November 27, 2022 Sunday

Related news

November 12, 2020
November 7, 2020
November 7, 2020
November 4, 2020
October 22, 2020
October 11, 2020
September 23, 2020
September 14, 2020
September 6, 2020
June 16, 2020

ജ്വല്ലറി നിക്ഷേപ തട്ടിപ്പ്; കമറുദ്ദീനെ ലീഗും യുഡിഎഫും കൈവിട്ടു

Janayugom Webdesk
കാസർകോട്
November 4, 2020 8:38 pm

ജ്വല്ലറി നിക്ഷേപത്തട്ടിപ്പിൽ എംസി കമറുദ്ദീനെതിരെയുള്ള പ്രത്യേക സംഘത്തിന്റെ അന്വേഷണം അവസാനഘട്ടത്തിലെത്തി നിൽക്കെ എംഎൽഎക്കെതിരായ കുരുക്ക് മുറുകി. കമറുദ്ദീന്റെ തട്ടിപ്പ് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടിയാകുമെന്ന് ഉറപ്പായതോടെയാണ് എം എൽ എ സ്ഥാനം രാജിവയ്പ്പിച്ച് മുഖം രക്ഷിക്കാൻ കോൺഗ്രസും മുസ്ലീം ലീഗും ശ്രമം തുടങ്ങിയിട്ടുണ്ട്.

സാമ്പത്തിക ഇടപെടുകളിൽ പ്രശ്നപരിഹാരത്തിന് ആറ് മാസത്തെ സമയം ലീഗ് നേതൃത്വം അനുവദിച്ചിരുന്നു. ഇതിനിടെ മധ്യസ്ഥൻവഴി നിക്ഷേപകരുടെ പ്രശ്നങ്ങൾ പരിഹരിക്കാമെന്ന ലീഗ് നേതൃത്വത്തിന്റെ ശ്രമവും പാളി. ആസ്തികളും ബാധ്യതകളുമായി പൊരുത്തപ്പെടാത്ത സാമ്പത്തിക ഇടപാടുകൾ ലീഗ് നിയോഗിച്ച മധ്യസ്ഥരെപ്പോലും അമ്പരപ്പിച്ചിരിക്കുകയാണ്. സംസ്ഥാന ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുമ്പോൾ തട്ടിപ്പിന്റെ വ്യാപ്തി കൂടുതൽ വ്യക്തമായി. കേസിൽ ലീഗ് നേതൃത്വമാണ് മറുപടി പറയേണ്ടതെന്ന് യുഡിഎഫ് കൺവീനർ എം എം ഹസൻ ഇന്നലെ കാസർകോട് പറഞ്ഞു. നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് എം എം ഹസൻ പറഞ്ഞ മറുപടി തന്നെയായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആവർത്തിച്ചത്. എന്നാൽ നിക്ഷേപകരുടെ ബാധ്യത തീർക്കുന്ന കാര്യം പാർട്ടി ഏറ്റെടുത്തിട്ടില്ലെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെപിഎ മജീദ് പറഞ്ഞു.

കമ്പനി രൂപീകരിച്ച് കബളിപ്പിക്കൽ, നിയമം ലംഘിച്ചുള്ള ആസ്തിവിൽപ്പന, സ്വകാര്യസ്വത്ത് സമ്പാദനം, നികുതിവെട്ടിപ്പ്, വിദേശയാത്രകൾ എന്നിവയൊക്കെ അന്വേഷണ പരിധിയിൽ വരും. പൊതുപ്രവർത്തകൻ എന്ന സ്വാധീനമുപയോഗിച്ചുള്ള അഴിമതിയായും കമറുദ്ദീന്റെ തട്ടിപ്പിനെ കണക്കാക്കാമെന്നാണ് പ്രാഥമിക പരിശോധനയ്ക്കുശേഷം അന്വേഷണസംഘം പറയുന്നത്. യുഡിഎഫ് ഭരണത്തിൽ കരകൗശല കോർപറേഷൻ ചെയർമാനായിരുന്നപ്പോൾ സ്വർണക്കടത്തിന് കമറുദ്ദീൻ ഔദ്യോഗിക വാഹനം ഉപയോഗിച്ചുവെന്ന ആരോപണവും നിലനിൽക്കുന്നുണ്ട്.

എണ്ണൂറോളം നിക്ഷേപകരിൽ നിന്നായി തട്ടിയെടുത്ത 150 കോടിയോളം രൂപ തിരിച്ചുനൽകാനുള്ള നടപടികൾ എങ്ങുമെത്താതെ നിൽക്കുന്നതിനാലാണ് കമറുദ്ദീനെ ഒഴിവാക്കി മുഖം രക്ഷിക്കാനുള്ള നീക്കം നടക്കുന്നത്. കണ്ണൂർ, കാസർകോട് ജില്ലകളിലായി നിലവിൽ 94 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് കൂടി അടുത്തതോടെ പ്രശ്ന പരിഹാരം ഉണ്ടായില്ലെങ്കിൽ അത് ലീഗിനും യുഡിഎഫിനും വലിയ ക്ഷീണമുണ്ടാക്കുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. കമ്പനി നിയമപ്രകാരം രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങളായതിനാൽ ലീഗ് നേതൃത്വം കരുതുന്നതുപോലെ വിറ്റും കൈമാറിയും പണം തിരിച്ചുനൽകാനാകില്ല. ആസ്തിയും ബാധ്യതയും നാഷണൽ കമ്പനി ട്രിബ്യൂണൽ പരിശോധിച്ച് ഡയറക്ടർമാരുടെ വ്യക്തിപരമായ ആസ്തികളും പിടിച്ചെടുത്ത് നിയമനടപടിയിലൂടെ മാത്രമേ ക്രമക്കേട് പരിഹരിക്കാനാകൂ. നികുതിവെട്ടിപ്പ് നടത്തിയതിന് കോടികൾ പിഴയടയ്ക്കാൻ ജിഎസ്‌ടി വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. ജ്വല്ലറിയുടെ ബാക്കിയുള്ള ആസ്തികൾ കേസുകളിൽ അറ്റാച്ച് ചെയ്തിട്ടുമുണ്ട്.

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.