June 5, 2023 Monday

ബ്രട്ടീഷ് തെരെഞ്ഞെടുപ്പ്; മാറ്റത്തിന്റെ കാഹളം മുഴക്കി ജെറമി കോര്‍ബിനും ലേബറും

Janayugom Webdesk
December 10, 2019 9:57 pm

Rajaji mathew thomasരാജാജി മാത്യൂ തോമസ്

ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്‍ബിന്‍‍ ബ്രിട്ടീഷ് പ്രധാനമന്ത്രിപദത്തോട് ഏറെ അടുത്തിരിക്കുന്നു. ബ്രിട്ടനിലെ പ്രമുഖ ദിനപ്പത്രങ്ങളില്‍ ഒന്നായ ‘ദി ഡെയ്‌ലി ടെലിഗ്രാഫി‘ന്റെ വിലയിരുത്തലാണ് ഇത്. തെരഞ്ഞെടുപ്പിന് 48 മണിക്കൂര്‍ മാത്രം അവശേഷിക്കെയാണ് ഈ വിലയിരുത്തല്‍. പ്രക്ഷുബ്ധമായ രാഷ്ട്രീയ അന്തരീക്ഷത്തില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് (ടോറി) പാര്‍ട്ടിയും മുഖ്യപ്രതിപക്ഷമായ ലേബറും തമ്മില്‍ കടുത്ത മത്സരമാണ് നടക്കുന്നത്. ലേബറുമായി ധാരണയില്‍ തെരഞ്ഞെടുപ്പിനെ നേരിടുന്ന സ്കോട്ടീഷ് നാഷണല്‍ പാര്‍ട്ടിയും ലിബറല്‍ ഡെമോക്രാറ്റുകളടക്കം ചെറുപാര്‍ട്ടികളും ചേര്‍ന്ന് 12 സീറ്റുകളെങ്കിലും നേടിയാല്‍ കണ്‍സര്‍വേറ്റീവ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സനെ നമ്പര്‍ 10 ‍‍ഡ‍ൗണിങ് സ്ട്രീറ്റി (ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി)ല്‍ നിന്നും പുറത്തുപോവേണ്ടി വരുമെന്നാണ് ടെലിഗ്രാഫിന്റെ വിലയിരുത്തല്‍.

ടോറികളുടെ ആഭ്യന്തര വോട്ടെടുപ്പ് ബ്രിട്ടനില്‍ തൂക്കുസഭയ്ക്കുള്ള സാധ്യതയാണ് വിവക്ഷിക്കുന്നത്. കോര്‍ബിന്‍‍ പ്രധാനമന്ത്രിയായാല്‍ ബ്രിട്ടനിലെ നൂറുകണക്കിന് അതിസമ്പന്നര്‍ രാജ്യം വിടുമെന്നും ടോറിപക്ഷ പത്രമായ ടെലിഗ്രാഫ് പറയുന്നു. ലേബര്‍ ശക്തികേന്ദ്രങ്ങളിലേക്ക് പ്രധാനമന്ത്രി ജോണ്‍സണ്‍ നടത്തിയ പര്യടനം കടുത്ത ആശയക്കുഴപ്പത്തിനും വന്‍വിവാദങ്ങള്‍ക്കുമാണ് വഴിവച്ചത്. ജോണ്‍സന്റെ പര്യടനത്തിനു മുന്നോടിയായി പ്രചരിച്ച ആശുപത്രിക്കിടക്കയ്ക്ക് അടിയില്‍ ചികിത്സ തേടേണ്ടിവന്ന ഒരു നാലു വയസുകാരന്റെ ദൈന്യചിത്രം ടോറിഭരണത്തിന്റെ നേര്‍ചിത്രമായി മാറുകയായിരുന്നു. നാളെ നടക്കുന്ന ബ്രിട്ടീഷ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ബ്രിട്ടന്റെ യൂറോപ്യന്‍ യൂണിയനി (ഇയു)ല്‍ നിന്നുള്ള പിന്മാറ്റത്തെ സംബന്ധിച്ചാണെന്ന പൊതുധാരണ തിരുത്തിക്കുറിക്കുന്ന പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കാണ് തിരശ്ശീല വീഴുന്നത്. ബ്രക്സിറ്റ് സംബന്ധിച്ച അനിശ്ചിതത്വവും വിവാദങ്ങളുമാണ് അകാലത്തിലുള്ള പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലേക്ക് നയിച്ചത്.

