വീണ്ടും പശുഭീകരത: ജാര്‍ഖണ്ഡില്‍ യുവാവിനെ അടിച്ചുകൊന്നു

Web Desk
Posted on September 23, 2019, 11:28 am

റാഞ്ചി: ജാര്‍ഖണ്ഡില്‍ ഗോസംരക്ഷകരുടെ ആക്രമണത്തില്‍. ഗോത്രവര്‍ഗക്കാരനായ യുവാവ് കൊല്ലപ്പെട്ടു. രണ്ടു പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. തലസ്ഥാനമായ റാഞ്ചിയില്‍ നിന്നും 35 കിലോമീറ്റര്‍ അകലെ ഖുന്തി ജില്ലയില്‍ ഞായറാഴ്ചയാണ് സംഭവം.

പശുവിന്റെ മാംസം വില്‍ക്കുന്നുവെന്ന് ആരോപിച്ചാണ് സുവാരിജല്‍ത്താന്ത ഗ്രാമത്തില്‍ ജനക്കൂട്ടം യുവാക്കളെ അക്രമിച്ചത്. പശുവിനെ അറുക്കുന്നത് കണ്ടെന്ന് ഗ്രാമീണര്‍ ആരോപിക്കുന്നു. കെലെം ബര്‍ല, ഫിലിപ് ഹോറോ, ഫാഗു കചപ് എന്നിവരാണ് അക്രമത്തിനിരയായത്. ക്രൂരമര്‍ദ്ദനത്തിനിരയായ യുവാക്കളെ പോലിസ് സ്ഥലത്തെത്തി ആശുപത്രിയിലേക്ക് മാറ്റി എന്നാല്‍ ബര്‍ല ആശുപത്രിയിയില്‍ മരിക്കുകയായിരുന്നു. മറ്റു രണ്ടുപേരും ചികിത്സയിലാണ്. സംഭവത്തെ കുറിച്ച് വ്യക്തമായ വിവരമൊന്നും ലഭിച്ചിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും ഡിഐജി പറഞ്ഞു. സംഭവത്തില്‍ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ചത്ത കാളയെ മുറിച്ചെന്നാരോപിച്ച് ഏപ്രിലില്‍ ഇവിടെ ഗോത്രവര്‍ഗക്കാരനായ പ്രകാശ് ലാക്ര എന്നയാളെ അടിച്ചു കൊന്നിരുന്നു. ഇതില്‍ പൊലിസ് ഗോവധ നിരോധന നിയമ പ്രകാരമാണ് കേസെടുത്തിരുന്നത്. പിന്നീട് സെപ്റ്റംബറില്‍ സമാനമായ മൂന്ന് കേസുകള്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ സംസ്ഥാനത്ത് 21ലേറെ ആളുകള്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. രാജ്യത്ത് ഏറെ വിവാദം സൃഷ്ടിച്ച തബ്രീസ് അന്‍സാരിയുടെ കൊലപാതകത്തില്‍ ഗോസംരക്ഷകര്‍ക്കെതിരെ കൊലക്കുറ്റം ഒഴിവാക്കിയത് ഏറെ പ്രതിഷേധത്തിന് കാരണമായിരുന്നു. ജയ്ശ്രീറാം എന്ന് മുദ്രാവാക്യം വിളിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു സംഘടനാ പ്രവര്‍ത്തകര്‍ അന്‍സാരിയെ മര്‍ദ്ദിച്ചുകൊല്ലുകയായിരുന്നു.