Web Desk

പട്ന

May 25, 2021, 9:26 pm

മരണ സർട്ടിഫിക്കറ്റിലും മോഡിയുടെ ഫോട്ടോ നൽകിക്കൂടേ? ജിതൻ റാം മാഞ്ചി

Janayugom Online

കോവിഡ് വാക്‌സിന്‍ സർട്ടിഫിക്ക‌റ്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ചിത്രം നൽകിയിരിക്കുന്നതിനെതിരെ രൂക്ഷ വിമർശനവുമായി എൻ‌ഡി‌എ സഖ്യകക്ഷിയായ ഹിന്ദുസ്ഥാനി അവാം മോർച്ച നേതാവും മുൻ മുഖ്യമന്ത്രിയുമായ ജിതൻ റാം മാഞ്ചി.

“വാക്സിൻ സർട്ടിഫിക്കറ്റിൽ ഫോട്ടോ നൽകാൻ താല്പര്യമുണ്ടെങ്കിൽ, മരണ സർട്ടിഫിക്കറ്റിലും ഫോട്ടോ നൽകണം. എങ്കിലേ ശരിയാകൂ”- എന്നാണ് ജിതൻ റാം മാഞ്ചിയുടെ പ്രതികരണം. കോവിഡ് പ്രതിരോധത്തിന്റെ ക്രെഡിറ്റ് ഏറ്റെടുക്കുന്നവര്‍ മരണങ്ങളുടെ ഉത്തരവാദിത്വവും ഏറ്റെടുക്കണം. എന്തിന് മറ്റുള്ളവര്‍ കോവിഡ് മരണങ്ങളുടെ പേരില്‍ പഴി കേള്‍ക്കണമെന്ന് പാര്‍ട്ടി വക്താവ് ഡാനിഷ് റിസ്വാനും ചോദിച്ചു. മാഞ്ചിയുടെ ട്വീറ്റ് പിന്നീട് ഡിലീറ്റ് ചെയ്തു.

“കോവാക്സിന്‍ രണ്ടാം ഡോസ് സ്വീകരിച്ചതോടെ എനിക്കും വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് കിട്ടി. അതില്‍ പ്രധാനമന്ത്രിയുടെ ചിത്രമുണ്ട്. ഭരണഘടനാപരമായി രാഷ്ട്രപതിയാണ് തലവന്‍. അതിനാല്‍ രാഷ്ട്രപതിയുടെ ഫോട്ടോ നല്‍കുന്നതായിരുന്നു നല്ലത്. ഫോട്ടോ വേണമെന്ന് നിര്‍ബന്ധമാണെങ്കില്‍ രാഷ്ട്രപതി, പ്രധാനമന്ത്രി, മുഖ്യമന്ത്രി എന്നിവരുടെ ഫോട്ടോകള്‍ ഉള്‍പ്പെടുത്താമായിരുന്നു”. എന്നായിരുന്നു കോവിഡ് വാക്സിന്‍ രണ്ടാം ഡോസും സ്വീകരിച്ച ശേഷം മാഞ്ചി ചെയ് ട്വീറ്റ്.

മാഞ്ചിയുടെ പരാമര്‍ശങ്ങള്‍ക്കെതിരെ ബിഹാറിലെ ബിജെപി നേതാക്കള്‍ രംഗത്തത്തിയിട്ടുണ്ട്.
ഛത്തിസ്ഗഢില്‍ കോവിഡ് വാക്സിന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ചിത്രം ഒഴിവാക്കിയിരുന്നു. 18–44 പ്രായ പരിധിയില്‍പ്പെട്ടവരുടെ വാക്സിന്‍ സര്‍ട്ടിഫിക്കറ്റില്‍ മുഖ്യമന്ത്രി ഭൂപേഷ് ഭാഗലിന്റെ ചിത്രമാണുള്ളത്. അവിടെ കോവിന്‍ പോര്‍ട്ടലിന് പകരം സംസ്ഥാന സര്‍ക്കാരിന്റെ പോര്‍ട്ടലിലാണ് ഇപ്പോള്‍ വാക്സിന് വേണ്ടിയുള്ള രജിസ്ട്രേഷന്‍ നടക്കുന്നത്.

Eng­lish Sum­ma­ry : jithan ram man­ji about modi pic­ture in vac­cine certficate

You may also like this video :