ആലങ്കോട് ലീലാകൃഷ്ണൻ

വൃത്താന്തം

August 02, 2020, 6:36 am

കൈതോലപ്പായ വിരിച്ചു കടന്നുപോയ അനുജന്‍

Janayugom Online

ആലങ്കോട് ലീലാകൃഷ്ണൻ

ജിതേഷ്‌ കക്കിടിപ്പുറം എന്ന നാടന്‍ പാട്ടുകലാകാരന്‍ യാത്രപറയാതെ കടന്നുപോയി. വല്ലാത്തൊരു സങ്കടം നെഞ്ചില്‍ വന്നു കനം കെട്ടി നില്ക്കുന്നു. എല്ലാ അര്‍ത്ഥത്തിലും എനിക്ക് അനുജനെപ്പോലെ പ്രിയപ്പെട്ടവനായിരുന്നു ജിതേഷ്. പ്രായത്തില്‍ എന്നെക്കാളെത്രയോ താഴെയായിരുന്നു. എന്റെ ഗ്രാമത്തില്‍ രണ്ടു നാഴിക ദൂരെ എന്നും ജിതേഷുണ്ടായിരുന്നു. എന്റെ കഥാപ്രസംഗജീവിതകാലത്ത് ട്രൂപ്പില്‍ തബലിസ്റ്റായിരുന്ന ടി പി കൃഷ്ണന്റെ കൂടെ പാടുവാന്‍ വന്ന വിടര്‍ന്ന കണ്ണുകളുള്ള ചെറിയ കുട്ടിയാണ് ഇന്നും മനസില്‍. അന്നേ അവന്‍ വളരെ ഹൃദയാവര്‍ജ്ജകമായി നാടന്‍ പാട്ടുകള്‍ പാടും. (നാടന്‍ പാട്ടുകള്‍ക്ക് ഇന്നത്തെപ്പോലെ സാമൂഹികാംഗീകാരമില്ലാത്ത കാലം). പിന്നീട് ജിതേഷ് ഗായകനായി, സംഗീതസംവിധായകനായി, നാടന്‍ പാട്ടുഗായകനുംപരിശീലകനുമായി.

നടനായും സംവിധായകനായും നിരവധി അരങ്ങുകളില്‍ തിളങ്ങി. എത്രയെത്രയോ കുട്ടികളെ നാടന്‍ പാട്ടും നാടകവും പരിശീലിപ്പിച്ച് യുവജനോത്സവങ്ങളില്‍ സമ്മാനം നേടിക്കൊടുത്തു. ജിതേഷ് കക്കിടിപ്പുറം എഴുതിയ നാടന്‍ പാട്ടുകള്‍ ലോകപ്രശസ്തമായി. പക്ഷേ ജിതേഷിനു മാത്രം അര്‍ഹമായ പ്രശസ്തിയോ അംഗീകാരമോ പ്രതിഫലമോ ലഭിച്ചില്ല. കാല്‍നൂറ്റാണ്ടുകാലം മുമ്പ് ജിതേഷിന്റെ “എന്റെ പൊന്നോ” എന്ന മ്യൂസിക് ആല്‍ബം നിറഞ്ഞൊരു സദസില്‍ വച്ച് ഞാനാണ് പ്രകാശിപ്പിച്ചത്. അതിലെ പാട്ടുകളായിരുന്നു, ‘കൈതോലപ്പായ വിരിയും’ ‘പാലം, പാലം നല്ല നടപ്പാലവും. ഈ പാട്ടുകള്‍ കാലത്തെ അതിജീവിക്കുമെന്നൊക്കെ അന്നു പറഞ്ഞതോര്‍ക്കുന്നു. പാട്ടുകള്‍ കാലത്തെ അതിജീവിച്ച് ഇനിയും നൂറ്റാണ്ടുകള്‍ ജീവിക്കും. പക്ഷേ അതിന്റെ സ്രഷ്ടാവായ കലാകാരനെ കാലം നേരത്തെ വിളിച്ചുകൊണ്ടു പോയി.

ആ പാട്ടുകള്‍ പുറത്തിറങ്ങി ഇരുപത്തിയാറു വര്‍ഷങ്ങള്‍ കഴിഞ്ഞാണ് അതിന്റെ രചയിതാവ് ജിതേഷ് കക്കിടിപ്പുറമാണെന്ന് ഫ്ലവേഴ്സ് ചാനലിലെ കോമഡി ഉത്സവത്തിലൂടെ ലോകമറിഞ്ഞത്. അപ്പോഴേക്കും പാട്ടുകള്‍ ജനകോടികള്‍ പാടിപ്പാടി ലോക പ്രശസ്തമായിക്കഴിഞ്ഞിരുന്നു. അതും യഥാര്‍ത്ഥ കലാകാരന്റെ ലക്ഷണമാണ്. രചയിതാവിനപ്പുറം പ്രശസ്തമായ രചനകളാണ് ലോകത്ത് എന്നും ചരിത്രമായി നിലനിന്നിട്ടുള്ളത്. അതിനാല്‍ത്തന്നെ ജിതേഷിന്റെ പാട്ടുകള്‍ ഒറ്റയ്ക്കൊരു ചരിത്രമാണ്. ജിതേഷിന്റെ ജീവിതം ദാരിദ്ര്യവും യാതനയും നിറഞ്ഞതായിരുന്നു. പെയിന്റിംഗ് തൊഴിലാളിയുടെ പരിമിതമായ വരുമാനം കൊണ്ടാണയാള്‍ ജീവിച്ചിരുന്നത്. ഏകദേശം അറുന്നൂറോളം പാട്ടുകളെഴുതി സംഗീത സംവിധാനം നിര്‍വഹിച്ച് വേദികളില്‍ പാടിയെങ്കിലും അതില്‍ നിന്നൊന്നും കാര്യമായ വരുമാനമുണ്ടായിരുന്നില്ല. യുവജനോത്സവങ്ങള്‍ക്കുവേണ്ടി കുട്ടികളെ നാടന്‍ പാട്ടും ഏകാങ്കനാടകവും പഠിപ്പിച്ചാണ് കലാരംഗത്തു നിന്നു ചെറിയ വരുമാനം നേടിയത്.

