Friday
06 Dec 2019

‘അര്‍ജുന’യുടെ തിളക്കത്തില്‍ ജിന്‍സണ്‍ ജോണ്‍സണ്‍

By: Web Desk | Monday 17 September 2018 5:51 PM IST


SWEEKARANAM
ജില്ലാ അത്‌ലറ്റിക്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ നല്‍കിയ സ്വീകരണത്തില്‍ നിന്ന്

കെ കെ ജയേഷ്

കോഴിക്കോട്: ഏഷ്യന്‍ ഗെയിംസിലെ മികച്ച നേട്ടത്തിന് പിന്നാലെ കായിക മേഖലയിലെ ഉന്നത ബഹുമതിയായ അര്‍ജുന അവാര്‍ഡും തേടിയെത്തിയതിലുള്ള സന്തോഷത്തിലാണ് ജിന്‍സണ്‍ ജോണ്‍സണ്‍. ഏഷ്യന്‍ ഗെയിംസില്‍ 1500 മീറ്ററില്‍ സ്വര്‍ണവും 800 മീറ്ററില്‍ വെള്ളിമെഡലും നേടി നാട്ടില്‍ തിരിച്ചെത്തിയ ശേഷം സ്വീകരണങ്ങളുടെ തിരക്കിലാണ് ജിന്‍സണ്‍. കഴിഞ്ഞ ദിവസങ്ങളിലാണ് ജില്ലാ അത്‌ലറ്റിക്‌സ് അസോസിയേഷന്റെയും സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും സ്വീകരണം കഴിഞ്ഞത്. ഏഷ്യന്‍ ഗെയിംസിലെ മികച്ച പ്രകടനം പരിഗണിച്ചാണ് അര്‍ജുന അവാര്‍ഡും ലഭിക്കുന്നത്. തിരക്കുകള്‍ക്കിടയിലാണ് ഈ സന്തോഷ വാര്‍ത്തയും ജിന്‍സണ്‍ കേട്ടത്. രാജ്യം നല്‍കിയ ആദരവില്‍ വലിയ സന്തോഷമുണ്ടെന്ന് ജിന്‍സണ്‍ മാധ്യമങ്ങളോട് പറഞ്ഞു.
പേരാമ്പ്രയ്ക്കടുത്ത് ചക്കിട്ടപ്പാറ സ്വദേശിയാണ് ജിന്‍സണ്‍ ജോണ്‍സണ്‍. കോഴിക്കോട് ജില്ലയിലെ ഈ മലയോര ഗ്രാമത്തില്‍ നിന്ന് അര്‍ജുന അവാര്‍ഡിലേക്ക് വരെ ജിന്‍സണ്‍ വളര്‍ന്നത് ഒട്ടേറെ ത്യാഗങ്ങള്‍ സഹിച്ചും ചിട്ടയായ പരിശീലനത്തിലൂടെയുമാണ്. പീറ്റര്‍ എന്ന പരിശീലകനാണ് ജിണ്‍സനെ ഉയരങ്ങളിലേക്ക് നയിച്ചത്. അദ്ദേഹത്തിന്റെ അടുത്ത് 2006 ആദ്യമായി പരിശീലനത്തിനെത്തുമ്പോള്‍ വിദ്യാഭ്യാസ ജില്ലയില്‍ 1500 മീറ്ററില്‍ ലഭിച്ച ഒരു മൂന്നാം സ്ഥാനം മാത്രമായിരുന്നു ജിന്‍സന്റെ സമ്പാദ്യം. പ്ലസ് ടു വില്‍ പഠിക്കുന്ന കാലമായിരുന്നു. തുടര്‍ന്ന് പരിശീലനം ആരംഭിച്ചു. അടുത്ത വര്‍ഷം ജില്ലയില്‍ നടന്ന ക്രോസ് കണ്‍ട്രി മത്സരങ്ങളിലൂടെയായിരുന്നു ജിന്‍സന്റെ വിജയത്തുടക്കം. മത്സരത്തില്‍ ഒന്നാം സ്ഥാനം കിട്ടി. പിന്നീട് മിന്നല്‍ കുതിപ്പിലൂടെ ഇന്ത്യയ്ക്ക് സ്വര്‍ണ്ണം സമ്മാനിക്കുന്ന മലയാളി താരമായി ജിന്‍സണ്‍ വളരുകയായിരുന്നു. പീറ്റര്‍ സാറിന്റടുത്ത് നിന്ന് കിട്ടിയ പരിശീലനമാണ് തുടര്‍ന്നുള്ള വിജയങ്ങള്‍ക്ക് സഹായിച്ചതെന്ന് ജിന്‍സണ്‍ വ്യക്തമാക്കുന്നു.

