Janayugom Online
varantham

മുരട്ടുകാളൈ

Web Desk
Posted on January 27, 2019, 7:22 am

എഴുത്തും ചിത്രവും; സുരേഷ് ചൈത്രം

മധുരയില്‍ നിന്നും 25 കിലോമീറ്റര്‍ യാത്രചെയ്തുവേണം അളഗനല്ലൂര്‍ എന്ന, കരിമ്പും തിനയും ചോളവും വിളയുന്ന, ഉരുക്കളുടെ ചൂരടിക്കുന്ന, ചുവന്ന മണ്ണുള്ള കാര്‍ഷിക ഗ്രാമത്തിലെത്താന്‍. അവിടെയാണ് പ്രസിദ്ധമായ ജെല്ലിക്കെട്ട് നടക്കുന്നത്. രാവിലെ ഒമ്പതിന് ജെല്ലിക്കെട്ട് ആരംഭിക്കും. മുന്‍കാലങ്ങളിലെ അപകടബാഹുല്യം കൊണ്ട് മധുര ജില്ലാ കളക്ടറുടെ നേതൃത്വത്തിലും സാന്നിദ്ധ്യത്തിലും കടുത്ത നിയന്ത്രണത്തിലുമാണ് മത്സരം. ജെല്ലിക്കെട്ട് കാളയെ തുറന്നു വിടുന്ന കിട്ടിവാസല്‍ മുതല്‍ അന്‍പതു മീറ്റര്‍ വരെയാണ് മത്സരം നടക്കുക. ഇരുമ്പുവേലികളാല്‍ ഒരു പഴുതുമില്ലാതെ ഗാലറിയുടെ ഇരുവശവും അടച്ചിരിക്കുന്നു. പരിശീലനം സിദ്ധിച്ച, ചെസ്റ്റ് നമ്പര്‍ പതിച്ച മഞ്ഞ ജേഴ്‌സിയണിഞ്ഞ അന്‍പതു യുവാക്കള്‍ കാളക്കൂറ്റനെ പിടിക്കാനായി നിരന്നുനില്‍ക്കുന്നു.

JELLIKETT-MADHURAI

മധുരയ്ക്കടുത്തുള്ള അതിമനോഹരമായ ഒരു ഗ്രാമമാണ് അളഗനല്ലൂര്‍. ഇവിടമാണ് മാട്ടുപ്പൊങ്കല്‍ ദിനത്തിലെ ജെല്ലിക്കെട്ടിനു ഏറ്റവും പ്രശസ്തിയാര്‍ജ്ജിച്ച സ്ഥലം. ഇവിടെ ഈ വിനോദം ‘ഏറുതഴുവല്‍’ എന്ന പേരിലും അറിയപ്പെടുന്നു. പരമ്പരാഗതമായ ജെല്ലിക്കെട്ടിന്റെ ഉത്ഭവത്തെക്കുറിച്ചു വ്യക്തമായ ധാരണയില്ല. നാണയങ്ങള്‍ അടങ്ങിയ കിഴികെട്ട് കാളയുടെ കൊമ്പില്‍ കെട്ടിവയ്ക്കും. ഈ കാളയെ കീഴ്‌പ്പെടുത്തുന്നവര്‍ക്ക് ഇത് സ്വന്തമാക്കാം. പിന്തുടര്‍ന്ന് കാളയെ പിടിക്കുന്നതിനാല്‍ ഇതിനെ ‘മഞ്ചവിരട്ട്’ എന്നും ഗ്രാമീണര്‍ വിളിച്ചു പോന്നു. കങ്കായം കാളകളെയാണ് ജെല്ലിക്കെട്ട് മത്സരത്തിനായി ഉപയോഗിക്കുന്നത്. പ്രത്യുല്‍പ്പാദനത്തിനായി ഉപയോഗിക്കുന്ന പ്രത്യേക ഇനം കാളകളാണ് ഇവ. വളരെ ഇറുകിയ കഴുത്തും ഉപ്പരണിയും കുറുകിയ കാലുകളുമാണ് കങ്കായം കാളകളുടെ പ്രത്യേകത.

