പി വസന്തം(സെക്രട്ടറി, മഹിളാസംഘം സംസ്ഥാന കമ്മിറ്റി)

March 08, 2020, 5:40 am

‘ഭരണഘടനാ ധ്വംസനത്തിനെതിരെ നമുക്ക് ഒന്നിക്കാം’

ലോക വനിതാദിനം
Janayugom Online

ലോകമെമ്പാടുമുള്ള സ്ത്രീകള്‍ മാര്‍ച്ച് എട്ട് മഹിളാദിനമായി ആചരിക്കുകയാണ്. മനുഷ്യവംശത്തില്‍ പിറന്നുവീണിട്ടും അധികാരവും സമ്പത്തും അവകാശങ്ങളും ഒരു വിഭാഗം കയ്യാളുകയും കഠിനമായ ചൂഷണത്തിന് വിധേയരാവുകയും ചെയ്യുമ്പോള്‍ അതിനെതിരെ അസമത്വത്തിന്റെയും അസന്തുഷ്ടിയുടെയും അനീതികളുടെയും കാല്‍ച്ചങ്ങലകള്‍ പൊട്ടിച്ചെറിയാനുള്ള പോരാട്ടങ്ങള്‍ സ്ത്രീകള്‍ ലോകമെമ്പാടും നടത്തിയിട്ടുണ്ട്. അത്തരത്തിലുള്ള ചരിത്രദിനങ്ങളുടെ ഓര്‍മ്മയ്ക്കാണ് മാര്‍ച്ച് എട്ട് ആഘോഷിക്കുന്നത്. 1908 ല്‍ അമേരിക്കയിലെ സ്ഥിതസമത്വവാദികളായ തയ്യല്‍സൂചി നിര്‍മ്മാണത്തൊഴിലാളി സ്ത്രീകള്‍ ന്യൂയോര്‍ക്ക് നഗരത്തിലൂടെ കുറഞ്ഞ മണിക്കൂര്‍ ജോലിക്കും മെച്ചപ്പെട്ട വേതനത്തിനും ജോലി വ്യവസ്ഥയ്ക്കും വേണ്ടി നടത്തിയ സമരമാണ് വനിതാദിനത്തില്‍ തുടക്കം കുറിച്ചത്. അന്നവര്‍ ഉയര്‍ത്തിയത് ബ്രഡ് ആന്റ് റോസസ് (അപ്പവും പനനീര്‍പൂവും) എന്ന മുദ്രാവാക്യമായിരുന്നു.

ബ്രഡ് സാമ്പത്തിക സുരക്ഷയുടെ പ്രതീകവും പനനീര്‍പ്പൂവ് അന്തസ്സുറ്റ ജീവിതത്തിന്റെ പ്രതീകവുമായിരുന്നു. വസ്ത്രരംഗത്ത് തൊഴില്‍ ചെയ്യുന്ന മുപ്പതിനായിരത്തിലധികം സ്ത്രീകള്‍ പിറ്റേവര്‍ഷവും പതിമൂന്നാഴ്ച കൊടും തണുപ്പില്‍ മെച്ചപ്പെട്ട വേതനത്തിനും ജോലി വ്യവസ്ഥയ്ക്കും വേണ്ടി പണിമുടക്ക് നടത്തിയിരുന്നു. ലോകത്തെമ്പാടുമുള്ള സ്ത്രീകള്‍ തങ്ങളുടെ ജീവിത സാഹചര്യങ്ങള്‍ ഉയര്‍ത്തുവാനുള്ള പോരാട്ടങ്ങളില്‍ മുന്‍നിരയിലുണ്ടായിരുന്നു. ഇതിന്റെ ഭാഗമായാണ് 1910 ല്‍ ക്ലാര സേതുംഗിന്റെ അധ്യക്ഷതയില്‍ കോപ്പന്‍ഹേഗില്‍ ചേര്‍ന്ന് വനിതകളുടെ രണ്ടാം ഇന്റര്‍നാഷണല്‍ സമ്മേളനത്തില്‍ സ്ത്രീതൊഴിലാളികളുടെ ചരിത്രവും പാരമ്പര്യവും നിലനിര്‍ത്തുന്നതിന് മാര്‍ച്ച് എട്ട് വനിതാദിനമായി കൊണ്ടാടാന്‍ തീരുമാനിച്ചത്. അന്ന് മുതല്‍ സ്ത്രീ-പുരുഷ സമത്വത്തിന് വേണ്ടി, സ്ത്രീകള്‍ക്ക് നേരെയുള്ള അനീതിക്ക് എതിരായി, അന്തസ്സോടെ ജീവിക്കുന്നതിനുള്ള അവകാശത്തിനായി ചൂഷണത്തിനെതിരായുള്ള സമരദിനമായി മാർച്ച് എട്ട് ആചരിച്ചുവരുന്നു.

