Janayugom Online
economy

സാമ്പത്തിക അസമത്വം വളര്‍ത്തുന്ന ‘ജനാധിപത്യ’ ഭരണതന്ത്രം

Web Desk
Posted on January 22, 2019, 10:43 pm

ഓക്‌സ്ഫാം ഇന്റര്‍നാഷണല്‍ തിങ്കളാഴ്ച പുറത്തുവിട്ട ‘ഓക്‌സ്ഫാം അസമത്വ റിപ്പോര്‍ട്ട് 2019’ ആഗോളതലത്തിലും ഇന്ത്യയടക്കം വിവിധ രാഷ്ട്രങ്ങളിലും നിലനില്‍ക്കുന്ന ഞെട്ടിപ്പിക്കുന്ന സാമ്പത്തിക അസമത്വത്തിലേക്കാണ് ലോകത്തിന്റെ ശ്രദ്ധ ക്ഷണിക്കുന്നത്. ലാഭേച്ഛ കൂടാതെ പ്രവര്‍ത്തിക്കുന്ന ഗവണ്‍മെന്റേതര സംഘടന എന്ന നിലയില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ദാവോസില്‍ നടക്കുന്ന ലോകസാമ്പത്തിക ഉച്ചകോടി വേളയില്‍ ഓക്‌സ്ഫാം ‘അസമത്വ റിപ്പോര്‍ട്ട്’ പുറത്തിറക്കാറുണ്ട്. വര്‍ധിച്ചുവരുന്ന സാമ്പത്തിക അസമത്വവും അത് രാഷ്ട്രങ്ങളുടെ സാമൂഹ്യജീവിതത്തില്‍ ഉയര്‍ത്തുന്ന ഭീഷണികളുമാണ് ആ റിപ്പോര്‍ട്ടുകളുടെ പ്രതിപാദ്യ വിഷയം. ഓക്‌സ്ഫാം അവതരിപ്പിക്കുന്ന റിപ്പോര്‍ട്ടുകളെപറ്റിയും അതിലെ നിഗമനങ്ങള്‍ക്ക് ആധാരമായ കണക്കുകളെപ്പറ്റിയും ആഗോള സാമ്പത്തിക അസമത്വം പരിഹരിക്കാന്‍ അവര്‍ നിര്‍ദേശിക്കുന്ന മാര്‍ഗങ്ങളെപ്പറ്റിയും ഭിന്നാഭിപ്രായങ്ങളും വിമര്‍ശനങ്ങളും സ്വാഭാവികമാണ്. ആഗോള മൂലധന ശക്തികളും മൂലധന വിരുദ്ധശക്തികളും തങ്ങളുടെ വിമര്‍ശനങ്ങളില്‍ ഒരേ പക്ഷത്തുതന്നെ നിലയുറപ്പിക്കുന്നത് യാദൃശ്ചികമാവാം. പൊതുവില്‍ സ്വതന്ത്ര വിപണിയെ അംഗീകരിക്കുകയും സ്വകാര്യ മൂലധന യുക്തികള്‍ക്കൊപ്പം നിലയുറപ്പിക്കുകയും ചെയ്യുന്ന ഒരു സംഘടനയായാണ് ഓക്‌സ്ഫാം അറിയപ്പെട്ടു പോരുന്നത്. എന്നാല്‍ അവര്‍ നിരത്തുന്ന കണക്കുകളും വസ്തുതകളും ലോകത്തെമ്പാടുമുള്ള പുരോഗമന ശക്തികള്‍ക്ക് സമഗ്ര മൂലധനാധിപത്യത്തിനെതിരായ പോരാട്ടത്തില്‍ കരുത്തുറ്റ ആയുധമായി മാറുന്നുവെന്നത് അനിഷേധ്യ യാഥാര്‍ഥ്യമാണ്. മനുഷ്യരാശി അതിന്റെ ചരിത്രത്തിലെ അഭൂതപൂര്‍വമായ സമ്പദ് കേന്ദ്രീകരണത്തിന്റെ ഘട്ടത്തിലാണ് എത്തിനില്‍ക്കുന്നത്. മറുവശത്ത് ചരിത്രത്തില്‍ ഏറ്റവും വലിയ ദാരിദ്ര്യവല്‍ക്കരണത്തിന്റെയും സാമ്പത്തിക അസമത്വത്തിന്റെയും യുഗം കൂടിയാണിത്. ഈ സമ്പദ്‌കേന്ദ്രീകരണവും മനുഷ്യത്വഹീനമായ ദാരിദ്ര്യവല്‍ക്കരണവും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളാണ്. ഈ അതിക്രൂരവും പരിഹാസ്യവുമായ മനുഷ്യാവസ്ഥ ജനാധിപത്യത്തിന്റെ പേരില്‍ സ്ഥാപനവല്‍ക്കരിക്കുകയാണ് ഭരണകൂടങ്ങള്‍.
