റാഞ്ചി: ഝാർഖണ്ഡ് നിയമസഭയിലേക്ക് അഞ്ച് ഘട്ടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം ഇന്ന്. 81 മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. 24 ജില്ലാ ആസ്ഥാനങ്ങളിലായി രാവിലെ എട്ട് മണിമുതലാണ് വോട്ടെണ്ണൽ തുടങ്ങുക. കിഴക്കൻ ജാംഷെഡ്പുരാണ് തെരഞ്ഞെടുപ്പിലെ പ്രധാന ശ്രദ്ധാകേന്ദ്രം. മുഖ്യമന്ത്രിയായ രഘുബർ ദാസാണ് 1995 മുതൽ ഈ സീറ്റിൽ വിജയിക്കുന്നത്. സരയു റായ് ആണ് അദ്ദേഹത്തിന്റെ എതിരാളി. 2014ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപി 37 സീറ്റുകളാണ് നേടിയത്. 81 മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ കേവല ഭൂരിപക്ഷം ലഭിക്കാത്തതിനെത്തുടർന്ന് എജെഎസ്‍യുവുമായി ചേർന്നാണ് സർക്കാർ രൂപീകരിക്കുന്നത്.
ഓൾ ഝാർഖണ്ഡ് സ്റ്റുഡന്റ് യൂണിയന് 5 സീറ്റുകളായിരുന്നു ലഭിച്ചത്. പ്രധാന പ്രതിപക്ഷ പാർട്ടിയായ ഝാർഖണ്ഡ് മുക്തി മോർച്ചയ്ക്ക് ലഭിച്ചത് 19 സീറ്റുകളും. കോൺഗ്രസ് ആറ് സീറ്റുകളിലും വിജയിച്ചു. ബിജെപി സർക്കാരിന് അധികാരത്തുടർച്ച ഉണ്ടാകില്ലെന്നാണ് എക്സിറ്റ്പോൾ ഫലങ്ങൾ നൽകുന്ന സൂചന. കോൺഗ്രസ്-ജെഎംഎം സഖ്യം 38 മുതൽ 50 സീറ്റുകൾ വരെ നേടുമെന്നാണ് ഇന്ത്യാ ടുഡേ-ആക്‌സിസ് മൈ ഇന്ത്യയും പുറത്തുവിട്ട ഫലം പറയുന്നത്. 35 സീറ്റുകൾ വരെ കോൺഗ്രസ്- ജെഎംഎം സഖ്യം നേടുമെന്ന് സീ വോട്ടർ സർവേയും പറയുന്നു. പ്രാദേശിക മാധ്യമമായ കാശിഷ് ന്യൂസ് സർവേ ജെഎംഎം–കോൺഗ്രസ് സഖ്യത്തിന് വ്യക്തമായ മേൽക്കൈ ഉണ്ടാകുമെന്നാണ് പ്രവചിച്ചിരിക്കുന്നത്.
ജെഎംഎം–കോൺഗ്രസ് സഖ്യത്തിന് 37 മുതൽ 49 സീറ്റു വരെ ലഭിക്കുമ്പോൾ ബിജെപിക്ക് 25 മുതൽ 30 സീറ്റ് മാത്രമാണ് ഇവർ പ്രവചിക്കുന്നത്. സഖ്യകക്ഷികൾ ഒറ്റയ്ക്ക് മത്സരിക്കാൻ തീരുമാനിച്ചത് ബിജെപിയെ തുടക്കത്തിൽതന്നെ പ്രതിരോധത്തിലാക്കിയിരുന്നു. നാലാംഘട്ട വോട്ടെടുപ്പും അഞ്ചാംഘട്ട വോട്ടെടുപ്പും നടന്നത് പൗരത്വ ഭേദഗതി പ്രതിഷേധം ആളിക്കത്തുമ്പോഴായിരുന്നു. വോട്ടർമാരിലും ഇത് പ്രതിഫലിച്ചിട്ടുണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.