ജ്വല്ലറി നിക്ഷേപത്തട്ടിപ്പ്: എം സി കമറുദീന്‍ എംഎല്‍ എയ്ക്കെതിരായ കേസുകളുടെ എണ്ണം 53

Web Desk

കാസർകോട്

Posted on September 18, 2020, 10:13 am

ജ്വല്ലറി നിക്ഷേപ തട്ടിപ്പില്‍ എം സി കമറുദീന്‍ എംഎല്‍എക്കെതിരെ കുരുക്ക്‌ മുറുകുന്നു. ചന്തേര പൊലീസ്‌ സ്റ്റേഷനില്‍ രണ്ട്‌ പുതിയ കേസുകള്‍ കൂടി ഇന്നലെ രജിസ്റ്റര്‍ ചെയ്തതോടെ എംഎൽഎയും ചന്തേരയിലെ ടി കെ പൂക്കോയ തങ്ങളും പ്രതികളായ ഫാഷന്‍ഗോള്‍ഡ്‌ നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട്‌ ഇതുവരെ വിവിധ പൊലീസ്‌ സ്റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്‌തത്‌ 55 കേസുകളാണ്.

നിക്ഷപ തട്ടിപ്പ്‌ സംബന്ധിച്ച പരാതികളില്‍ ചന്തേര പൊലീസ് സ്റ്റേഷനില്‍ 39 ഉം കാസര്‍കോട്‌ സ്റ്റേഷനില്‍ 10 ഉം പയ്യന്നൂരില്‍ ആറും കേസുകളാണെടുത്തിട്ടുള്ളത്‌. തൃക്കരിപ്പൂര്‍ വടക്കുമ്പാട്ടെ അമ്മയും മകനുമാണ്‌ പുതിയതായി ചന്തേര പൊലീസില്‍ പരാതി നല്‍കിയത്‌. അതേസമയം ജ്വല്ലറിത്തട്ടിപ്പിനിരയായവര്‍ക്ക്‌ പണം തിരികെ നല്‍കി തലയൂരാനുള്ള മുസ്‌ലിംലീഗിന്റെ ശ്രമത്തിന്‌ നിയമതടസം നേരിടുന്നുണ്ട്‌. കമ്പനിയുടെയും കമറുദ്ദീന്റെയും മറ്റ്‌ ഡയറക്ടര്‍മാരുടെയും സ്വത്ത്‌ വിറ്റ്‌ ബാധ്യത തീര്‍ക്കുമെന്നാണ്‌ കുഞ്ഞാലിക്കുട്ടിയടക്കമുള്ള ലീഗ്‌ നേതാക്കള്‍ പറയുന്നത്‌. കമറുദ്ദീന്‍ തട്ടിപ്പിനായി തട്ടിക്കൂട്ടിയ അഞ്ച്‌ കമ്പനികളും രജിസ്റ്റര്‍ ചെയ്‌തതിനാല്‍ ആസ്‌തി വില്പന എളുപ്പമാകില്ല.

കമ്പനി നിയമപ്രകാരം സ്ഥാപനം സാമ്പത്തികമായി തകര്‍ന്നാ­ല്‍ അക്കാര്യം നാഷണ­ല്‍ കമ്പനി ട്രിബ്യൂണ­ല്‍ പരിശോധിച്ചാണ്‌ ലിക്വിഡേറ്റ്‌ ചെയ്യാന്‍ അ­നുമതി നല്‍കുക. കമ്പനിയുടെ ആസ്‌തിയും ബാധ്യതയും കണക്കാക്കും. ഡയറക്ടര്‍മാരുടെ വ്യക്തിപരമായ സമ്പാദ്യവും അതില്‍ ഉള്‍പ്പെടുത്തും. കഴിഞ്ഞ ആറ്‌ വര്‍ഷത്തിനിടെ വാങ്ങിയ ഭൂമിയും വാഹനങ്ങളും കെട്ടിടങ്ങളുമെല്ലാം അതില്‍ ഉള്‍പ്പെടും. കമ്പനികള്‍ തകര്‍ന്നുവെന്ന്‌ ജ്വല്ലറി ഡയറക്ടര്‍മാര്‍ സമ്മതിച്ച സാഹചര്യത്തില്‍ രജിസ്‌ട്രാര്‍ ഓഫ്‌ കമ്പനീസ്‌ നിയമ നടപടികളിലേക്ക്‌ തിരിയുമെന്നാണ് അറിവ്.

