ജയമോളുടെ കസ്​റ്റഡി: പൊലീസിന്‍റെ അപേക്ഷ കോടതി ഇന്ന്​ പരിഗണിക്കും

Web Desk
Posted on January 24, 2018, 9:06 am

കൊട്ടിയം: നെടുമ്പന കുരീപ്പള്ളി കാട്ടൂരില്‍ 14കാരനായ ജിത്തുജോബ് കൊലചെയ്യപ്പെട്ട കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന മാതാവ് ജയമോളെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന പൊലീസിന്‍റെ അവശ്യം ബുധനാഴ്ച പരവൂര്‍ കോടതി പരിഗണിക്കും. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് ചോദ്യംചെയ്ത ജിത്തുവിന്‍റെ പിതാവിന്‍റെയും സഹോദരിയുടെയും മൊഴികളും പൊലീസിനോട് ജയമോള്‍ പറഞ്ഞ മൊഴിയും തമ്മില്‍ വൈരുധ്യമുണ്ടോയെന്ന് പരിശോധിക്കും.

ജയമോളെ കസ്റ്റഡിയില്‍ ലഭിച്ചാല്‍ കുടുംബാംഗങ്ങളൊടൊപ്പം ഇവരെ ചോദ്യംചെയ്യാനും സാധ്യതയുണ്ട്. ജിത്തുവിന്‍റെ മരണത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് നാട്ടുകാര്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപവത്കരിക്കുമെന്ന് ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്‍റ് ബിനു പി. ജോണ്‍ വ്യക്തമാക്കി. കേസില്‍ അറസ്റ്റിലായ അമ്മയുടെയും പൊലീസി യും ചിലവാദങ്ങള്‍ നാട്ടുകാരില്‍ കൂടുതല്‍ സംശയങ്ങള്‍ക്ക് വഴിയൊരുക്കിയിട്ടുണ്ട്. ജയമോള്‍ക്ക് മാനസികരോഗമുണ്ടെന്ന തരത്തിലുള്ള പ്രചാരണം കേസന്വേഷണം അട്ടിമറിക്കാനുള്ള നീക്കത്തിന്‍റെ ഭാഗമാണെന്നാണ് ആരോപണം.

ഭര്‍ത്താവിന്‍റെയും മകളുടെയും മൊഴി അമ്മക്ക് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടെന്നായിരുന്നു. 14കാരനായ മകനെ പെട്ടെന്നുള്ള പ്രകോപനത്തില്‍ ഷാള്‍ കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തിയശേഷം മൃതദേഹം കത്തിച്ച് പറമ്പില്‍ ഉപേക്ഷിച്ചെന്നാണ് ജയമോള്‍ പറയുന്നത്. എന്നാല്‍ ജയമോള്‍ ഒറ്റക്കാണ് കൃത്യം നടത്തിയതെന്ന് വിശ്വസിക്കാനാകില്ലെന്നാണ് നാട്ടുകാരും ബന്ധുക്കളും പറയുന്നത്. ജയമോള്‍ക്ക് വീടുമായി ഏറ്റവും അടുത്ത് ബന്ധംപുലര്‍ത്തുന്ന ആരുടെയോ സഹായം കിട്ടിയിട്ടുണ്ടെന്നാണ് ഇവരുടെ സംശയം.

കൊലനടത്തിയ അന്നുതന്നെ മൃതദേഹം കത്തിച്ചെങ്കിലും പിന്നീട് എപ്പോഴോ പറമ്പില്‍ ഉപേക്ഷിച്ചതാവാമെന്നാണ് നാട്ടുകാര്‍ പറയുന്നത്. കൊല നടന്ന തിങ്കളാഴ്ച തന്നെ മൃതദേഹം ഉപേക്ഷിച്ചിരുന്നെങ്കില്‍ ആളൊഴിഞ്ഞ പറമ്പായതിനാല്‍ നായ്ക്കളും കാക്കകളും ചേര്‍ന്ന് മൃതദേഹം കടിച്ച് വലിക്കുമായിരുന്നെന്ന് പ്രദേശവാസികള്‍ പറയുന്നു. ആരുടെയോ നിര്‍ദേശപ്രകാരമാണ് പ്രതി ജയമോളുടെ ഭര്‍ത്താവും മകളും അമ്മക്ക് മാനസികപ്രശ്‌നങ്ങളുണ്ടെന്ന മൊഴി കൊടുത്തതെന്നാണ് പലരും സംശയിക്കുന്നത്. കേസന്വേഷണം ശരിയായ ദിശയിലല്ലെന്ന കാഴ്ചപ്പാടിലാണ് ആക്ഷന്‍ കൗണ്‍സില്‍ രൂപവത്കരിക്കുന്നത്.

കസ്റ്റഡിയില്‍ ലഭിച്ചാല്‍ പ്രതി ജയമോളുടെ മാനസികനില വീണ്ടും പരിശോധിച്ചേക്കും. പൊലീസ് തന്നെ മര്‍ദിച്ചെന്ന ജയമോളുടെ കോടതിയിലെ വെളിപ്പെടുത്തല്‍ പൊലീസ് ഗൗരവമായാണ് കാണുന്നത്. ആരുടെയെങ്കിലും നിര്‍ദേശപ്രകാരമാണോ ഇവര്‍ കോടതിയില്‍ ഇക്കാര്യം പറഞ്ഞതെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. മൂന്നുദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നാണ് പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുള്ളത്.