ഇയുവില്‍ നിന്നുള്ള പിന്മാറ്റം തീരുമാനിക്കപ്പെട്ടത് 2016 ജൂണില്‍ നടന്ന റഫറണ്ടത്തിലൂടെയാണ്. 51.9ശതമാനം വോട്ടിന് നേരിയ ഭൂരിപക്ഷത്തിലാണ് പിന്മാറ്റ തീരുമാനം ബ്രിട്ടന്‍ കൈക്കൊണ്ടത്. 2017 മാര്‍ച്ചില്‍ പാര്‍ലമെന്റ് ബ്രക്സിറ്റ് ഔപചാരികമായി പ്രഖ്യാപിച്ചു. എന്നാല്‍ മതിയായ വ്യവസ്ഥകളോടെ പിന്മാറ്റ കരാര്‍ ഇയുവുമായി ഉണ്ടാക്കാന്‍ റഫറണ്ടത്തെ തുടര്‍ന്ന് അധികാരത്തിലെത്തിയ തെരേസ മേക്ക് കഴിഞ്ഞില്ല. അവര്‍ക്ക് അതേ തുടര്‍ന്ന് പുറത്തുപോകേണ്ടിവന്നു. തുടര്‍ന്ന് അധികാരത്തിലെത്തിയ ബോറിസ് ജോണ്‍സനും നാളിതുവരെ പിന്മാറ്റക്കരാറില്‍ എത്തിച്ചേരാനായില്ല. അതിന്റെ ഫലമായി ബ്രിട്ടീഷ് രാഷ്ട്രീയത്തില്‍ ഉയര്‍ന്നുവന്ന അനിശ്ചിതത്വവും ആശയക്കുഴപ്പവും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ തന്നെ കലാപത്തിന് കാരണമായി. കരാറുമായി ബന്ധപ്പെട്ട വോട്ടെടുപ്പില്‍ ഇരുപത് ടോറി അംഗങ്ങള്‍ ജോണ്‍സനെതിരെ വോട്ട് ചെയ്തു. ആ സംഭവവികാസങ്ങളാണ് ഡിസംബര്‍ 12 ന്റെ തെര‍ഞ്ഞെടുപ്പിലേക്ക് നയിച്ചത്. ബ്രിട്ടന്റെ ഇയു പിന്മാറ്റക്കരാര്‍ ആ രാജ്യത്തിന്റെ സമ്പദ്ഘടനയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്.

യൂറോപ്യന്‍ വന്‍കരയും ബ്രിട്ടനുമായുള്ള ബന്ധങ്ങള്‍ നിര്‍ണയിക്കുക ബ്രക്സിറ്റ് കരാറായിരിക്കും. ഈ തെരഞ്ഞെടുപ്പില്‍ ആര് വിജയിക്കും എന്നതിനെ ആശ്രയിച്ചായിരിക്കും കരാറിന്റെ ഉള്ളടക്കം നിര്‍ണയിക്കപ്പെടുക. കണ്‍സര്‍വേറ്റീവ് വീണ്ടും അധികാരത്തില്‍ തിരിച്ചെത്തിയാല്‍ താന്‍ ഇയുവുമായി ഉണ്ടാക്കിയ കരാര്‍ പാര്‍ലമെന്റ് പാസാക്കി ബ്രക്സിറ്റ് പൂര്‍ത്തിയാക്കുമെന്നാണ് ജോണ്‍സന്റെ വാഗ്ദാനം. തുടര്‍ന്ന് 2020 അവസാനത്തോടെ ഇയുവുമായി ഒരു സ്വതന്ത്ര വ്യാപാര കരാര്‍ ഉണ്ടാക്കുമെന്നും ജോണ്‍സണ്‍ വാഗ്ദാനം ചെയ്യുന്നു. ജെറമി കോര്‍ബിനാവട്ടെ ലേബര്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ബ്രക്സിറ്റ് കരാര്‍ വീണ്ടും കൂടിയാലോചനയ്ക്ക് വിധേയമാക്കുമെന്നും പുതിയ കരാര്‍ അന്തിമ വോട്ടെടുപ്പിന് ജനങ്ങൾക്കു മുന്നിൽ സമര്‍പ്പിക്കുമെന്നും വാഗ്ദാനം ചെയ്യുന്നു. അതിന്റെ അടിസ്ഥാനത്തിലായിരിക്കും ഇയുവില്‍ നിന്നുള്ള ബ്രിട്ടന്റെ പിന്മാറ്റം.