യുഎൻ‍ഒ ഇത്തവണ ‘ഈച്ച് ഫോര്‍ ഈക്വല്‍’ എന്ന മുദ്രാവാക്യമാണ് ഉയര്‍ത്തിയത്. ഇന്ത്യയിലെ ഇന്നത്തെ സാഹചര്യത്തില്‍ സ്ത്രീകളോട് ദേശീയ മഹിളാ ഫെഡറേഷന്‍ (എന്‍എഫ്ഐഡബ്ല്യു) ആഹ്വാനം ചെയ്തിരിക്കുന്നത് ‘ഭരണഘടനാ ധ്വംസനത്തിനെതിരെ നമുക്ക് ഒന്നിക്കാം’ എന്നതാണ്. ഭരണഘടന ദുര്‍ബലപ്പെടുന്ന ഒരു രാഷ്ട്രീയ സാഹചര്യം ഇന്ന് നിലനില്‍ക്കുന്നുണ്ട്. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വിജയിച്ച രാഷ്ട്രീയ ആശയമായി ജനാധിപത്യത്തെ വാഴ്ത്തപ്പെട്ടിട്ടുണ്ട്. ലോകത്ത് തന്നെ ഇന്ത്യ­ന്‍ ജനാധിപത്യം പുകള്‍‍പെറ്റതായിരുന്നു. എന്നാ­ല്‍ ഇന്ന് ഇന്ത്യയില്‍ അസഹിഷ്ണുതയുടെയും വിദ്വേഷത്തിന്റെയും അന്തരീക്ഷം കനത്തുവരികയാണ്. ഇന്ത്യ­ന്‍ ജനാധിപത്യത്തില്‍ ഫാസിസ്റ്റ് പ്രവണതകള്‍ പ്രത്യക്ഷത്തില്‍ തന്നെ പ്രകടമായിക്കൊണ്ടിരിക്കുന്നു.

ഇറ്റാലിയന്‍ നോവലിസ്റ്റും ഫിലോസഫറും ആയ ഉംബെര്‍ട്ടോ ഇക്കോഫാസിസത്തി­ന്റെ അടിസ്ഥാന സ്വഭാവങ്ങളായി ചൂണ്ടിക്കാണിച്ചിട്ടുള്ളത് ‘വിയോജിപ്പുകളെ വിശ്വാസവഞ്ചനയായിക്കാണുന്ന സമീപനം, നാനാത്വത്തോടുള്ള എതിര്‍പ്പ്, ജനങ്ങളെ വഞ്ചിക്കുന്ന പൊള്ളയായ പ്രഭാഷണം, ദേശത്തിന്റെ നിഷേധാത്മകമായ നിര്‍വചനം, അന്ധമായ ആചാരങ്ങളോടുള്ള ആരാധന, യുക്തിയുടെയും സ്വതന്ത്ര ചിന്തയുടെയും നിരാസം, പുരുഷമേധാവിത്വം’ എന്നിവയാണ്. ഇതൊക്കെ ഇന്ത്യന്‍ ഭരണാധികാരികള്‍ക്കുണ്ട് എന്ന് നമ്മള്‍ തിരിച്ചറിഞ്ഞുകഴിഞ്ഞു. ഭൂരിപക്ഷമുള്ള രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ ബിജെപി ആര്‍എസ്എസിന്റെയും സംഘപരിവാറിന്റെയും ഒത്താശയോടെ ഇന്ത്യന്‍ ജനതയ്ക്കുമേല്‍ ജനാധിപത്യത്തെ അപകടകരമായി ഉപയോഗപ്പെടുത്തി സമഗ്രാധിപത്യം നടത്തിക്കൊണ്ടിരിക്കുകയാണ്.

