ശബരിമലയില്‍ കാണുന്നത് ആര്‍എസ്എസിന്‍റെയും ബിജെപിയുടെയും വിവരമില്ലായ്മ: ജിഗ്‌നേഷ് മേവാനി

Web Desk
Posted on November 11, 2018, 11:18 am

കാസര്‍കോഡ്: ശബരിമല വിഷയത്തില്‍ ആര്‍എസ്എസിനും ബിജെപിക്കുമെതിരെ കടുത്ത വിമര്‍ശവുമായി ഗുജറാത്ത് എംഎല്‍എ ജിഗ്‌നേഷ് മേവാനി രംഗത്ത്. ശബരിമലയില്‍ കാണുന്നത് ആര്‍എസ്എസിന്റെയും, ബിജെപിയുടെയും വിവരമില്ലായ്മയാണെന്ന് ജിഗ്‌നേഷ് ആരോപിച്ചു. ലോകം നമ്മുടേത് എന്ന യുവജന കൂട്ടായ്മ കാസര്‍കോട് നിന്നാരംഭിച്ച പദയാത്രയില്‍ സംസാരിക്കുകയായിരുന്നു ജിഗ്‌നേഷ് മേവാനി.

കോടതി വിധി അംഗീകരിക്കാതെ ദര്‍ശനത്തിന് എത്തുന്ന യുവതികളെ തടയുന്നത് ശരിയല്ല. സ്ത്രീകളുടെ പുരോഗതിക്കായി നിരവധി പദ്ധതികള്‍ നടപ്പാക്കിയെന്നു അവകാശപ്പെടുന്ന പ്രധാനമന്ത്രി എന്തുകൊണ്ടാണ് ശബരിമലയിലെ യുവതീപ്രവേശന വിഷയത്തില്‍ മൗനം പാലിക്കുന്നതെന്ന് ജിഗ്‌നേഷ് ചോദിച്ചു. മുത്തലാഖ് വിലക്കുന്നത് പുതിയ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് പറയുന്ന ബിജെപി ശബരിമല വിഷയത്തില്‍ കോടതി വിധി അംഗീകരിക്കണമെന്നും ജിഗ്‌നേഷ് ആവശ്യപ്പെട്ടു.

ജനാധിപത്യം സംരക്ഷിക്കുക, പ്രകൃതിയെ വീണ്ടെടുക്കുക തുടങ്ങിയ സന്ദേശങ്ങള്‍ ഉയര്‍ത്തിയാണ് നാളത്തെ ലോകം നമ്മുടേത് എന്ന യുവജന കൂട്ടായ്മ പദയാത്ര സംഘടിപ്പിച്ചിരിക്കുന്നത്. വയനാടൊഴിച്ചുള്ള ജില്ലകളിലെ പര്യടനത്തിനുശേഷം അടുത്ത മാസം 20ന് തിരുവനന്തപുരത്താണ് സമാപനം.