JINSON AJ

കോളെജില്‍ പഠിക്കുമ്പോള്‍ ഇമ്മാനുവല്‍ എന്ന പരിശീലകന് കീഴിലും ആര്‍മിയില്‍ എത്തിയ ശേഷം അഞ്ച് വര്‍ഷം മുഹമ്മദ് കുഞ്ഞിയുടെ കീഴിലുമായിരുന്നു പരിശീലനം. ഈ സമയത്താണ് അന്താരാഷ്ട്ര തലത്തില്‍ ആദ്യ മെഡല്‍ സ്വന്തമാക്കിയത്. പിന്നീട് ആര്‍ എസ് ഭാട്യയുടെ കീഴില്‍ പരിശീലനം നേടിയ മികച്ച നേട്ടങ്ങള്‍ സ്വന്തമാക്കി. ഓരോ ഗ്രാമപ്രദേശങ്ങളിലും കായിക പ്രതിഭകള്‍ക്ക് മികച്ച പരിശീലനം നേടാനുള്ള സൗകര്യം ഒരുക്കണമെന്ന അഭ്യര്‍ത്ഥനയും ജിന്‍സനുണ്ട്.
ഏഷ്യന്‍ ഗെയിംസില്‍ നേട്ടമുണ്ടായപ്പോള്‍ സ്‌നേഹത്തോടെ ഓര്‍ത്തത് കുടുംബത്തെയും നാട്ടുകാരെയുമാണെന്ന് ജിന്‍സണ്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇവരാണ് എന്നും പ്രചോദനം. റിയോ ഒളിംപിക്സില്‍ പങ്കെടുത്ത് തിരിച്ച് വരുമ്പോള്‍ നാട്ടില്‍ ഹര്‍ത്താലായിരുന്നു. ജോലി സ്ഥലമായ ഊട്ടിയില്‍ നിന്നും ബുള്ളറ്റിലാണ് അന്ന് നാട്ടിലെത്തിയത്. അതറിഞ്ഞിട്ട് ഹര്‍ത്താല്‍ പോലും മറന്ന് എനിക്ക് കോഴിക്കോട്ട് സ്വീകരണം നല്‍കി. ഇത്തരം പിന്തുണയാണ് വലുതെന്നും ഒളിംപിക്സിന് ശക്തമായി ഒരുങ്ങാന്‍ എല്ലാവരുടെയും പിന്തുണ വേണമെന്നും കഴിഞ്ഞ ദിവസം നടന്ന സ്വീകരണച്ചടങ്ങില്‍ വെച്ച് ജിന്‍സണ്‍ പറഞ്ഞിരുന്നു.
ഏഷ്യന്‍ ഗെയിംസില്‍ 1500 മീറ്ററില്‍ മത്സരിക്കാനിറങ്ങും മുമ്പ് 800 മീറ്ററില്‍ രണ്ടാമനായിപ്പോയതിന്റെ നിരാശ ജിന്‍സനുണ്ടായിരുന്നു. 800 മീറ്ററിലെ ദേശീയ റെക്കോഡുകാരനായിട്ടും ഇന്ത്യന്‍ താരം തന്നെയായ മന്‍ജിത് സിങ്ങിന്റെ കുതിപ്പിനെ മറികടക്കാന്‍ സാധിച്ചില്ല. 800 മീറ്ററില്‍ കണക്ക് കൂട്ടല്‍ പിഴച്ചുവെന്ന് ജിന്‍സന്‍ തന്നെ വ്യക്തമാക്കുന്നു. എങ്കിലും സഹതാരമായ മന്‍ജിത് സ്വര്‍ണ്ണം നേടിയതിനാല്‍ വലിയ സന്തോഷം തോന്നി. ഒരേ ഇനത്തില്‍ ഇന്ത്യ സ്വര്‍ണ്ണവും വെള്ളിയും നേടുമ്പോള്‍ അതില്‍പ്പരം സന്തോഷിക്കാന്‍ മറ്റെന്താണുള്ളതെന്നാണ് ജിന്‍സണ്‍ ചോദിക്കുന്നത്. ഈ മത്സരം വിശകലനം ചെയ്‌പ്പോഴാണ് ഫിനിഷിംഗ് ഘട്ടത്തിലാണ് പ്രശ്‌നമെന്ന് മനസ്സിലായത്. 1500 മീറ്ററില്‍ ഇത് മറികടക്കണമെന്ന് ഉറപ്പിച്ചു.
ഇവിടെ അത്‌ലറ്റിക് മേളകള്‍ കാണാന്‍ ആളുകളുണ്ടാവാത്തതാണ് ജിന്‍സനെ വിഷമിപ്പിക്കുന്നത്. നാഷണല്‍ ഓപ്പണ്‍ അത്‌ലറ്റിക് മീറ്റ് പോലും ശൂന്യമായ ഗ്യാലറികളെ സാക്ഷിയാക്കിയാണ് നടക്കാറുള്ളത്. എന്നാല്‍ വിദേശങ്ങളില്‍ ഇതല്ല സ്ഥിതി. അവിടെ കാണികള്‍ ടിക്കറ്റെടുത്താണ് ഇത്തരം മത്സരങ്ങള്‍ കാണാനെത്തുന്നത്. ഈ പിന്തുണ കായിക താരങ്ങള്‍ക്ക് വലിയ ഊര്‍ജ്ജവും ആത്മവിശ്വാസവും പ്രധാനം ചെയ്യുമെന്നും ജിന്‍സണ്‍ വിശ്വസിക്കുന്നു. ഇനിയുള്ള പരിശീലനമെല്ലാം ഒളിമ്പിക്‌സ് മുന്നില്‍ കണ്ടുകൊണ്ടാവുമെന്നും ഇദ്ദേഹം വ്യക്തമാക്കുന്നു.