‘തുല്യത’ എന്ന ആശയം ഭരണഘടനയുടെ ജീവാത്മാവാണ്. അതുകൊണ്ടുതന്നെയാണ് ഭരണഘടനയെ സ്ത്രീകള്‍ തങ്ങളുടെ രക്ഷാകവചമായി കാണുന്നത്. ഇന്ത്യയില്‍ ഒരു പരുഷാധിപത്യ സാമൂഹ്യ വ്യവസ്ഥയാണ് നിലനില്‍ക്കുന്നത് എന്ന ഭരണഘടന നിര്‍മ്മാണ സമിതിയുടെ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് സ്ത്രീകള്‍ക്ക് എല്ലാ തലങ്ങളിലും തുല്യതയും നിയമം മൂലമുള്ള തുല്യ പരിരക്ഷയും നല്കിയിട്ടുള്ളത്. ഇതില്‍ പ്രധാനം ജാതി, മത, ലിംഗ, വര്‍ണ ഭേദമെന്യെയും സംസാരിക്കുന്ന ഭാഷ, ജനിച്ച ദേശം എന്നിവയുടെ അടിസ്ഥാനത്തിലും വിവേചനം പാടില്ലെന്ന് ആര്‍ട്ടിക്കിള്‍ 15(1) വ്യക്തമാക്കുന്നു. തുല്യതയും തുല്യമായ നിയമപരിരക്ഷയും ആര്‍ട്ടിക്കിള്‍-14 ഉറപ്പുവരുത്തുന്നു. ആര്‍ട്ടിക്കിള്‍-14 സമത്വത്തിന്റെ കാര്യത്തിലും കൃത്യത പുലര്‍ത്തുന്നു.

സ്ത്രീകളുടെ അഭിമാനവും അന്തസും ഉയര്‍ത്തിപ്പിടിക്കുന്നതിന് അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കുക എന്നത് ഭരണാധികാരികളുടെ കടമയാണെന്ന് ഓര്‍മ്മിപ്പിക്കുന്ന ഭരണഘടനയുള്ള രാജ്യമാണ് നമ്മുടേതെന്ന് അഭിമാനത്തോടെ പറയാന്‍ കഴിയും. എന്നാല്‍ ഇന്ന് ഭരണഘടന നല്‍കുന്ന മൗലികാവകാശങ്ങളില്‍ പോലും കേന്ദ്ര ഭരണാധികാരികളും പ്രതിലോമ ശക്തികളും കടന്നുകയറ്റം നടത്തുന്ന സാഹചര്യങ്ങള്‍ നിലനില്‍ക്കുകയാണ്. ഇന്നത്തെ ഇന്ത്യന്‍ സ്ത്രീകള്‍ ഭരണഘടനാപരമായി നല്കപ്പെട്ട അവകാശങ്ങള്‍ ഉന്മൂലനം ചെയ്തുകൊണ്ടിരിക്കുന്നു. നവ ഉദാരവല്ക്കരണ ശക്തികളും ഹിന്ദുത്വ പ്രത്യയശാസ്ത്രവും കൂടി ഭൂരിപക്ഷ ജനതയെ പാര്‍ശ്വവല്ക്കരിക്കയാണ്. ഇന്ത്യയില്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് സ്ത്രീകള്‍ക്കെതിരെ അതിക്രമങ്ങള്‍ നടക്കുന്നത്. ഇതില്‍ പ്രതികളായവരെ സംരക്ഷിക്കാനുള്ള സമീപനമാണ് സര്‍ക്കാരുകളുടെ ഭാഗത്തുനിന്നുണ്ടാവുന്നത്.