എന്നാല്‍ ജനഹിതം ഇയുവില്‍ തുടരണമെന്നാണെങ്കില്‍ അതിനുള്ള സാധ്യതയും ലേബര്‍ തള്ളിക്കളയുന്നില്ല. ഇതുവരെ നടന്ന അഭിപ്രായ വോട്ടെടുപ്പുകളും പഠനങ്ങളും കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേരിയ ഭൂരിപക്ഷം നേടി ബോറിസ് ജോണ്‍സണ്‍ വീണ്ടും അധികാരത്തില്‍ വരുമെന്നാണ് സൂചിപ്പിക്കുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പ് അടുക്കുന്നതോടെ ടോറിയും ലേബറും തമ്മിലുള്ള അന്തരം കുറഞ്ഞുവരുന്നതായും കാണാം. മഞ്ഞുകാലത്തിന്റെ ആരംഭത്തില്‍ ബ്രിട്ടനില്‍ തെരഞ്ഞെടുപ്പ് അസാധാരണമാണ്. തൊഴിലെടുക്കുന്നവര്‍ അവധിക്കാല ആഘോഷങ്ങളിലേക്ക് നീങ്ങുന്നു. അതുകൊണ്ടുതന്നെ ‘അകാല’ത്തിലുള്ള തെര‍ഞ്ഞെടുപ്പുഫലം പ്രവചിക്കല്‍ ശ്രമകരമാണെന്ന് കരുതുന്നവരാണ് നിരീക്ഷകര്‍. പാര്‍ലമെന്റിന്റെ നിശ്ചിത കാലാവധി പൂര്‍ത്തിയാകുംമുമ്പാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

വര്‍ഷങ്ങളായി തുടര്‍ന്നുവരുന്ന ബ്രക്സിറ്റ് ചര്‍ച്ചകളും ജനങ്ങളില്‍ മടുപ്പ് ഉളവാക്കുന്നു. ഇതെല്ലാം തെരഞ്ഞെടുപ്പ് ഫലത്തെ പ്രതികൂലമായി ബാധിക്കുമെന്നും വിലയിരുത്തപ്പെടുന്നു. ഇപ്പോഴത്തെ അകാല തെരഞ്ഞെടുപ്പ് നിര്‍ബന്ധിതമാക്കിയത് ബ്രക്സിറ്റാണെങ്കിലും തെരഞ്ഞെടുപ്പ് പ്രചാരണം അതിന് അപ്പുറത്തേക്ക് കടന്നിരിക്കുന്നു. കഴിഞ്ഞ പാര്‍ലമെന്റ് തെര‍ഞ്ഞെടുപ്പ് നടന്നത് 2017ലാണ്. കാലാവധി പൂര്‍ത്തിയാക്കാനായിരുന്നെങ്കില്‍ അടുത്ത തെരഞ്ഞെടുപ്പ് 2022ലെ വേണ്ടിവരുമായിരുന്നുള്ളു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാന്‍ ആര്‍ക്കും കഴിഞ്ഞിരുന്നില്ല. ഉത്തര അയര്‍ലന്‍ഡിലെ ഡമോക്രാറ്റിക് യൂണിയനിസ്റ്റ് പാര്‍ട്ടിയുടെ പുറത്തുനിന്നുള്ള പിന്തുണയോടെയാണ് ടോറികള്‍ അധികാരത്തിലെത്തിയത്.

പ്രധാന വിഷയങ്ങളില്‍ ടോറികള്‍ക്ക് വോട്ടുനല്‍കി ഭരണം നിലനിര്‍ത്തുന്നതിന് അപ്പുറം അതൊരു മുന്നണി ബന്ധമായിരുന്നില്ല. ബ്രക്സിറ്റ് ടോറി ഭരണത്തെ ഉലച്ചു. തെരേസ മേയുടെ ബ്രക്സിറ്റ് കരാര്‍ നിര്‍ദ്ദേശങ്ങള്‍ പാര്‍ലമെന്റില്‍ പരാജയപ്പെട്ടു. അവരുടെ കരാര്‍ നിര്‍ദ്ദേശങ്ങള്‍ ഇയുവില്‍ നിന്നും ബ്രിട്ടന്‍ പുറത്തുവരുണമെന്ന തീവ്ര നിലപാട് വച്ചുപുലര്‍ത്തിയിരുന്ന ടോറികള്‍ തന്നെ തുടര്‍ച്ചയായി പരാജയപ്പെടുത്തി. അതാണ് മേയുടെ രാജിയില്‍ കലാശിച്ചത്. ബോറിസ് ജോണ്‍സന് നേരിടേണ്ടിവന്നത് മറ്റൊരു രീതിയിലുള്ള കലാപമാണ്. ജോണ്‍സനെതിരെ കലാപക്കൊടി ഉയര്‍ത്തിയത് ഇയു അനുകൂല ടോറികളാണ്. കരാര്‍ കൂടാതെ ഇയു വിടുന്നതു സംബന്ധിച്ച ജോണ്‍സന്റെ നിര്‍ദ്ദേശത്തിന് എതിരെ ഇരുപതിലധികം ടോറികള്‍ വോട്ടു ചെയ്തു.