അഞ്ച്‌ കമ്പനികളുടെ ചെയര്‍മാനായ കമറുദ്ദീന്റെയും മാനേജിങ്‌ ഡയറക്ടറായ ടി കെ പൂക്കോയ തങ്ങളുടെയും പേരില്‍ അവശേഷിക്കുന്ന സ്വത്തുക്കള്‍ മുഴുവന്‍ കമ്പനി നിയമത്തിന്റെ പരിധിയില്‍ വരും. ലീഗ്‌ നിശ്ചയിച്ച മധ്യസ്ഥന്‍ മാഹിന്‍ ഹാജി കഴിഞ്ഞ ദിവസം കണക്കാക്കിയ ആസ്‌തികളില്‍ പലതും നിക്ഷേപകരില്‍ ചിലര്‍ നല്‍കിയ സിവില്‍ കേസില്‍ ഏറ്റെടുത്തതാണ്‌. ഇവ വില്ക്കാനാകില്ല. മധ്യസ്ഥതയുടെ പേരില്‍ പരാതിക്കാരുടെ എണ്ണം കുറയ്‌ക്കാനുള്ള ശ്രമമാണ്‌ ഇപ്പോള്‍ നടക്കുന്നത്‌. പരാതി നല്‍കിയവര്‍ക്കനുകൂലമായി കോടതി വിധി വന്നാല്‍ ചുരുക്കം പേര്‍ക്ക്‌ മാത്രം നഷ്ടപരിഹാരം നല്‍കി ബാക്കിയുള്ളവരെ കൈയൊഴിയാനുള്ള കുടിലബുദ്ധിയും ഇതിന്‌ പിന്നിലുണ്ട്‌. സാമ്പത്തിക ഇടപാടുമാത്രമല്ല, പൊതുപ്രവര്‍ത്തകരെന്ന സ്വാധീനം ഉപയോഗിച്ച് നടത്തിയ അഴിമതി, വഞ്ചന, തട്ടിപ്പ്‌ എന്നിവയൊക്കെ പ്രതികള്‍ക്കെതിരെ വരും.

ക്രൈംബ്രാഞ്ച്‌ അന്വേഷണത്തിന്‌ തുടക്കം

ഫാഷന്‍ഗോള്‍ഡ്‌ കേസി­ൽ ക്രൈംബ്രാഞ്ച്‌ അന്വേഷണത്തിന്‌ തുടക്കമിട്ടു. ക്രൈംബ്രാഞ്ച്‌ ഡിവൈഎസ്‌പി പി കെ സുധാകരന്റെ നേതൃത്വത്തില്‍ ഇന്‍സ്‌പെക്ടര്‍മാരായ സി എ അബ്ദുല്‍റഹീം, എം എ മാത്യു, കെ മധുസൂദനന്‍ എന്നിവരുള്‍പ്പെടുന്ന 12 അംഗ സംഘമാണ്‌ അന്വേഷണം നടത്തുന്നത്‌.

800 ഓളം നിക്ഷേപകരില്‍ നിന്നായി 132 കോടി രൂപയുടെ തട്ടിപ്പാണ്‌ നടന്നിട്ടുള്ളത്‌. 2003ലാണ്‌ ഫാഷന്‍ ഗോള്‍ഡ്‌ ഇന്റര്‍നാഷണല്‍ എന്ന പേരില്‍ ചെറുവത്തൂരില്‍ എം സി കമറുദ്ദീന്‍ ചെയര്‍മാനും ടി കെ പൂക്കോയ തങ്ങള്‍ എംഡിയുമായി ജ്വല്ലറി തുടങ്ങിയത്‌. ലീഗ്‌ ജില്ലാ പ്രവര്‍ത്തക സമിതി അംഗമാണ്‌ പൂക്കോയ തങ്ങള്‍. പിന്നീട്‌ ഫാഷന്‍ ഗോള്‍ഡ്‌ ഇന്റര്‍നാഷണല്‍, ഖമര്‍ ഫാഷന്‍ ഗോള്‍ഡ്‌, ഫാഷന്‍ ഗോള്‍ഡ്‌ ഓര്‍ണമെന്റ്‌, നുജൂം ഗോള്‍ഡ്‌ എന്നീ കമ്പനികൾ രജിസ്റ്റാര്‍ ഓഫ്‌ കമ്പനീസ്‌ (ആര്‍ഒസി) മുമ്പാകെ രജിസ്റ്റര്‍ ചെയ്‌തു.

ഓരോ വര്‍ഷവും ജ്വല്ലറിയിലെ വിറ്റുവരവും ആസ്‌തിയുടെ വിവരങ്ങളും മറ്റും ആര്‍ഒസിയില്‍ സമര്‍പ്പിക്കണം. എന്നാല്‍ 2017 മുതല്‍ ഒരു വിവരവും ഫയല്‍ ചെയ്‌തിട്ടില്ല. പണം നല്‍കിയ ചിലര്‍ക്ക്‌ കമ്പനികളുടെ പേരിലും സ്വന്തം പേരിലും കരാർ പത്രവും ചെക്കും നല്‍കിയിട്ടുണ്ട്‌. നിക്ഷേപം സ്വീകരിക്കുമ്പോള്‍ ആര്‍ഒസിയുടെ അനുമതി വാങ്ങണമെന്ന നിബന്ധനയും പാലിച്ചില്ല. ആവശ്യപ്പെട്ടാല്‍ തിരിച്ചുനല്‍കാമെന്ന്‌ വിശ്വസിപ്പിച്ച്‌ 50 രൂപയുടെ മുദ്രപത്രത്തില്‍ എഴുതി ഒപ്പിട്ടുനല്‍കിയാണ്‌ മിക്കവരില്‍നിന്നും പണം വാങ്ങിയത്‌.

ENGLISH SUMMARY: jew­el­ery invest­ment fraud mc kamarud­din mla have 53 new cases
you may also like this video