ജിഷ ഒരു കൊലപാതകത്തിന് ദൃക്സാക്ഷിയായിരുന്നെന്ന് വെളിപ്പെടുത്തല്‍

Web Desk
Posted on January 02, 2018, 6:16 pm

കൊച്ചി:  കൊല്ലപ്പെട്ട നിയമ വിദ്യാര്‍ത്ഥിനി ജിഷ ഒരു കൊലപാതകത്തിന് ദൃക്സാക്ഷിയായിരുന്നെന്നും ഇതു പോലീസ് അന്വേഷണത്തിൽ വന്നില്ലെന്നും  പെരുമ്പാവൂരിലെ ഓട്ടോഡ്രൈവറുടെ വെളിപ്പെടുത്തല്‍. ഓട്ടോ ഡ്രൈവറായ കെ.വി നിഷയാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

പെരുമ്പാവൂരിലെ പാറമടയില്‍ നടന്ന കൊലപാതകം ജിഷ നേരിട്ടു കണ്ടിരുന്നുവെന്ന് നിഷ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇതില്‍ കാര്യമായ അന്വേഷണം പൊലീസ് നടത്തിയില്ലെന്നും ഇവര്‍ ആരോപിച്ചു.

പാറമടയിലെ കൊലപാതകത്തിന്റെ കാര്യം അന്വേഷണ സംഘത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും അത് അന്വേഷിക്കാന്‍ പൊലീസ് കൂട്ടാക്കിയില്ലെന്നും നിഷ ആരോപിക്കുന്നു. ഈ വിഷയത്തില്‍ തെളിവുകള്‍ ശേഖരിക്കാനായാണ് ജിഷ പെന്‍ക്യാമറ വാങ്ങിയത്. ജിഷയുടെ അമ്മ രാജേശ്വരിക്ക് ഇക്കാര്യങ്ങള്‍ അറിയാമായിരുന്നെന്നും നിഷ പറയുന്നു.ജിഷ കൊലചെയ്തെന്നു പറയുന്ന അമീര്‍ ഒറ്റയ്ക്കാണ് കൊലപാതകം നടത്തിയതെന്ന് വിശ്വാസിക്കാനാവുന്നില്ലെന്നും നിഷ പറയുന്നു.

2016 ഏപ്രില്‍ 28ന് രാത്രിയാണ് ജിഷയെ പെരുമ്പാവൂരിലെ കുറുപ്പംപടിയിലെ കനാല്‍ പുറമ്പോക്കിലുള്ള ഒറ്റമുറി ഷെഡില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.