‘കഴിഞ്ഞ ഒരു ദശകക്കാലമായി ആഗോള സാമ്പത്തിക പ്രതിസന്ധി ഭീഷണമായി തുടരുമ്പോഴും ശതകോടീശ്വരന്‍മാരുടെ എണ്ണം ഇരട്ടിക്കുകയാണ്. 2017–2018 കാലയളവില്‍ രണ്ട് ദിവസം കൂടുമ്പോള്‍ ഒന്നെന്ന നിരക്കിലാണ് കോടീശ്വരന്‍മാര്‍ സൃഷ്ടിക്കപ്പെട്ടത്. അതേസമയം, കോര്‍പ്പറേറ്റുകളുടെയും സമ്പന്നരുടെയും നികുതി കഴിഞ്ഞ ഒരു ദശകത്തിന് മുമ്പുണ്ടായിരുന്നതിനെക്കാള്‍ കുറയുകയാണ് ചെയ്തത്. ഒരു ശതമാനം അതിസമ്പന്നരുടെ നികുതിയില്‍ ദശാംശം അഞ്ച് ശതമാനം മാത്രം വര്‍ധനവ് വരുത്തിയാല്‍ സ്‌കൂളുകളില്‍ എത്താന്‍ കഴിയാതെ പോയ 26 കോടി കുഞ്ഞുങ്ങള്‍ക്ക് വിദ്യാഭ്യാസവും 33 ലക്ഷം രോഗികളുടെ ആരോഗ്യപരിപാലനവും ഉറപ്പുവരുത്താനാവും. ഡോളര്‍ ഒന്നിന് തുഛമായ നാല് ശതമാനമോ അതില്‍ താഴെയോ മാത്രമാണ് പാരമ്പര്യ സ്വത്തിന്‍മേല്‍ നികുതി ചുമത്തിപ്പോന്നിരുന്നത്. വികസിത രാഷ്ട്രങ്ങള്‍ ആ സമ്പ്രദായം അപ്പാടെ അവസാനിപ്പിച്ചിരിക്കുന്നു. വികസ്വര രാഷ്ട്രങ്ങള്‍ അത്തരം നികുതി ചുമത്താന്‍ വിസമ്മതിക്കുന്നു. ആഗോളതലത്തില്‍ അതിസമ്പന്നര്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും ഏര്‍പ്പെടുത്തിയിരുന്ന നികുതി 1970കളില്‍ 62 ശതമാനമായിരുന്നത് ഇപ്പോള്‍ 38 ശതമാനത്തില്‍ താഴെയായി കുറച്ചിരിക്കുന്നു. ദരിദ്ര രാജ്യങ്ങളില്‍ ഇത് കേവലം 28 ശതമാനം മാത്രമാണ്. നവസാമ്പത്തിക ശക്തികളായി വളര്‍ന്നുവരുന്ന രാജ്യങ്ങളിലെ ഏറ്റവും ദരിദ്രരായ പത്തുശതമാനം ജനങ്ങള്‍ നല്‍കുന്ന നികുതി നിരക്കിനെക്കാള്‍ താഴ്ന്ന തോതിലാണ് അതിസമ്പന്നരായ പത്ത് ശതമാനം നല്‍കിവരുന്ന നികുതിനിരക്ക്’. ഓക്‌സ്ഫാം നിരത്തുന്ന ഈ കണക്കുകള്‍ എങ്ങനെയാണ് ‘ജനാധിപത്യ ഭരണകൂടങ്ങള്‍’ അതിസമ്പന്നരുടെയും കോര്‍പ്പറേറ്റുകളുടെയും ദാസ്യവൃത്തിക്കാരായി മാറിയിരിക്കുന്നതെന്നാണ് തുറന്നുകാണിക്കുന്നത്. ഓക്‌സ്ഫാമടക്കം സംഘടനകള്‍ പുറത്തുവിടുന്ന ഈ കണക്കുകള്‍ ജനകീയ പ്രതിരോധങ്ങള്‍ക്കും മുന്നേറ്റങ്ങള്‍ക്കും എങ്ങനെ പ്രയോജനപ്പെടുത്താനാവുമെന്നതാണ് വെല്ലുവിളി.
ഉദാരീകരണ ജനാധിപത്യം നിലനില്‍ക്കുന്നതും ഭരണകൂടങ്ങള്‍ ജനങ്ങള്‍ നല്‍കുന്ന അധികാരത്തില്‍ അഭിരമിക്കുന്നതും സമ്പന്ന വര്‍ഗങ്ങളുടെ ചെലവിലാണ്. ഇന്ത്യന്‍ ജനാധിപത്യവും മറിച്ചല്ലെന്ന് തിരിച്ചറിയുകയും അത് ജനങ്ങളെ ബോധ്യപ്പെടുത്തുകയുമെന്നതാണ് സാമൂഹ്യ സാമ്പത്തിക നീതിക്കുവേണ്ടി നിലകൊള്ളുന്ന പുരോഗമന ശക്തികളുടെ ദൗത്യം. നിയമവ്യവസ്ഥയുടെ പഴുതുകളുപയോഗിച്ച് പാസാക്കിയ തെരഞ്ഞെടുപ്പു ബോണ്ടെന്ന വഞ്ചന അതിസമ്പന്നരുടെയും കോര്‍പ്പറേറ്റുകളുടെയും ഭരണകൂട ദാസ്യവൃത്തിയെയാണ് തുറന്നുകാണിക്കുന്നത്. നാളിതുവരെ രാജ്യത്ത് വിറ്റഴിഞ്ഞ ആയിരത്തില്‍പരം കോടി രൂപയുടെ തെരഞ്ഞെടുപ്പുബോണ്ടുകളുടെ 95 ശതമാനവും ബിജെപിയുടെ കൈകളിലാണ് എത്തിച്ചേര്‍ന്നതെന്ന യാഥാര്‍ഥ്യം മറ്റെന്താണ് തെളിയിക്കുന്നത്? മൂലധനശക്തികളുടെ മടിശീലകളുടെ കനമാണ് ഉദാരീകരണ ജനാധിപത്യത്തിലെ നിയാമക ഘടകം എന്നു വന്നിരിക്കുന്നു. ഈ അവിശുദ്ധ കൂട്ടുകെട്ടു തകര്‍ത്തു മാത്രമെ യഥാര്‍ഥ ജനാധിപത്യത്തെ തിരിച്ചുപിടിക്കാനാവൂ.