ജേസി ഫൗണ്ടേഷന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു മികച്ച നടന്‍ മമ്മൂട്ടി, നടി മഞ്ജു വാരിയര്‍ 

Web Desk
Posted on August 04, 2019, 2:22 pm

കൊച്ചി: ജേസി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിലുള്ള 16ാമത് ജേസി ഫൗണ്ടേഷന്‍ സിനിമ ടിവി നാടകസാഹിത്യ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. അന്തരിച്ച സാഹിത്യകാരനും സീരിയല്‍സിനിമാ സംവിധായകനുമായിരുന്ന ജേസിയുടെ പേരില്‍ നല്‍കുന്ന അവാര്‍ഡ് കാര്‍ട്ടൂണിസ്റ്റും ജൂറി ചെയര്‍മാനുമായ യേശുദാസനാണ് വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചത്. മമ്മൂട്ടി(അബ്രഹാമിന്റെ സന്തതികള്‍) മികച്ച നടനായും മഞ്ജു വാര്യരെ (ഒടിയന്‍) മികച്ച നടിയായും തിരഞ്ഞെടുത്തു. പി കെ സജീവ്, ആനി സജീവ് എന്നിവര്‍ സംവിധാനം ചെയ്ത കിണര്‍ ആന്‍ മികച്ച് സിനിമ.

മികച്ച സീരിയലായി സീ കേരള യിലെ അല്ലിയമ്പാല്‍ മികച്ച സീരിയല്‍ നടന്‍ വിഷ്ണുപ്രസാദ്(സ്ത്രീപഥ്), നടിയായി ഷഫ്‌ന (ഭാഗ്യജാതകം) എന്നിവരെയും തിരഞ്ഞെടുത്തു.
മികച്ച നാടകം റാവു മമ്മാലെ വോര്‍ ആണ്(കൊങ്ങിണി), മികച്ച നാടക നടന്‍ പ്രദീപ്(ഇവന്‍ നായിക), നാടകനടി വിദ്യ വിജയകുമാര്‍ (ബോണ്‍ വോയേജ്).ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡിന് തകരയുടെ നിര്‍മാതാവ് ബാബു ചേര്‍ത്തല, ആദ്യകാല ചലച്ചിത്ര നിരൂപകന്‍ ശ്രീകുമാര്‍ വര്‍മ്മ, മരിയ ലില്ലി ടീച്ചര്‍ എന്നിവരര്‍ഹരായി. 17ന് വൈകീട്ട് ടൗണ്‍ഹാളില്‍ നടക്കുന്ന ചടങ്ങില്‍ പ്രശസ്തി പത്രവും ശില്‍പവും അടങ്ങുന്ന പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.മഞ്ഞിലാസിന്റെ അടിമകള്‍ എന്ന സിനിമയുടെ പ്രദര്‍ശനത്തോടെ ചടങ്ങുകള്‍ ആരംഭിക്കും.സംവിധായകന്‍ കെ.എസ് സേതുമാധവന്‍ പരിപാടി ഉദ്ഘാടനം ചെയ്യും. ജേസി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ജെ.ജെ കുറ്റിക്കാട്ട്, ജൂറി അംഗം ബൃന്ദ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.