‘ആതിര മുത്തന്‍’ എന്ന ഒരു നാടന്‍ പാട്ടുസംഘത്തിന്റെ കൂടെ ഊരുചുറ്റി നടന്ന് പാടിയിട്ടും ജീവിതത്തിന്റെ രണ്ടറ്റങ്ങള്‍ കൂട്ടിമുട്ടിക്കാന്‍ ഒരു കാലത്തും ജിതേഷിനായിരുന്നില്ല. കോമഡി ഉത്സവത്തിലൂടെ വളരെ പ്രശസ്തനായപ്പോഴും അഭിനന്ദനപ്രവാഹങ്ങളല്ലാതെ സാമ്പത്തിക പ്രവാഹങ്ങളൊന്നുമുണ്ടായിരുന്നില്ല. പലപ്പോഴും ജിതേഷിനെ കാണും. ജീവിതയാനകളുടെ പരിക്കുകള്‍ ക്ഷീണിച്ച ശരീരത്തിലുണ്ടെങ്കിലും കലകൊണ്ടു നേടിയ പ്രത്യാശാനിര്‍ഭരമായ നിഷ്ക്കളങ്ക മന്ദഹാസം എപ്പോഴും ആ മുഖത്തുണ്ടായിരുന്നു. സാമൂഹികമായും സാമുദായികമായ താഴെത്തട്ടില്‍ നിന്നാണ് ജിതേഷ് വന്നത്. സംഗീതവും കലയും ജിതേഷ് ജനിച്ച കുലത്തിന്റെ വിശിഷ്ട പൈതൃകവും പാരമ്പര്യവുമായിരുന്നു. ജിതേഷ് ചിട്ടപ്പെടുത്തിയ പാട്ടുകളുടെ ശക്തിയും സൗന്ദര്യവും വംശീയവും ഗോത്രാത്മകവുമായ ആ നാട്ടുവീര്യത്തിന്റേതായിരുന്നു. ജിതേഷ് പാടുമ്പോഴും ആദിമമായ ഒരു ജനസംസ്കാരത്തിന്റെ നാടോടിച്ചന്തം ആലാപനത്തിന്റെ അന്തര്‍ഹിതഭാവമായി പ്രവര്‍ത്തിച്ചു.

സമുദായത്തിലെ ഒരാചാരമായ ‘കാതുകുത്ത്’ എന്ന ചടങ്ങില്‍ പങ്കെടുത്ത അനുഭവമാണ് ‘കൈതോലപ്പായ വിരിച്ച്’ എന്ന പാട്ടിന്റെ പ്രചോദനം. ഞങ്ങളുടെ നാട്ടിലെ കുറ്റിപ്പുറം പാലത്തിന്റെ പണിക്കാലത്ത് പാലമുറയ്ക്കാന്‍ ആരെയോ കരുവാക്കിയ നാട്ടുകഥയാണ് ‘പാലം പാലം നല്ല നടപ്പാലം’ എന്ന പാട്ടിലെ പ്രമേയം. രണ്ടു പാട്ടും ജിതേഷ് പാടുന്നതു കേള്‍ക്കുമ്പോള്‍ അറിയാതെ കണ്ണുനിറഞ്ഞുപോവും. അത്രമേല്‍ സ്വാനുഭവത്തിലാക്കിക്കൊണ്ടാണ് ആഴമേറിയ സമര്‍പ്പണത്തോടെ ആ നാട്ടുഗായകന്‍ പാടിയിരുന്നത്. പ്രിയപ്പെട്ട അനുജാ, പാടാതെപോയ പാട്ടുകളുടെ അവസാനിക്കാത്ത സങ്കടത്താല്‍ ഇപ്പോഴും നീയെന്റെ കണ്ണുനിറയ്ക്കുന്നു. നീ വിരിച്ചിട്ട കൈതോലപ്പായയില്‍ അടിസ്ഥാന ജനവര്‍ഗത്തിന്റെ സങ്കടപ്പാട്ടുകള്‍ പാടാന്‍ ഇനിയൊരു പകരക്കാരനില്ല. “നീ മറഞ്ഞാലുമലയടിക്കും നീലക്കുയിലേ നിന്‍ ഗാനമെങ്ങും.”

 

You may like this video also