അവരെ പാര്‍ട്ടി പുറത്താക്കുകുയം ചെയ്തു. പാര്‍ലമെന്ററി സംവിധാനത്തില്‍ ഭൂരിപക്ഷമില്ലാതെ ഒരു ഗവണ്‍മെന്റിനും അധികാരത്തില്‍ തുടരാനാവില്ല. അ‍ഞ്ചുവര്‍ഷ കാലാവധി നിയമം ഇടക്കാല തെരഞ്ഞെടുപ്പിന് വിഘാതമായി. നീണ്ട ചര്‍ച്ചകളിലൂടെയാണ് അകാല തെരഞ്ഞെടുപ്പിന് മൂന്നില്‍രണ്ട് ഭൂരിപക്ഷ തീരുമാനം കൈക്കൊള്ളാനായത്. ജോണ്‍സണ്‍ പ്രധാനമന്ത്രിപദത്തില്‍ എത്തിയത് ജനകീയ അംഗീകാരത്തോടെയല്ല. മറിച്ച് പാര്‍ട്ടിക്കുള്ളില്‍ നടന്ന തെരഞ്ഞെടുപ്പിലൂടെയാണ്. അത്തരം ഒരാളെ ജനങ്ങള്‍ അധികാരത്തിലേറ്റുമോ എന്ന പരീക്ഷണം കൂടിയാണ് ഈ തെരഞ്ഞെടുപ്പ്. ബ്രിട്ടനിലെ ഇപ്പോഴത്തെ അകാല തെരഞ്ഞെടുപ്പിന് നിമിത്തമായത് ബ്രക്സിറ്റ് തന്നെ. എന്നാല്‍ ബ്രിട്ടന്റെ സാമ്പത്തിക ജീവിത യാഥാര്‍ഥ്യങ്ങളിലേക്ക് തെരഞ്ഞെടുപ്പ് പ്രചാരണത്തെ മാറ്റിയെടുക്കാനായി എന്നതാണ് ജെറമി കോര്‍ബിന്റെയും ലേബറിന്റെയും വിജയം.

മാര്‍ഗരറ്റ് താച്ചര്‍ തുടങ്ങിവച്ചതും ലേബര്‍ നേതാക്കളായ ടോണി ബ്ലെയറും ജോണ്‍മേജറുമടക്കം പിന്തുടര്‍ന്നതുമായ ഉദാരീകരണ സാമ്പത്തിക നയങ്ങളുടെ ആഖ്യാനത്തെ ചോദ്യം ചെയ്യാനും ഒരു സോഷ്യലിസ്റ്റ് ബദല്‍ ജനങ്ങളുടെ ചര്‍ച്ചയ്ക്ക് സമര്‍പ്പിക്കാനും കോര്‍ബിന് ഈ തെരഞ്ഞെടുപ്പ് അവസരം നല്‍കി. ലേബറിന്റെ ഈ പുതിയ പരിപ്രേക്ഷ്യം ജനങ്ങള്‍ അംഗീകരിച്ചാല്‍ അത് ബ്രിട്ടന്റെയും ലോകരാഷ്ട്രീയത്തിന്റെയും ഗതിവിഗതികള്‍ നിയന്ത്രിക്കുന്ന മാറ്റങ്ങള്‍ക്കായിരിക്കും തുടക്കം കുറിക്കുക. പതിറ്റാണ്ടുകളായുള്ള ബ്രിട്ടീഷ് രാഷ്ട്രീയാഖ്യാനത്തിനുള്ള ശക്തമായ തിരുത്തലാണ് കോര്‍ബിന്‍‍ മുന്നോട്ടുവയ്ക്കന്ന തെര‍ഞ്ഞെടുപ്പ് പ്രകടനപത്രിക. അത് ഫലത്തില്‍ ബ്രിട്ടീഷ് സമ്പദ്ഘടനയില്‍ ആധിപത്യം പുലര്‍ത്തുന്ന ബാങ്കുകള്‍ക്കും അതിസമ്പന്നര്‍ക്കും പൊതു സ്വകാര്യ സ്ഥാപനങ്ങളുടെയും സംരംഭങ്ങളുടെയും നെറികെട്ട മേധാവികള്‍ക്കും ഭൂപ്രഭുക്കള്‍ക്കും മാധ്യമ കുത്തകകള്‍ക്കും നികുതി വെട്ടിപ്പുകാര്‍ക്കും എതിരായ യുദ്ധപ്രഖ്യാപനം തന്നെയാണ്.

