ലോകത്തിലെ ഏറ്റവും വലിയ ധനികനെന്ന പദവി ജെഫ് ബെസോസിന് നഷ്ടമായി

Web Desk
Posted on October 25, 2019, 3:21 pm

സിയാറ്റില്‍: ആമസോണ്‍ സ്ഥാപകനും സിഇഒയുമായ ജെഫ് ബെസോസിന് ലോകത്തിലെ ഏറ്റവും വലിയ ധനികനെന്ന പദവി നഷ്ടമായി. സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാംപാദത്തില്‍ ആമസോണിന്റെ ഓഹരികളില്‍ വന്‍ ഇടിവുണ്ടായതോടെയാണ് ഇത്.

ആമസോണിന്റെ ഓഹരികളുടെ മൂല്യത്തില്‍ എഴ്‌നൂറ് കോടിയോളം ഡോളറിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. ഇതോടെ ബില്‍ഗേറ്റ്‌സിന് വീണ്ടും ലോകത്തെ ഏറ്റവും വലിയ പദവി ലഭിച്ചിരിക്കുകയാണ്. ഈ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതോടെ ആമസോണിന്റെ ഓഹരികളില്‍ വീണ്ടും ഇടിവുണ്ടായി. ഏഴ് ശതമാനം ഇടിവാണ് വിപണിയില്‍ ഉണ്ടായിരിക്കുന്നത്. ഇതോടെ ബെസോസിന്റെ വരുമാനം 103.9 ബില്യനായി. എന്നാല്‍ മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ഗേറ്റ്‌സിന്റെ ആസ്തിയിപ്പോള്‍ 105.7 ബില്യനാണ്.

2018ലാണ് 24 വര്‍ഷം ലോകത്തിലെ ഏറ്റവും വലിയ പണക്കാരനായിരുന്ന ബില്‍ ഗേറ്റ്‌സിനെ പിന്തള്ളി ബെസോസ് ആ സ്ഥാനം സ്വന്തമാക്കിയത്. 160 ബില്യന്‍ ഡോളറിന്റെ ആസ്തിയാണ് അന്ന് അദ്ദേഹത്തിന് ഉണ്ടായിരുന്നത്.
ആമസോണിന് മൂന്നാം പാദത്തില്‍ 26ശതമാനം നഷ്ടമാണ് ഉണ്ടായത്. 2017ന് ശേഷം ആദ്യമായാണ് കമ്പനിക്ക് ഇത്രവലിയ നഷ്ടമുണ്ടായതെന്നും ഫോബ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
വ്യാഴാഴ്ച നടന്ന വ്യാപാരത്തില്‍ ആമസോണിന്റെ ഒരു ഓഹരിക്ക് 1,624 ഡോളറിന്റെ നഷ്ടമാണ് ഉണ്ടായത്.

1987ല്‍ ഫോബ്‌സ് പട്ടികയില്‍ ഇടം നേടിയ ആദ്യ ശതകോടീശ്വരനാണ് ബെസോസ്. 1.25 കോടി ബില്യനായിരുന്നു അന്ന് അദ്ദേഹത്തിന്റെ ആസ്തി. ആമസോണ്‍ കമ്പനി സ്ഥാപിച്ച് ഒരു വര്‍ഷത്തിന് ശേഷം 1998ല്‍ അമേരിക്കയിലെ നാനൂറ് ധനികരുടെ പട്ടികയില്‍ ബെസോസ് ഇടം നേടിയിരുന്നു. അന്ന് 1.6 ബില്യനായിരുന്നു കമ്പനിയുടെ ആസ്തി.

ഏപ്രിലില്‍ ബെസോസ് ദമ്പതിമാര്‍ പിരിഞ്ഞതോടെ ലോകത്തിലെ ഏറ്റവും വലിയ വിവാഹമോചന ഉടമ്പടിയാണ് നടന്നത്. 36 ബില്യന്‍ സമ്പത്ത് മെക്കന്‍സി ബെസോസിന് നല്‍കേണ്ടി വന്നു.