ഭീകരാക്രമണ പദ്ധതി തകര്‍ത്ത് ജമ്മു കശ്മീര്‍ പൊലീസ്: അഞ്ച് ഭീകരര്‍ പിടിയില്‍

Web Desk

ന്യൂഡല്‍ഹി

Posted on January 16, 2020, 7:57 pm

റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ജെയ്‌ഷെ മുഹമ്മദ് ഭീകര സംഘടനയുടെ ഭീകരാക്രമണ പദ്ധതി ജമ്മു കാശ്മീര്‍ പൊലീസ് തകര്‍ത്തു. ജെയ്‌ഷെ ഭീകര സംഘടനയിലെ അംഗങ്ങളെന്ന് കരുതുന്ന അഞ്ചു ഭീകരര്‍ പിടിയിലായി.

ശ്രീനഗര്‍ സ്വദേശികളായ ഇസാസ് അഹമ്മദ് ഷെയ്ഖ്, ഉമര്‍ ഹമീദ് ഷെയ്ഖ്, ഇംതിയാസ് അഹമ്മദ്, സഹീല്‍ ഫാറൂഖ് ജോഗ്രി, നസ്രത്ത് അഹമ്മദ് മിര്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്ന് വന്‍ ആയുധ ശേഖരം പിടികൂടിയെന്നും പൊലീസ് അറിയിച്ചു.

ചെറിയ ആയുധങ്ങള്‍, സ്‌ഫോടകവസ്തുക്കള്‍, നൈട്രിക് ആസിഡ് ബോട്ടിലുകള്‍ ഉള്‍പ്പെടെ ഭീകരാക്രമണത്തിന് ഉപയോഗിക്കാന്‍ കരുതിയിരുന്ന വസ്തുക്കളാണ് ഇവരില്‍നിന്ന് കണ്ടെടുത്തത്. അടുത്തിടെ ഹസ്രത്ത്ബല്‍ മേഖലയില്‍ നടന്ന രണ്ട് ഗ്രനേഡ് ആക്രമണത്തില്‍ ഇവര്‍ക്ക് പങ്കുണ്ടെന്ന് തെളിഞ്ഞതായും ജമ്മു കശ്മീര്‍ പൊലീസ് പറഞ്ഞു.