റെക്കോര്‍ഡ് തകര്‍ക്കാനുള്ള ശ്രമത്തിനിടെ ഏറ്റവും കൂടുതല്‍ വേഗത്തില്‍ വാഹനമോടിക്കുന്ന വനിത കൊല്ലപ്പെട്ടു

Web Desk
Posted on August 29, 2019, 4:22 pm

ലോസ്ഏഞ്ചല്‍സ്: വേഗമേറിയ കാറോട്ടക്കാരിയും ടെലിവിഷന്‍ അവതാരകയുമായ ജെസി കോംസ് (39) വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. പുത്തന്‍ റെക്കോര്‍ഡ് സ്ഥാപിക്കാനുള്ള ശ്രമത്തിനിടെ ആയിരുന്നു അപകടം.
ഒറിഗോണിലെ അല്‍വോര്‍ഡ് മരുഭൂമിയില്‍ വച്ചാണ് ഭൂമിയിലെ ഏറ്റവും വേഗമേറിയ കാറോട്ടക്കാരിയാകാനുള്ള ഉദ്യമത്തിനിടെ ഇവര്‍ മരിച്ചത്. അപകടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
ലോകത്തിലെ ഏറ്റവും വേഗമേറിയ ഡ്രൈവറാകാനുള്ള ശ്രമം ഇവര്‍ 2012 മുതല്‍ തന്നെ ആരംഭിച്ചിരുന്നു. ലോകചരിത്രത്തിലെ ഏറ്റവും വേഗതയേറിയ വനിത ഡ്രൈവര്‍ എന്ന നേട്ടം സ്വന്തം പേരില്‍ എഴുതി ചേര്‍ത്താണ് ഇവര്‍ യാത്രയായത്. ടെലിവിഷനില്‍ വാഹന പരിപാടികള്‍ അവതരിപ്പിച്ച് കൊണ്ടാണ് ഇവര്‍ തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. മണിക്കൂറില്‍ 512 മൈല്‍ വേഗതയില്‍ കാറോടിച്ച് 1976ല്‍ അമേരിക്കക്കാരിയായ കിറ്റി ഒ നെയില്‍ സൃഷ്ടിച്ച റെക്കോര്‍ഡ് മറികടക്കുകയാണ് തന്റെ ലക്ഷ്യമെന്ന് കോംസ് സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ നവംബറിലാണ് കിറ്റി മരിച്ചത്.
തനിക്ക് തീയിലൂടെ നടക്കണമെന്ന ആഗ്രഹവും ഇവര്‍ പങ്കുവച്ചിരുന്നു. ആളുകള്‍ തനിക്ക് വട്ടാണെന്ന് പറയുമെന്ന് കോംസ് സാമൂഹ്യ മാധ്യമങ്ങളില്‍ കുറിച്ചു. വട്ടാണെന്ന് പറയുന്നവരോട് നന്ദി പറയുകയാണ് താന്‍ ചെയ്യാറുള്ളതെന്നും അവര്‍ എഴുതിയിരുന്നു.