ടറുടെ പത്രസമ്മേളനം ടൈപ്പ് ചെയ്യുമ്പോഴാണ് ബ്യൂറോ ചീഫ് സദാനന്ദേട്ടൻ അടുത്തേക്ക് വന്നത്.

“രാജീവാ.. ദേശീയ അവാർഡ് നേടിയ ഒരു തമിഴ് സംവിധായകൻ മരിച്ചിട്ടുണ്ട്.. ആള് മലയാളിയാണ്.. ആളെപ്പറ്റി നെറ്റിലൊന്നും കാര്യമായ വിവരങ്ങളില്ല. ഇവിടെ എവിടെയോ ആയിരുന്നു കുറച്ചു നാളായി താമസം.. കഴിഞ്ഞ ദിവസം ആശുപത്രിയിൽ വെച്ച് നമ്മുടെ സിനിമാ പി ആർ ഒ ശിവൻ ആളെ കണ്ടിരുന്നു.. ഇവിടെയുള്ള കാര്യം ആരെയും അറിയിക്കരുതെന്ന് അദ്ദേഹം പറഞ്ഞതുകൊണ്ട് ശിവൻ വിവരം പുറത്തുപറഞ്ഞതുമില്ല.. മൃതദേഹം സി എം ആശുപത്രിയിലാ.. നീ ഫോട്ടോഗ്രാഫറേം കൂട്ടി അവിടെ വരെ ഒന്നു പോയി നോക്ക്.. ശിവനെ ബന്ധപ്പെട്ടാ കുറച്ചു വിവരങ്ങൾ കിട്ടും ”

സദാനന്ദേട്ടൻ മേശയിൽ താളമിട്ട് എനിക്കടുത്ത് നിന്നു.

“എന്താണ് സാർ ആളുടെ പേര്.. ”

“ഷാനവാസ്.. ആദ്യ തമിഴ് പടത്തിന് മികച്ച സംവിധായകനുള്ള ദേശീയ അവാർഡ് നേടിയ ആളാ.. നാലേ നാലു പടങ്ങളേ എടുത്തുള്ളു.. നാലും ഗംഭീരം.. കുറേക്കാലായി കക്ഷിയെപ്പറ്റി ഒരു വിവരവും ഇല്ലായിരുന്നു. സിനിമയല്ലേ.. ഫീൽഡിൽ ഇല്ലേൽ എല്ലാവരും മറക്കും.. ”

ഷാനവാസ് എന്ന സംവിധായകനെപ്പറ്റി ഞാനും ആദ്യമായി കേൾക്കുകയാണ്. പക്ഷെ അദ്ദേഹത്തിന്റെ സിനിമകളെപ്പറ്റി സദാനന്ദേട്ടൻ പറഞ്ഞപ്പോൾ ഞാൻ അദ്ഭുതപ്പെട്ടു. വർഷങ്ങൾക്ക് മുമ്പ് സാജൻ മാഷുടെ വീട്ടിൽ വെച്ച് വീഡിയോ കാസറ്റിട്ട് കണ്ട അൻപേ ഉനക്കാകെ എന്ന സിനിമയിലെ രംഗങ്ങൾ മനസ്സിലേക്ക് വരുന്നു. ഈ സിനിമയ്ക്ക് ദേശീയ പുരസ്ക്കാരം ലഭിച്ചപ്പോൾ അത് വാങ്ങാൻ പോലും ഷാനവാസ് പോയില്ലെന്നാണ് സദാനന്ദേട്ടൻ പറഞ്ഞത്. പെട്ടന്നാണ് ശ്രീധരേട്ടൻ സുഹൃത്ത് ഷാനവാസ് എഴുതിയ തിരക്കഥയാണെന്ന് പറഞ്ഞ് തന്ന കവറിനെക്കുറിച്ച് ഓർത്തത്.

സദാനന്ദേട്ടൻ ക്യാബിനിലേക്ക് പോയപാടെ ഞാൻ മേശവലിപ്പ് തുറന്നു കവർ പുറത്തെടുത്തു. തുന്നിക്കൂട്ടിയ ഒരു കെട്ട് പഴയ കടലാസ്. ജീവിതത്തിന്റെ തിരക്കഥയിലൂടെ കടന്നുപോകുമ്പോൾ പരാജിതനായ ഒരു സംവിധായകനെ കണ്ടു. അയാൾക്ക് ശ്രീധരേട്ടന്റെ മുഖഭാവം കൈവന്നു. തിരക്കഥയ്ക്കൊപ്പമുണ്ടായിരുന്ന ഷാനവാസെന്ന സംവിധായകനെപ്പറ്റി പ്രസിദ്ധീകരിച്ച കുറേ പത്രക്കട്ടിംഗുകൾ നിലത്തേക്ക് പറന്നുവീണു. അൻപേ ഉനക്കാകെയുടെ സെറ്റിൽ നായകൻ ഭാസ്ക്കറിനും നായിക ശാന്തിക്കുമൊപ്പം നിൽക്കുന്ന സുന്ദരനായ സംവിധായകൻ ഷാനവാസ്. അല്ല എന്റെ ശ്രീധരേട്ടൻ. അൻപേ ഉനക്കാകെയ്ക്ക് ദേശീയ പുരസ്ക്കാരം കിട്ടിയ തമിഴ് ‑ഇംഗ്ലീഷ് പത്രത്തിലെ വാർത്തകൾ.. നിലത്തുവീണ കടലാസു കൂട്ടങ്ങൾ വാരിക്കൂട്ടി ബ്യൂറോ ചീഫിന്റെ ക്യാബിനിലേക്ക് കയറിച്ചെന്നു.

