അച്ഛന്റെ വേര്‍പാടില്‍ നിന്ന് ഫിറ്റ്‌നസ് രംഗത്തേക്ക്; ജിനി ഇന്ന് മലയാളത്തിന്റെ ഫിറ്റ്‌നസ് ക്വീന്‍

Web Desk
Posted on March 26, 2019, 5:43 pm

പുരുഷന്മാരുടെ മാത്രം കുത്തകയായിരുന്ന ഫിറ്റ്നസ് മേഖലയില്‍ ഒരു യുവവനിതാ സാന്നിധ്യം. ജിനി ഗോപാല്‍ എന്ന യുവതിയാണ് ഫിറ്റ്‌നസ് മേഖലയിലേക്ക്  വ്യത്യസ്തത തീര്‍ത്ത് കടന്നുവന്നിരിക്കുന്നത്. വെറുതെ ഫിറ്റ്‌നസ് രംഗത്തേക്ക് കടന്നുവന്നെന്ന് മാത്രമല്ല, മിസ്റ്റര്‍ ആന്‍ഡ് മിസ് എറണാകുളം വേദിയില്‍ നിന്ന് ഫിറ്റ്‌നസ് പട്ടം സ്വന്തമാക്കി ജിനി തുടക്കം കുറിച്ചു. പിന്നെ അങ്ങോട്ട് നേട്ടങ്ങളുടെ കാലമായിരുന്നു ജിനിയുടെ ജീവിതത്തില്‍. പല മത്സരങ്ങളിലും ചാമ്പ്യന്‍ഷിപ്പുകള്‍ സ്വന്തമാക്കി. മലയാളത്തിന്‍റെ ഫിറ്റ്നസ് ക്വീന്‍ എന്ന പട്ടവും ജിനിയുടെ പേരിലുണ്ട്.

ഫിറ്റനസ് ജീവിതത്തെക്കുറിച്ച് ജിനി ഗോപാല്‍ പറയുന്നത്:

വനിതാ സംരഭകയായി അറിയപ്പെട്ടപ്പോഴാണ് തന്‍റെ അച്ഛന്‍ വിട പറഞ്ഞത്. തന്‍റെ റോള്‍മോഡലായ അച്ഛന്‍റെ വിയോഗത്തില്‍  നൂലു പൊട്ടിയ പട്ടം പോലെയായി മാറിയപ്പോള്‍ പലതും പരീക്ഷിച്ചു. യാത്ര വായന, നൃത്തം, യോഗ അങ്ങനെ ഓരോന്ന് പരീക്ഷിച്ചു. ഒടുവില്‍ ആലിന്‍ ചുവട് ഫിറ്റ്നസ് സെന്‍ററില്‍ ചേര്‍ന്നതോടെയാണ് ജീവിതം മാറി മറിഞ്ഞത്. ഫിറ്റ്‌നസ് രംഗത്തേക്ക് തന്നെ എത്തിച്ചത് പരിശീലകനായ അനന്തു രാജാണ്. ഫിറ്റ്‌നസ് മത്സരങ്ങളില്‍ പങ്കെടുക്കാന്‍ നിര്‍ദ്ദേശിച്ചതും അനന്തുവാണ്.

കൃത്യമായ പരിശീലനത്തിലൂടെ മാത്രമേ ഫിറ്റ്നസ് മത്സരവേദിയില്‍ പങ്കെടുക്കാനാവു.. എങ്കിലും പരിശീലകന്‍ നല്‍കിയ ആത്മവിശ്വാസമാണ് വേദിയില്‍ മത്സരിക്കാന്‍ കരുത്ത് നല്‍കിയത്.

Image may contain: 9 people, people smiling, people standing

മണിക്കൂറുകള്‍ നീളുന്ന പരിശീലനം, ക്ഷീണമകറ്റാന്‍ പച്ചക്കറിയും പഴങ്ങളും പിന്നെ നൃത്തവും കളരിയും ഇങ്ങനെ പോകുന്നു ദിനചര്യ. ഡിസൈനിങ്ങ്, മോഡലിങ്ങ് വനിതാ സംരഭക എന്ന നിലയിലും ഇതിനോടകം തന്നെ ജിനി അറിയപ്പെട്ടുകഴിഞ്ഞു.

മൂന്ന് ഘട്ടങ്ങളിലാണ് ഫിറ്റ്‌നസ് മത്സരങ്ങള്‍ നടക്കുന്നത്. അനാട്ടമി, സെല്‍ഫ് ഇന്‍ട്രൊഡക്ഷന്‍, പെര്‍ഫോമന്‍സ് എന്നിങ്ങനെയാണ് മൂന്ന് ഘട്ടങ്ങള്‍. മൂന്നാമത്തെ ഘട്ടമായ പെര്‍ഫോമന്‍സ് കുറച്ച് ബുദ്ധിമുട്ടേറിയതായിരുന്നു. രണ്ട് മിനിറ്റ് നീണ്ട് നില്‍ക്കുന്ന പെര്‍ഫോമന്‍സ് റൗണ്ടില്‍ ശരീരത്തിന്റെ ഫ്‌ലക്‌സിബിലിറ്റി പ്രകടിപ്പിക്കുന്ന വിധത്തിലുള്ള പ്രകടനമാണ് നടത്തിയത്.

കുട്ടിക്കാനത്ത് നിന്ന് എറണാകുളത്ത് എത്തിയ ശേഷം ആറ്റിറ്റ്യൂഡ് ദി അറ്റയര്‍ ഡിസൈനറി എന്ന ഡിസൈനിങ് യൂണിറ്റാണ് ജീവിതം കരുപ്പിടിപ്പിച്ചത്. എന്തിനും ഏതിനും ആത്മവിശ്വാസം പകര്‍ന്നു നല്‍കാന്‍ അമ്മ ഒപ്പമുള്ളതാണ് ഒരു ധൈര്യം.

മാഗസിനുകളില്‍ കവര്‍ മോഡലുകള്‍ക്കായി ചെയ്ത ഡിസൈനുകളും ശ്രദ്ധേയമാണ്. ഫിറ്റ്‌നസ് ക്വീന്‍ ആയതോടെ സിനിമാരംഗത്തേക്കും ക്ഷണം ലഭിച്ചു മികച്ച അവസരം ലഭിച്ചാല്‍ അഭിനയ രംഗത്തേക്ക് വരും.