മാത്രമല്ല വനിതാസംവരണം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഭരണാധികാരികള്‍ അംഗീകരിക്കുന്നില്ല. സംഘപരിവാറിന്റെ സഹായത്തോടെ ഭരണാധികാരികള്‍ സ്ത്രീവിരുദ്ധ അജണ്ടകള്‍ പ്രചരിപ്പിക്കുകയാണ്. ലിംഗനീതി ഉയര്‍ത്തിപ്പിടിക്കുന്ന കോടതിവിധികളില്‍ സര്‍ക്കാരുകള്‍ ഇടപെട്ട് വിധി ദുര്‍ബലപ്പെടുത്താനുള്ള നീക്കങ്ങള്‍ നടത്തിയത് ഇതിനുദാഹരണമാണ്. 2020 ഫെബ്രുവരി 18ന് കരസേനയില്‍ സ്ത്രീകളെ സ്ഥിരം കമ്മിഷന്‍ ഓഫീസര്‍മാരായി നിയമിക്കണം എന്ന ഡല്‍ഹി ഹൈക്കോടതിയുടെ വിധിയുണ്ടായി. ആ വിധിയെ അസാധുവാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയിലെത്തിയത്.

‘സ്ത്രീകള്‍ പുരുഷന്മാരെപ്പോലെ ശക്തരല്ലെന്നും ദുര്‍ബലരാണെന്നും ചുമതലകള്‍ ഏറ്റെടുക്കാന്‍ കഴിവുള്ളവരല്ല എന്നായിരുന്നു സര്‍ക്കാര്‍ വാദം. ഈ വാദങ്ങളെ പുച്ഛത്തോടെ തള്ളിയ കോടതി ‘അസംബന്ധം’ എന്നാണ് വിശേഷിപ്പിച്ചത്. എഴുപത് വര്‍ഷം മുമ്പ് നിലവില്‍ വന്ന ഭരണഘടനാവകാശമായ സമത്വം ഇപ്പോഴും അംഗീകരിച്ചുകിട്ടാന്‍ സ്ത്രീകള്‍ കോടതിയെ സമീപിക്കേണ്ടിവരുന്നു എന്നത് ലജ്ജാകരമാണ്. വനിതാദിനത്തില്‍ പ്രധാനമന്ത്രി സ്ത്രീകള്‍ക്കായി സാമൂഹിക മാധ്യമങ്ങളെ സമര്‍പ്പിക്കാന്‍ പോകുന്നു എന്ന് പ്രഖ്യാപിച്ചപ്പോള്‍, ഈ വര്‍ഷത്തെ വലിയ ആ തമാശകേട്ട് ചിരിക്കാത്ത സ്ത്രീകളുണ്ടാവില്ല. വേള്‍ഡ് ഹംഗര്‍ ഇന്‍ഡക്സ് റിപ്പോര്‍ട്ടനുസരിച്ച് ഇന്ത്യ 102-ാം സ്ഥാനത്താണ്. ലോകത്തെ പട്ടിണിക്കാരില്‍ മൂന്നിലൊന്ന് ഇന്ത്യയിലാണ് ജീവിക്കുന്നത്. വയറുനിറയെ ഒരുനേരം ഭക്ഷണം കഴിക്കാനില്ലാത്ത, ആരോഗ്യമുള്ള കു­ഞ്ഞുങ്ങളെ പ്രസവിക്കാന്‍ കഴിയാത്ത സ്വന്തം ഗര്‍ഭപാത്രംപോലും വാടകയ്ക്ക് കൊടുത്തു ജീവിക്കുന്ന ഭൂരിപക്ഷം വരുന്ന സ്ത്രീകള്‍ക്കാണ് അദ്ദേഹം സോഷ്യല്‍ മീഡിയ സമര്‍പ്പിച്ചിട്ടുള്ളത്.