JELLIKETT-MADHURAI

പേശീബലം ഉണ്ടാകാന്‍ പ്രത്യേക രീതിയിലുള്ള ആഹാരങ്ങള്‍ നല്‍കിയാണ് കാളയെ ജെല്ലിക്കെട്ടിനു രൂപപ്പെടുത്തുന്നത്. പുലിയംകുളം, തിരുചെങ്ങോട്, പളമളായി, ഉമ്പളചേരി, എന്നിവിടങ്ങളില്‍ നിന്നുമാണ് ജെല്ലിക്കെട്ട് മത്സരത്തിന് കാളകള്‍ എത്തുന്നത്.
മൂന്നുതരത്തിലുള്ള ജെല്ലിക്കെട്ടുകളാണ് തമിഴ്‌നാട്ടില്‍ അരങ്ങേറുന്നത് വടി മഞ്ചുവിരട്ട്, വയേലി വിരട്ട്, മഞ്ചുവിരട്ട് എന്നിങ്ങനെയാണ് അവ. മധുര, പുതുക്കോട്ട, തേനി, തഞ്ചാവൂര്‍, സേലം എന്നീ ജില്ലകളിലാണ് ജെല്ലിക്കെട്ട് നടത്താറുള്ളത്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് വടി മഞ്ചുവിരട്ട് ഇനത്തില്‍പെട്ട, ഏറ്റവും അപകടം നിറഞ്ഞ ജെല്ലിക്കെട്ട്. ഇത് പ്രധാനമായും മധുര അളഗനല്ലൂരില്‍ സര്‍ക്കാര്‍സംരക്ഷണത്തിലാണ് നടക്കുന്നത്.

JELLIKETT-MADHURAI

ജെല്ലിക്കെട്ടില്‍ വിജയിക്കാന്‍ അതിസാഹസികത തന്നെ വേണം. ആള്‍ക്കൂട്ടത്തിലേക്ക് തുറന്നുവിടുന്ന, മുക്രയിട്ടെത്തുന്ന കൂറ്റന്‍ കാളയുടെ പൂഞ്ഞയില്‍ (ഉപ്പരണി) കൂട്ടത്തില്‍ ഒരാള്‍ പിടിച്ചു നിര്‍ത്തണം. പൂഞ്ഞയില്‍ പിടിച്ചു കാളയുടെ പുറത്തുകയറാന്‍ ശ്രമിക്കും. ഈ സമയം കാള അയാളെ കുടഞ്ഞു താഴെയിടാന്‍ ശ്രമിക്കുന്നു. കാളയുടെ പൂഞ്ഞയില്‍ പിടിച്ചു കുറച്ചു സമയം കാളയെ പിടിച്ചു നിര്‍ത്തിയാല്‍ അയാള്‍ ഗ്രാമത്തിലെ വീരനാകും. കുറെ സമ്മാനങ്ങളും കിട്ടും. മുന്‍കാലങ്ങളില്‍ വെള്ളിക്കളസം മുതല്‍ പിത്തളപാത്രങ്ങളും അലമാരയും സ്വര്‍ണ്ണ നാണയങ്ങളും വരെ സമ്മാനമായി നല്‍കിയിരുന്നു. കാളയെ ആരും പിടിച്ചില്ലെങ്കില്‍ സമ്മാനം കാളയുടെ ഉടമസ്ഥന് തന്നെ ലഭിക്കും. കാലം മാറിയപ്പോള്‍ ഇപ്പോള്‍ സമ്മാനങ്ങളിലും മാറ്റം വന്നു. ഇത്തവണ രണ്ടു കാറുകള്‍ ആയിരുന്നു സമ്മാനം. ജെല്ലിക്കെട്ടില്‍ മരണപ്പെട്ടവര്‍ നിരവധി. ഗുരുതരമായ പരിക്കുകള്‍ പറ്റിയവര്‍ അതിലുമേറെ. ജെല്ലിക്കെട്ടില്‍ മരിക്കുന്നതു വീരമൃത്യുവായി കണക്കാക്കുന്ന തമിഴര്‍ക്ക് ജെല്ലിക്കെട്ട് അവരുടെ ജീവിതത്തിന്റെ ഭാഗമാണ്. ഓരോവര്‍ഷവും ജെല്ലിക്കെട്ട് വീരനാകാന്‍ കാത്തിരിക്കുന്നവരാണ് അളഗനല്ലൂര്‍ ഗ്രാമത്തിലെ യുവാക്കള്‍.