“സാർ.. വിവരങ്ങൾ എന്റേലുണ്ട്.. ”

കടലാസു കെട്ട് തുറന്നുനോക്കുമ്പോൾ സദാനന്ദേട്ടന്റെ മുഖത്ത് പ്രകാശം പരക്കുന്നുണ്ടായിരുന്നു. ഇത്രയും നേരം ഇന്റർനെറ്റിൽ പരതിയിട്ടും കിട്ടാത്ത വിവരങ്ങളാണ് അദ്ദേഹത്തിന് മുമ്പിൽ.

“എത്ര നല്ല സിനിമയെടുത്ത ആളാ… പക്ഷെ രാജീവാ.. അയാളുടെ ജീവിതം തീർത്തും അവിശ്വസനീയവും ആശയക്കുഴപ്പം നിറഞ്ഞതുമായിരുന്നു. ഭാര്യേം ഒരു മോനുമുണ്ടെന്ന് കേട്ടിരുന്നു. അവരൊക്കെ ഇപ്പോൾ എവിടെയാണാവോ.… ”

സദാനന്ദേട്ടൻ എന്തൊക്കെയോ പറയുന്നുണ്ട്.. ഒന്നും കേൾക്കാൻ തോന്നിയില്ല.. ജീവിതത്തിന്റെ തിരക്കഥയും എടുത്ത് മുറിക്ക് പുറത്തിറങ്ങി ഒരു സിഗരറ്റിന് തീ കൊളുത്തി. അപ്പോഴാണ് മൊബൈൽ ശബ്ദിച്ചത്. അമ്മയാണ്.

“മോനേ.. നീയറിഞ്ഞോ.. ശ്രീധരേട്ടൻ മരിച്ചുപോയെന്ന്.. ഇവിടേക്ക് കൊണ്ടുവര്വോന്ന് അറീല്ല.. ബന്ധക്കാര് ആരെങ്കിലും ഉണ്ടോ ആവോ.. ആർക്കറിയാം.. ”

വിവരം അറിഞ്ഞെന്നുപറഞ്ഞ് ഫോൺ വെച്ചു.

ഫോട്ടോഗ്രാഫർ രാജീവന്റെ ബൈക്കിന് പിന്നിൽ സി എം ഹോസ്പിറ്റലിലേക്ക് പോകുമ്പോൾ മൊബൈൽ എടുത്ത് വാട്സ് ആപ്പ് നോക്കി. പത്രക്കാരുടെ ഗ്രൂപ്പിൽ ഷാനവാസ് എന്ന സംവിധായകനെക്കുറിച്ചുള്ള അന്വേഷണമാണ്. മരിക്കുന്നതുവരെ തന്നെ ആരുമറിയരുതെന്നേ ശ്രീധരേട്ടൻ പറഞ്ഞുള്ളു. ഷാനവാസ് ഇവിടെയുണ്ടായിരുന്നെന്ന് എല്ലാവരും അറിയണം. അവർക്ക് മുമ്പിൽ ആ ജീവിതത്തിന്റെ തിരക്കഥ തിരക്കഥ തുറന്നുവെക്കുകയാണ് ഞാൻ.

.….….….……

സമർപ്പണം:

പ്രശസ്തിയുടെ ഉയരങ്ങളിൽ നിന്ന് എല്ലാമുപേക്ഷിച്ച് മാറിനടന്ന പി എസ് നിവാസ് എന്ന ഛായാഗ്രാഹകന്. പതിനാറ് വയതിനിലെ, കിഴക്കേ പോകും റെയിൽ, സികപ്പു റോജാക്കൾ തുടങ്ങിയ തമിഴ് ചിത്രങ്ങളുടെയും റെഡ് റോസ് എന്ന ഹിന്ദി ചിത്രത്തിന്റെയും ലിസ ഉൾപ്പെടെയുള്ള മലയാള സിനിമകളുടെയും ക്യാമറാമാൻ. മോഹിനിയാട്ടത്തിലൂടെ അദ്ദേഹത്തിന് ഛായാഗ്രഹണത്തിന് ദേശീയ പുരസ്ക്കാരം ലഭിച്ചു. കല്ലുക്കൾ ഈറം, നിഴൽ തേടും നെഞ്ചങ്ങൾ, സെവന്തി തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്തു. കോഴിക്കോട് നടക്കാവ് സ്വദേശിയായ ഇദ്ദേഹം സിനിമയുടെ ലോകം ഉപേക്ഷിച്ച് ഒടുവിൽ ജന്മനാട്ടിൽ തിരിച്ചെത്തി. ഈങ്ങാപ്പുഴയിൽ ഒരു വീടുവെച്ച് ശ്രീനിവാസ് എന്ന പേരിൽ ആരുമറിയാതെ ഏകാന്തവാസം നയിക്കുന്നതിനിടെയാണ് രക്താർബുധ ബാധിതനാവുന്നത്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുമ്പോഴും താനാരാണെന്ന് വെളിപ്പെടുത്തേണ്ടതില്ലെന്ന നിലപാടിലായിരുന്നു ഈ അതുല്യപ്രതിഭ. മരണ ശേഷം മെഡിക്കൽ കോളെജ് പെയിൻ ആന്റ് പാലിയേറ്റീവ് ഇൻസ്റ്റിറ്റ്യൂട്ട് വൈസ് ചെയർപേഴ്സൺ എ വി ലീന വെളിപ്പെടുത്തിയപ്പോൾ മാത്രമായിരുന്നു മാധ്യമങ്ങൾ പോലും ഇത്തരമൊരാൾ താമരശ്ശേരിക്കടുത്ത് ഈങ്ങാപ്പുഴയിൽ താമസിച്ചിരുന്നു എന്നറിഞ്ഞത്.