ഓരോ വര്‍ഷവും യുണിസെഫ് കണക്കനുസരിച്ച് ഇന്ത്യയില്‍ ഒരു വയസിനിടയിലുള്ള ഒരു ലക്ഷത്തി മുപ്പത്തയ്യായിരം കുഞ്ഞുങ്ങള്‍ പോഷകാഹാരക്കുറവുകൊണ്ട് മരിക്കുന്നു. സ്ത്രീകള്‍ ഇന്നനുഭവിക്കുന്ന രൂക്ഷമായ വിലക്കയറ്റം, തൊഴിലില്ലായ്മ, അതിക്രമങ്ങള്‍ തുടങ്ങിയവയെക്കുറിച്ച് ഒരക്ഷരം ഉരിയാടുന്നില്ല. പ്രധാനമന്ത്രി യഥാര്‍ത്ഥ വിഷയങ്ങളില്‍ നിന്ന് സ്ത്രീകളുടെ ശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ബജറ്റില്‍ വനിതാ ശിശുവികസനത്തില്‍ വെട്ടിച്ചുരുക്കല്‍ നടത്തിയിരിക്കുന്നു. തൊഴിലുറപ്പ് പദ്ധതി പൂര്‍ണമായി ഇല്ലാതാക്കാന്‍ കഴി‍ഞ്ഞ വര്‍ഷത്തേക്കാള്‍ 315 കോടി രൂപ കുറച്ചാണ് നീക്കിവച്ചിട്ടുള്ളത്. ഭക്ഷ്യ സബ്സിഡിക്കാകട്ടെ 1,84,220 കോടി രൂപയുടെ സ്ഥാനത്ത് 1,08,688 രൂപയാണ് നീക്കിവച്ചത്.

ഇതാണ് മോഡിയുടെ സ്ത്രീകളോടുള്ള സ്നേഹം. നവോത്ഥാന കാലഘട്ടത്തില്‍ ഉപേക്ഷിക്കപ്പെട്ട അന്ധവിശ്വാസങ്ങളും അനാചാരങ്ങളും കൂടുതല്‍ ശക്തിയോടെ പ്രചരിപ്പിക്കപ്പെടുന്നത് സ്ത്രീകളെയാണ് കൂടുതല്‍ ബാധിക്കുന്നത്. ഇതിന്റെയൊക്കെ പ്രതിഫലനമാണ് കഴിഞ്ഞ ദിവസം ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവത് നടത്തിയ പ്രസ്താവന. “സ്ത്രീകളുടെ ഉയര്‍ന്ന വിദ്യാഭ്യാസവും സാമ്പത്തിക പുരോഗതിയുമാണ് രാജ്യത്ത് വിവാഹമോചന തോത് ഉയരാന്‍ കാരണമെന്നും സ്ത്രീകള്‍ വീട്ടിലിരുന്ന കാലമായിരുന്നു ഇന്ത്യയുടെ സുവര്‍ണ കാലമെന്നു“മാണ് അദ്ദേഹം പറഞ്ഞത്- ചുരുക്കിപ്പറഞ്ഞാല്‍ മനുസ്മൃതി തന്നെയാണ് ഇന്നും അദ്ദേഹത്തിന്റെ ഭരണഘടന എന്ന് ബോധ്യപ്പെടുന്നു. പിതാവിന്റെയും പുത്രന്റെയും ഭര്‍ത്താവിന്റെയും കീഴില്‍ ബാല്യ, യൗവന, വാര്‍ദ്ധക്യകാലങ്ങള്‍ കഴിച്ചുകൂട്ടേണ്ടവളാണ് സ്ത്രീ എന്നും അവള്‍ ഒരു കാലത്തും സ്വാതന്ത്ര്യം അര്‍ഹിക്കുന്നില്ല എന്നുമാണ് മനുവാക്യം (നഃസ്ത്രീ സ്വാതന്ത്ര്യ മര്‍ഹതി) ഇത് ഫാസിസ്റ്റുകളുടെ നിലപാടാണ്.