JELLIKETT-MADHURAI

2010 വരെ ജനകീയമായിരുന്ന ജെല്ലിക്കെട്ടിനു പിന്നീട് മൃഗസ്‌നേഹികളുടെ എതിര്‍പ്പ് ഏറ്റുവാങ്ങേണ്ടി വന്നു. അതുവരെ കാഴ്ചക്കാര്‍ക്കും കാളയെ പിടിക്കാനുള്ള അവസരമുണ്ടായിരുന്നു. പ്രതിഷേധവും നിയമങ്ങളും ജെല്ലിക്കെട്ടിനുമേല്‍ കരിനിഴല്‍ വീഴ്ത്തി. 2014 മെയ് ഏഴിന് സുപ്രീംകോടതി ജെല്ലിക്കെട്ടിനു നിരോധനം ഏര്‍പ്പെടുത്തി. 2015ലും 2016ലും ജെല്ലിക്കെട്ട് നടത്താനായില്ല 2017 ല്‍ ജെല്ലിക്കെട്ട് നിരോധനത്തിനെതിരെ ഉയര്‍ന്ന വിദ്യാര്‍ത്ഥി യുവജനപ്രക്ഷോഭത്തില്‍ ചെന്നൈ മറീന ബീച്ചില്‍ ആയിരക്കണക്കിന് യുവതീയുവാക്കള്‍ തടിച്ചുകൂടി. തമിഴ്മക്കളുടെ ശക്തമായ സമരത്തോടുകൂടി തമിഴ്‌നാട് ഗവര്‍ണര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചു. പിന്നീട് ജെല്ലിക്കെട്ടിനു നിയമ നിര്‍മ്മാണവും നടന്നു. ജെല്ലിക്കെട്ട് പുനരാരംഭിക്കാനുള്ള വാദം ജെല്ലിക്കെട്ടിനുപയോഗിക്കുന്ന കാളകളെ പീഡിപ്പിക്കുന്നില്ല എന്നതായിരുന്നു. ജെല്ലിക്കെട്ടില്‍ പങ്കെടുക്കുന്ന കാളകള്‍ രണ്ടുമുതല്‍ മൂന്ന് ടണ്‍ വരെ ഭാരം വലിക്കുവാന്‍ ശക്തിയുള്ളവയാണ്. 2008 ല്‍ തമിഴ്‌നാട് സര്‍ക്കാര്‍ കൊണ്ടുവന്ന ജെല്ലിക്കെട്ട് നിയന്ത്രണ ബില്ല് പ്രകാരം കാളയുടെ പൂഞ്ഞയില്‍ (ഉപ്പരണി) ഒരു സമയത്തു ഒരാള്‍ മാത്രം തൂങ്ങാനുള്ള അനുമതിനല്‍കി, അതും സെക്കന്റുകള്‍ മാത്രം. തൂങ്ങുന്നയാള്‍ക്ക് 80 കിലോയില്‍ താഴെ ഭാരം പാടുള്ളു. അതിനാല്‍ കുറച്ചു സെക്കന്റുകള്‍ തൂങ്ങിയാലും മൃഗങ്ങളോടുള്ള ക്രൂരതയായി കണക്കാക്കാറില്ല. ഏതായാലും മനുഷ്യനും പ്രകൃതിയും ജീവജാലങ്ങളും ഒന്നാകുന്ന അപൂര്‍വ്വ കാഴ്ചയാണ് ജെല്ലിക്കെട്ടിലേത്. ഇന്ത്യയുടെ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും ജെല്ലിക്കെട്ട് കാണാനായി പതിനായിരങ്ങള്‍ എത്തുന്നു.

JELLIKETT-MADHURAI

ക്യാമറകണ്ണുകള്‍ക്ക് ഇമ്പമേറുന്ന ചിത്രങ്ങള്‍ പകര്‍ത്താന്‍ ആയിരകണക്കിന് ഫോട്ടോഗ്രാഫര്‍മാരാണ് ഇവിടെയെത്തുന്നത്. ഈ വര്‍ഷം മുതല്‍ ജെല്ലിക്കെട്ട് പകര്‍ത്താന്‍ മധുര ജില്ലാ ഭരണകൂടത്തിന് മുന്‍കൂര്‍ മീഡിയ പാസിന് അപേക്ഷ നല്‍കിയാല്‍ മാത്രമേ ചിത്രങ്ങള്‍ പകര്‍ത്താന്‍ അനുമതി ലഭിക്കുകയുള്ളു. അല്ലെങ്കില്‍ നിരാശയോടെ മടങ്ങേണ്ടിവരും.
പരമ്പരാഗത കാലം മുതല്‍, മനുഷ്യവര്‍ഗം കൃഷി ആരംഭിച്ച അന്നുമുതല്‍ അവര്‍ മാടുകളെയും സ്‌നേഹിച്ചു വളര്‍ത്തിയിരുന്നു അങ്ങിനെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഊഷ്മളമായ ബന്ധമാണ് മനുഷ്യനും മാടുകളുമായുള്ളത്. മനുഷ്യന്‍ കാര്‍ഷിക വൃത്തിക്ക് എന്നുമുതല്‍ മാടുകളെ ഉപയോഗിച്ചു തുടങ്ങിയോ അന്നുമുതല്‍ ജെല്ലിക്കെട്ടിന്റെയും മരമടിയുടെയും രൂപത്തില്‍ കാര്‍ഷിക ഉത്സവങ്ങള്‍ കൊണ്ടാടിയിരുന്നു. മനുഷ്യനും മൃഗങ്ങളുമായുള്ള ആത്മബന്ധത്തിന്റെ സ്വകാര്യ ദര്‍ശനങ്ങളായി ഈ ഉത്സവങ്ങള്‍ മാറി. നൂറുമേനി വിളവെടുപ്പിനു ശേഷം ലോകത്തിന്റെ പല ഭാഗങ്ങളിലും ഇത്തരം ഉത്സവങ്ങള്‍ അരങ്ങേറുന്നുണ്ട്. മലയാളക്കരയില്‍ ‘ഉരുവടി’ എന്നപേരിലും ‘മരമടി’ എന്ന പേരിലും ആഘോഷിക്കുന്നു. തമിഴ്‌നാട്ടില്‍ ജെല്ലിക്കെട്ട് എന്ന പേരിലും വിളവെടുപ്പ് ഉത്സവം തിമിര്‍ത്താടുന്നു.

