ജിണ്ടന്‍ ആനയുടെ വികൃതി

Web Desk
Posted on June 03, 2018, 1:03 am

ബാലയുഗം

സന്തോഷ് പ്രിയന്‍
മഹാവികൃതിയായിരുന്നു ജിണ്ടന്‍ ആന. അച്ഛനും അമ്മയും പറയുന്നതൊന്നും അവന്‍ അനുസരിക്കാറില്ലായിരുന്നു. കാടിന്റെ അതിര്‍ത്തിഭാഗത്തൊന്നും പോകരുതെന്ന് പറഞ്ഞാല്‍ ജിണ്ടനാന കേട്ട ഭാവംപോലുമില്ലാതെ കുറുമ്പുകാട്ടി അങ്ങോട്ടുതന്നെ ഓടിപ്പോകും.
തുമ്പിക്കൈ ഉയര്‍ത്തി ഓടുമ്പോള്‍ വഴിയില്‍ കാണുന്ന മരങ്ങളിലെ ചില്ലകള്‍ ഒടിച്ച് മറിച്ചാണ് അവന്റെ പോക്ക്. ചില്ലകളില്‍ കൂനംകുത്തി മറിയുന്ന പാവം കുട്ടിക്കുരങ്ങുകള്‍ ദൂരേക്ക് തെറിച്ച് വീഴുകയും ചെയ്യും. അതുകണ്ട് ജിണ്ടന്‍ കുലുങ്ങിച്ചിരിക്കും. മരപ്പൊത്തിലെ പക്ഷികളുടെ മുട്ടകള്‍ തച്ചുടയ്ക്കുന്നതും അവന് രസമാണ്. ജിണ്ടന്റെ ശല്യം സഹിക്കാതെ വന്നപ്പോള്‍ കുരങ്ങന്മാരും പക്ഷികളും അവനോട് ഒരുദിവസം പറഞ്ഞു.
‘ജിണ്ടാ, ഞങ്ങളെ ഇങ്ങനെ ദ്രോഹിക്കരുതേ…ഞങ്ങള്‍ ഒരു തെറ്റും നിന്നോട് ചെയ്തിട്ടില്ലല്ലോ’
അപ്പോള്‍ ജിണ്ടന്‍ പറഞ്ഞു.
ഹും, ഏറ്റവും വലിയ മൃഗമല്ലേ ആന. അപ്പോള്‍ ഞങ്ങള്‍ക്ക് എന്തും കാണിക്കാം.
‘ജിണ്ടാ നമുക്ക് കാട്ടില്‍ കൂട്ടുകാരായി കഴിയാം. എത്ര സന്തോഷമായിരിക്കും അത്.’ പക്ഷികള്‍ അത് പറഞ്ഞപ്പോള്‍ അവന്‍ അവിടെ നിന്നും ഓടിപ്പോയി.
‘ചതിച്ചോ ദൈവമേ, അവന്‍ ഞങ്ങളുടെ മുട്ടകള്‍ വീണ്ടും നശിപ്പിക്കും.’ പക്ഷികള്‍ നിലവിളിച്ചുകൊണ്ട് ജിണ്ടന്റെ പിന്നാലെ പറന്നു.
ജിണ്ടന്‍ മരച്ചില്ലകള്‍ ഒടിച്ചുകളഞ്ഞ് മുന്നോട്ട് പോയി. പാവം പക്ഷികളുടെ കൂടുകളിലെ മുട്ടകള്‍ നിലത്തുവീണ് പൊട്ടിച്ചിതറി.
‘ജിണ്ടാ, അരുതേ, ഒന്നും ചെയ്യരുതേ’ അവര്‍ വിളിച്ചുപറഞ്ഞു. പക്ഷേ, ജിണ്ടനുണ്ടോ അതെങ്ങാനും കേള്‍ക്കുന്നു. പെട്ടെന്നാണത് സംഭവിച്ചത്. കാടിന്റെ അതിര്‍ത്തിയില്‍ മനുഷ്യര്‍ കെട്ടിയിരുന്ന മുള്ളുവേലിയില്‍ തൊട്ടതും ജിണ്ടന്‍ തെറിച്ച് ദൂരേക്ക് വീണു. മൃഗങ്ങള്‍ കൃഷിയിടത്തില്‍ കയറാതിരിക്കാന്‍ കര്‍ഷകര്‍ വൈദ്യുതി വേലി ഉണ്ടാക്കിയതിലാണ് ജിണ്ടന്‍ തൊട്ടത്. ഷോക്കേറ്റുവീണു പിടഞ്ഞ ജിണ്ടനെ പക്ഷികളും കുരങ്ങന്മാരും തട്ടിയും തലോടിയും ഒരുവിധം രക്ഷപ്പെടുത്തി.
താന്‍ ദ്രോഹിച്ചവരാണല്ലോ തന്റെ രക്ഷയ്ക്ക് എത്തിയതെന്ന് മനസിലാക്കിയ ജിണ്ടന്‍ ലജ്ജിച്ച് തല താഴ്ത്തി. പിന്നീടൊരിക്കലും അവന്‍ ആരേയും ദ്രോഹിക്കാതെ നല്ലവനായി കഴിഞ്ഞു.