അത് ബ്രിട്ടീഷ് ജനതയ്ക്ക് പ്രതീക്ഷയും മൗലികമായ സാമൂഹ്യമാറ്റവും ഉറപ്പുനല്‍കുന്ന, ദശകങ്ങളുടെ ഇടവേളയ്ക്കുശേഷം പുറത്തുവന്ന, ഏറ്റവും വിപ്ലവകരമെന്നു വിശേഷിപ്പിക്കാവുന്ന, പ്രകടനപത്രികയാണ്. ആ രാജ്യത്തെ രാഷ്ട്രീയ യാഥാസ്ഥിതിക സ്ഥാപനങ്ങളും അതിശക്തരും തലമുറകളായി തുടര്‍ന്നുപോന്ന നയങ്ങളോടുള്ള വിടപറച്ചിലിനെയാണ് അത് പ്രതിനിധീകരിക്കുന്നത്. ബ്രിട്ടനിലെ സമ്പന്നര്‍ അതിനെതിരെ തിരിയുക എന്നത് സ്വാഭാവികം മാത്രം. അവരാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ പിന്‍ബലം. രാഷ്ട്രത്തിന്റെ സമ്പത്ത് പുനര്‍വിതരണം ചെയ്യപ്പെടണമെന്ന ലേബര്‍ പാര്‍ട്ടിയുടെ നിശ്ചയദാര്‍ഢ്യം അവരെ വിളറിപിടിപ്പിച്ചിരിക്കുന്നു. യൂറോപ്പിലെ ഏറ്റവും മികച്ച ആരോഗ്യ സേവനങ്ങളില്‍ ഒന്നെന്ന് പ്രകീര്‍ത്തിക്കപ്പെട്ടിരുന്ന ദേശീയ ആരോഗ്യ സേവനം (എന്‍എച്ച്എസ്) ഇന്ന് അപ്പാടെ താറുമാറായിരിക്കുന്നു.

അപകടങ്ങളിലും അത്യാഹിത സ്വഭാവമുള്ള രോഗം പിടിപെട്ടുമെത്തുന്ന ആയിരക്കണക്കിന് ആളുകളാണ് ബ്രിട്ടനില്‍ പ്രതിവര്‍ഷം അകാലത്തില്‍ മരണമടയുന്നത്. എന്‍എച്ച്എസിനെ യു എസ് ഔഷധ കമ്പനികള്‍ക്ക് തീറെഴുതാന്‍ ബോറിസ് ജോണ്‍സണ്‍ നടത്തിയ രഹസ്യ ഇടപാടുകള്‍‍ തുറന്നുകാട്ടിയ കോര്‍ബിന്‍ പൊതു ആരോഗ്യ പരിപാലനത്തിന് വന്‍ ബജറ്റ് വിഹിതമാണ് വാഗ്ദാനം ചെയ്യുന്നത്. ആരോഗ്യ പരിപാലനരംഗത്ത് വര്‍ധിച്ച വിഹിതത്തിനു പുറമെ സൗജന്യ സര്‍വകലാശാല വിദ്യാഭ്യാസം, സമ്പന്നരുടെ മേല്‍ ഉയര്‍ന്ന നികുതി എന്നിവ ഉറപ്പു നല്‍കുന്നു. ഉദാരീകരണ കാലത്ത് സ്വകാര്യവല്‍ക്കരിച്ച റയില്‍വെ, ടെലികോം സേവനങ്ങള്‍, ഇന്റര്‍നെറ്റ് ബ്രോഡ്ബാന്‍ഡ് എന്നിവയുടെ ദേശസാല്‍ക്കരണവും ലേബര്‍ അജണ്ട മുന്നോട്ടുവയ്ക്കുന്നു.

