ജമ്മു-ശ്രീനഗര്‍ ദേശീയപാതയില്‍  നടന്നത് പുൽവാമ മോഡൽ ഭീകരാക്രമണം തന്നെ; ഭീകരൻ പിടിയിൽ

Web Desk
Posted on April 02, 2019, 1:05 pm

ബനിഹാല്‍ (ജമ്മു): ജമ്മു-ശ്രീനഗര്‍ ദേശീയപാതയില്‍  നടന്നത് പുൽവാമ മോഡൽ ഭീകരാക്രമണം തന്നെ.   സിആര്‍പിഎഫ് വാഹനവ്യൂഹത്തിനു നേരെ ശനിയാഴ്ച നടന്നത് ഭീകരാക്രമണമെന്ന് റിപ്പോര്‍ട്ട്. ജമ്മുവിലേക്കു പോകുകയായിരുന്ന വാഹനവ്യൂഹത്തിലേക്ക് തെത്‌ഹര്‍ ഗ്രാമത്തില്‍ വച്ചു കാര്‍ ഇടിച്ചു കയറ്റി പുല്‍വാമ മോഡല്‍ ആക്രമണം നടത്താനായിരുന്നു ശ്രമം. വാഹനവ്യൂഹത്തിനു നേരെ ആക്രമണം നടത്താന്‍ ശ്രമിച്ച ചാവേര്‍, ഷോപിയാന്‍ ജില്ലയിലെ വെയില്‍ ഗ്രാമവാസിയായ ഒവൈസ് അമീന്‍ റാത്തര്‍ ഇന്നലെ പിടിയിലായി. ഇയാള്‍ ഹിസ്ബുല്‍ മുജാഹിദ്ദീന്‍ അംഗമാണെന്നു കരുതുന്നു.

സ്ഫോടനത്തില്‍ കാര്‍ പൂര്‍ണമായി കത്തിനശിച്ചു. ഒരു സിആര്‍പിഎഫ് വാഹനത്തിനു കേടു പറ്റിയതൊഴിച്ചാല്‍ മറ്റു നാശനഷ്ടങ്ങളുണ്ടായിരുന്നില്ല. കാറില്‍ നിന്നു ചാടി രക്ഷപ്പെടുന്നതിനിടെ ഭീകരന് പരിക്കേറ്റിരുന്നു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച്‌, സൈന്യവും പൊലീസും സംയുക്തമായി നടത്തിയ തിരച്ചിലില്‍ പിടി കൂടിയ ഇയാളെ ജുഡീഷ്യല്‍ മജിസ്ട്രേട്ട് മുന്‍പാകെ ഹാജരാക്കി 8 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ഭീകരന്‍ ഒരു വാനില്‍ പ്രദേശത്തേക്ക് മടങ്ങിവരാന്‍ ശ്രമിക്കുന്നതിനിടെയാണ് പൊള്ളലടക്കമുള്ള തെളിവുകളോടെ ഇയാളെ പിടിച്ചത്. അപകടസ്ഥലത്തുനിന്നുലഭിച്ച കത്തിലാണ് ഇത് ആക്രമണമാണ് എന്ന വിവരമുള്ളത്.ചോദ്യംചെയ്യലില്‍ ഇയാള്‍ ഫോണ്‍വഴിയുള്ള നിര്‍ദ്ദേശമനുസരിച്ചാണ് ചാവേറാകാന്‍ പ്രവര്‍ത്തിച്ചതെന്ന് പറഞ്ഞു. വാഹനവ്യൂഹത്തിലിടിച്ചുകയറി സ്‌ഫോടനമായിരുന്നു ലക്ഷ്യം. തയ്യാറാക്കിയിരുന്ന രണ്ട് സ്‌ഫോടനങ്ങളില്‍ ഒന്നുമാത്രമാണ് പ്രവര്‍ത്തിച്ചത്. ജെലാറ്റിന്‍ ഐഇഡി,ദ്രവീകൃത ഇന്ധനം നിറച്ച സിലിന്‍ഡറുകള്‍ എന്നിവ ഉപയോഗിച്ചുള്ള മാരക സ്‌ഫോടനം നടക്കാതെപോയി. സ്വിച്ച് അമര്‍ത്തി സ്‌ഫോടനം നടത്താനായിരുന്നു നിര്‍ദ്ദേശം. ഭീകരന്‍ സ്വിച്ച് അമര്‍ത്തിയെങ്കിലും ഒരു ഭാഗം മാത്രമാണ് പൊട്ടിത്തെറിച്ചത്. ഫെബ്രുവരി 14ന് പുല്‍വാമയില്‍ ചാവേര്‍ 40 സൈനികരെ സമാന സ്‌ഫോടനത്തില്‍ വകവരുത്തിയിരുന്നു.