ജര്‍മ്മന്‍ വംശീയതയില്‍ അഭിരമിച്ച ഹിറ്റ്ലറുടെയും കാഴ്ചപ്പാടും ‘സ്ത്രീകള്‍ വിവാഹം കഴിച്ച് വീട്ടിനുള്ളില്‍ തന്നെ കഴിയണമെന്നും അവളുടെ ലോകം ഭര്‍ത്താവ്, കുടുംബം, കുഞ്ഞുങ്ങള്‍, വീട് എന്നിവ ഉള്‍പ്പെടുന്ന ലോകമായിരിക്കണ’മെന്നുമാണ്. ഹിറ്റ്ലര്‍ യുവത്വത്തെ (ഹിറ്റ്ലര്‍ യൂത്ത്) നിര്‍മ്മിക്കുന്ന ജനനീയന്ത്രണങ്ങളാണ് മാതൃത്വങ്ങള്‍ എന്ന സിദ്ധാന്തവും നടപ്പിലാക്കി. ‘പുരുഷന്മാരുടെ റൊട്ടി അപഹരിക്കുന്നവര്‍’ എന്ന കാഴ്ചപ്പടായിരുന്നു സ്ത്രീകളെക്കുറിച്ച് മുസോളിനിക്കുണ്ടായിരുന്നത്. നരേന്ദ്രമോഡിക്കും അമിത് ഷായ്ക്കും മോഹന്‍ ഭഗവതിനും ഹിറ്റ്ലറുടെ നാസി ജര്‍മ്മനിയും മുസോളിനിയുടെ ഫാസിസ്റ്റ് ഇറ്റലിയും അവര്‍ സങ്കല്പിച്ച ഹിന്ദുരാഷ്ട്രത്തിന്റെ മാതൃകകളാണ്. ഗുജറാത്തിലെ ഭുജ് ജില്ലയില്‍ ശ്രീ സഹജാനന്ദ കോളജിന്റെ ഹോസ്റ്റലില്‍ താമസിക്കുന്ന 68 പെണ്‍കുട്ടികള്‍ക്കെതിരെ ‘ആര്‍ത്തവസമയത്ത് അടുക്കളയില്‍ കയറി അശുദ്ധമാക്കി, ആർത്തവമില്ലാത്ത കുട്ടികളുമായി ഇടപഴകി അവരെ അശുദ്ധരാക്കി’ തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിച്ച് ആര്‍ത്തവ പരിശോധനയ്ക്ക് വിധേയരാക്കി. പുറംലോകമറിഞ്ഞപ്പോള്‍ കുറ്റം ഹോസ്റ്റല്‍ അധികൃതര്‍ക്കുനേരെ ചാര്‍ത്തി സല്‍പ്പേര് നിലനിര്‍ത്താ­ന്‍ ശ്രമിക്കുകയായിരുന്നു.