അവയ്ക്ക് ബദലായി യാതൊന്നും നിരത്താനില്ലാത്ത ടോറികളും അവരെ പിന്തുണയ്ക്കുന്ന നിക്ഷിപ്തതാല്‍പര്യങ്ങളും കോര്‍ബിനും ലേബറിനുമെതിരെ വന്‍തോതിലുള്ള അപവാദ പ്രചരണങ്ങളാണ് കെട്ടഴിച്ചുവിട്ടത്. കോര്‍ബിന്‍ മുന്നോട്ടുവയ്ക്കുന്ന വിദേശ നയസമീപനങ്ങളാണ് ഇക്കൂട്ടരെ ഏറെ ചൊടിപ്പിക്കുന്നത്. കോര്‍ബിന്റെ നേതൃത്വത്തിനു ലേബര്‍‍ പാര്‍ട്ടിയിലെ ജൂതവിരുദ്ധ പ്രവണതകളെ നേരിടാന്‍ കഴിയില്ലെന്ന് ആരോപിച്ച് ബ്രിട്ടനിലെ യാഥാസ്ഥിതിക ജൂതനേതൃത്വം രംഗത്തുവരികയുണ്ടായി. ആംഗ്ലിക്കന്‍‍ സഭയും യാഥാസ്ഥിതിക പാര്‍ട്ടിയും അത് ഏറ്റുപിടിച്ചു. കോര്‍ബിനും ലേബറും പലസ്തീനു നല്‍കുന്ന പിന്തുണയും ഐക്യദാര്‍ഢ്യവുമാണ് അവരെ രോഷാകുലരാക്കുന്നത്. അഭയാര്‍ത്ഥികളോടുള്ള ലേബറിന്റെ തുറന്ന സമീപനമാണ് നിക്ഷിപ്ത താല്‍പര്യങ്ങള്‍ ലേബറിന് എതിരെ ഉയര്‍ത്തിക്കാട്ടുന്ന മറ്റൊരു വിഷയം.

യു എസും യൂറോപ്യന്‍ രാജ്യങ്ങളും മൂന്നാം ലോകത്തോട് അവലംബിക്കുന്ന സമീപനങ്ങളും ആ ജനതകള്‍ക്കും അവരുടെ പ്രകൃതിവിഭവങ്ങള്‍ക്കുനേരെ നടക്കുന്ന പാശ്ചാത്യ മുതലാളിത്ത കൊള്ളയുമാണ് അഭയാര്‍ത്ഥി പ്രശ്നത്തിന്റെ മൂലകാരണമെന്ന് കോര്‍ബിന്‍ സമര്‍ഥിക്കുന്നു. അത് ഫലത്തില്‍ സാമ്രാജ്യത്വ നയങ്ങള്‍ക്കെതിരായ വെല്ലുവിളിയാണ്. ലോകമെമ്പാടും കഴിഞ്ഞ ദശകം വലതുപക്ഷ തീവ്ര ദേശീയതയുടെ മുന്നേറ്റത്തിനാണ് സാക്ഷ്യം വഹിച്ചത്. ബ്രിട്ടനില്‍ കോര്‍ബിനും യുഎസില്‍ ബേണി‍ സന്‍ഡേഴ്സ് അടക്കം 2020 ലെ പ്രസിഡന്റ് തെര‍ഞ്ഞെടുപ്പില്‍ ഡമോക്രാറ്റിക് സ്ഥാനാര്‍ഥിത്വത്തിനായി ശ്രമിക്കുന്ന പുരോഗമന വാദികളും വലതുപക്ഷ മുന്നേറ്റത്തെ പ്രതിരോധിക്കാനാണ് ശ്രമിക്കുന്നത്. ശക്തമായ ഈ രാഷ്ട്രീയ പോരാട്ടത്തില്‍ വിജയ പ്രവചനങ്ങള്‍ അസംഗതമാണ്. സാമ്രാജ്യത്വ വിരുദ്ധതയുടെയും സാമൂഹ്യ സാമ്പത്തിക നീതിയുടെയും സോഷ്യലിസത്തിന്റെയും ശക്തികള്‍ തിരിച്ചുവരവിന്റെ പാതയിലാണെന്നതും ജനങ്ങള്‍ അവരുടെ ശബ്ദത്തിന് കാതോര്‍ക്കുന്നു എന്നതുമാണ് പ്രസക്തമാകുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.