ജല്ലിക്കെട്ടിനിടെ 22 പേര്‍ക്ക് പരിക്ക്

Web Desk
Posted on January 14, 2018, 10:27 pm

ചെന്നൈ: തൈപ്പൊങ്കല്‍ ദിനമായ ഇന്നലെ തമിഴ്‌നാട്ടിലെ ആവണിയപുരത്ത് നടന്ന ജല്ലിക്കട്ട് മത്സരത്തിനിടെ 22 പേര്‍ക്ക് പരിക്കേറ്റു. മത്സരത്തില്‍ പങ്കെടുത്ത ആറ് പേര്‍ക്കും കാണാനെത്തിയ 16 പേര്‍ക്കുമാണ് പരിക്കേറ്റത്. പരിക്കേറ്റ 22 പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് അധികൃതര്‍ അറിയിച്ചു. മധുരയിലെ ഏറ്റവും പ്രസിദ്ധമായ മൂന്ന് ജല്ലിക്കട്ട് മത്സരങ്ങളിലൊന്ന് നടക്കുന്നത് ആവണിയപുരത്താണ്. മൃഗക്ഷേമ ബോര്‍ഡിന്റെ കര്‍ശന നിയന്ത്രണങ്ങളോടെയാണ് ഇത്തവണ ജല്ലിക്കട്ട് മത്സരങ്ങള്‍ നടക്കുന്നത്.
10 മെഡിക്കല്‍ സംഘങ്ങളുള്‍പ്പടെ മൃഗങ്ങള്‍ക്കും മത്സരാര്‍ഥികള്‍ക്കും വേദിയില്‍ ചികിത്സ സൗകര്യങ്ങളൊരുക്കണമെന്നാണ് ചട്ടം. 500 പൊലീസുദ്യോഗസ്ഥരടക്കം കര്‍ശനസുരക്ഷാ സന്നാഹങ്ങളും വേദിയ്ക്ക് പുറത്ത് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പരമ്പരാഗതമായി തമിഴ്‌നാട്ടിലെ ജനങ്ങള്‍ കൊണ്ടാടുന്ന ഒരു വിനോദമാണ് ജല്ലിക്കെട്ട്. തമിഴ്‌നാട്ടിലെ വിവിധ സ്ഥലങ്ങളില്‍ പൊങ്കല്‍ നാളുകളിലാണ് ഈ വിനോദം നടക്കുന്നത്. നാല് ദിവസം കൊണ്ടാടുന്ന പൊങ്കല്‍ ഉത്സവത്തിലെ മാട്ടുപൊങ്കല്‍ നാളിലാണ് ഈ വിനോദം അരങ്ങേറുന്നത്. മധുരയിലെ പാലമേട് ജല്ലിക്കട്ട് ഇന്നാണ് നടക്കുക. നാളെയാണ് ഏറ്റവും പ്രസിദ്ധമായ അളങ്കനല്ലൂര്‍ ജല്ലിക്കട്ട്.