സഹജാനന്ദ കോളജ് ട്രസ്റ്റിന്റെ തലപ്പത്തിരിക്കുന്ന സന്യാസി കൃഷ്ണസ്വരൂപ് ഒരു പടികൂടി ഇക്കാര്യത്തില്‍ മുന്നിലായിരുന്നു. ‘ആര്‍ത്തവകാലത്ത് സ്ത്രീകള്‍ പാചകം ചെയ്താല്‍ അടുത്ത ജന്മത്തില്‍ അവര്‍ തെരുവ് പട്ടികളായി ജനിക്കും. ആര്‍ത്തവസമയത്ത് പാകം ചെയ്ത ഭക്ഷണം കഴിച്ചാല്‍ പുരുഷന്മാര്‍ കാളകളായി’ മാറും- ഇതെല്ലാം സ്ത്രീകള്‍ക്ക് ഭരണഘടന നല്കുന്ന അന്തസ്സിനെയും സ്വകാര്യ അവകാശങ്ങളെയും ചോദ്യം ചെയ്യുന്ന പ്രസ്താവനകളാണ്. ഇന്ത്യയില്‍ ജനിച്ചുവളര്‍ന്ന് ജീവിക്കുന്ന ലക്ഷങ്ങളോളം വരുന്ന മനുഷ്യര്‍ക്ക് മതത്തിന്റെ അളവുകോല്‍ വച്ച് പൗരത്വം നിഷേധിക്കാനുള്ള മോഡി സര്‍ക്കാരിന്റെ നീക്കത്തിന്റെ ഭാഗമാണ് പൗരത്വ ഭേദഗതി നിയമം, ദേശീയ ജനസംഖ്യാ പട്ടിക (എന്‍പിആര്‍) ദേശീയ പൗരത്വ പട്ടിക എന്നത് ജനം തിരിച്ചറിഞ്ഞിട്ടുണ്ട്. രാഷ്ട്രീയ, ജാതി, മത ഭേദമെന്യേ രാജ്യത്തെമ്പാടും പ്രക്ഷോഭം അലയടിക്കുകയാണ്. സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും വന്‍തോതിലുള്ള പങ്കാളിത്തമാണ് ഈ പ്രക്ഷോഭങ്ങളില്‍ കാണാന്‍ കഴിയുന്നത്.

രാജ്യം മുഴുവന്‍ ഷഹീന്‍ബഗായി മാറുന്ന കാഴ്ചയാണ് ദൃശ്യമാകുന്നത്. എന്നാല്‍ സമാധാനപരമായി പ്രതിഷേധ പരിപാടി നടത്തിയ വടക്ക് കിഴക്കന്‍ ‍‍ഡല്‍ഹിയിലെ ജാഫ്രാബാദിലടക്കം പ്രതിഷേധക്കാര്‍ക്കെതിരെ ഹിന്ദുത്വ വര്‍ഗീയവാദികള്‍ ക്രൂരമായ ആക്രമണവും കലാപവും നടത്തി. ജനാധിപത്യത്തെ നിശബ്ദമാക്കി ദുര്‍ബല­പ്പെടുത്തി, അടിസ്ഥാന സ്വാതന്ത്ര്യങ്ങളെയെല്ലാം ഒന്നൊന്നായി ആക്രമിക്ക­പ്പെട്ടുകൊണ്ടിരി­ക്കുമ്പോ­ള്‍, ഭരണഘടനയെയും രാഷ്ട്രത്തെയും സംരക്ഷി­ക്കുക എന്നത് ഓരോ സ്ത്രീയുടെയും ഉത്തര­വാദി­ത്വമാണ്. സ്ത്രീക്ക് തുല്യത, സുരക്ഷ, അന്തസ്, നീതി തുടങ്ങിയവ ഉറപ്പു വരുത്തുന്ന ഭരണഘടനയെ പിച്ചിച്ചീന്തിക്കൊണ്ടിരിക്കയാണ് നരേന്ദ്രമോഡി സര്‍ക്കാര്‍. അതുകൊണ്ട് തന്നെയാണ് കേരള മഹിളാ സംഘം ‘ഭരണഘടനാ ധ്വംസകര്‍‍ക്കെതിരെ ഒന്നിക്കാം’ എന്ന മുദ്രാവാക്യമുയര്‍ത്തിക്കൊണ്ട് ഈ വനിതാദിനം ആചരിക്കുന്നത്. നമുക്കൊന്നായി ഇന്ത്യയെ സംരക്ഷിക്കാനും ഭരണഘടനയെ സംരക്ഷിക്കാനുമുള്ള പോരാട്ടത്തിന് സജ്ജരാവാം.

Eng­lish Sum­ma­ry: jnayo­gom arti­cle bha­ranaghadana dhwamsanathinethire onnikkam