JELLIKETT-MADHURAI

പരമ്പരാഗതമായി തമിഴകത്തെ പൊങ്കല്‍ നാളുകളിലാണ് ജെല്ലിക്കെട്ട് ഉത്സവം നടക്കുന്നത്. നാലു ദിവസം കൊണ്ടാടുന്ന പൊങ്കല്‍ ഉത്സവത്തിലെ ‘മാട്ടുപ്പൊങ്കല്‍’ നാളുകളിലാണ് ജെല്ലിക്കെട്ട് എന്ന വിനോദം അരങ്ങേറുന്നത്. ‘പൊങ്കല്‍’ എന്നാല്‍ വേവിച്ച അരി എന്നാണ് അര്‍ത്ഥം ദ്രാവിഡരുടെ വിളവെടുപ്പുത്സവമാണ് പൊങ്കല്‍. ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം ജനുവരി 13 നു തുടങ്ങി നാലു ദിവസങ്ങളിലായാണ് പൊങ്കല്‍ ആഘോഷിക്കുന്നത്. അതായതു തമിഴ് മാസമായ മാര്‍കഴിയുടെ അവസാനദിവസം തുടങ്ങി തൈമാസം മൂന്നാം തീയതി പൊങ്കല്‍ അവസാനിക്കും. ഓരോ ദിവസങ്ങള്‍ക്കും വ്യത്യസ്തമായ ആചാരാനുഷ്ഠാനങ്ങള്‍ ഉണ്ട്. പ്രധാന ആഘോഷമായ തൈപ്പൊങ്കല്‍ (മകരപൊങ്കല്‍) മകരമാസം ഒന്നാം തീയതി ആഘോഷിക്കുന്നു അതിനാല്‍ മകര സംക്രാന്തി എന്നും ഇതിനു പേരുണ്ട്. ഇത് തമിഴരുടെ ഏറ്റവും പ്രസിദ്ധമായ ദിവസമാണ്. രണ്ടാം ദിവസമാണ് തൈപ്പൊങ്കല്‍. അന്ന് വര്‍ണ്ണാഭമായ കോലം മുറ്റത്തൊരുക്കി പൂജ ചെയ്യുന്നു. മൂന്നാം ദിവസം മാട്ടുപ്പൊങ്കല്‍ എന്നറിയപ്പെടുന്നു. കര്‍ഷകരാണ് മാട്ടുപ്പൊങ്കല്‍ ഭക്തിനിര്‍ഭരമായി ആഘോഷിക്കുന്നത്.

JELLIKETT-MADHURAI

സാഹസിക ചിത്രങ്ങള്‍ പകര്‍ത്താന്‍ ഇഷ്ടപ്പെടുന്ന ഫോട്ടോഗ്രാഫര്‍മാര്‍ക്ക് ഏതുസമയത്തും കയറി ചെല്ലാവുന്ന ഇടമായിരുന്നു ജെല്ലിക്കെട്ട് വേദികള്‍. വീരവിളയാട്ടത്തിന് ഇരുമ്പുവേലി വീണതുപോലെ ക്യാമറക്കണ്ണുകള്‍ക്കും വേലിക്കെട്ട് വീണു. മകരപൊങ്കലിനോട് അനുബന്ധിച്ചു നടക്കുന്ന തമിഴ് ജനതയുടെ ദേശീയ വീര വിനോദമായ ജെല്ലിക്കെട്ടിന് മീതെ നിയന്ത്രണങ്ങളുടെ കാര്‍മേഘങ്ങള്‍ പടര്‍ന്നുകയറുന്നു. ജനകീയമായ ജെല്ലിക്കെട്ട് പതുക്കെ ഓര്‍മ്മയാവുകയാണ്…