ജെഎന്‍യു പ്രവേശനം: ഓണ്‍ലൈന്‍ രീതിക്കെതിരെ പ്രതിഷേധം

Web Desk
Posted on September 25, 2018, 9:40 pm

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ പ്രവേശത്തിന് ഓണ്‍ലൈന്‍ രീതി നടപ്പാക്കാനുള്ള വൈസ് ചാന്‍സലറുടെ തീരുമാനത്തിനെതിരെ വിദ്യാര്‍ഥി യൂണിയന്‍ പ്രതിഷേധവുമായി രംഗത്ത്. വൈസ് ചാന്‍സലറുടെ തീരുമാനം ദുരുദ്ദേശ്യപരമാണെന്ന് വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് എന്‍ സായി ബാലാജി ആരോപിച്ചു.

എംഎ, എംഫില്‍, പിഎച്ച്ഡി കോഴ്‌സുകളിലെ പ്രവേശനത്തിന് നിലവിലെ എഴുത്തുപരീക്ഷയും അഭിമുഖവും എന്ന രീതി ഉപേക്ഷിച്ച് ഓണ്‍ലൈനായി മള്‍ട്ടിപ്പിള്‍ ചോയ്‌സ് രീതിയിലുള്ള പരീക്ഷ നടത്താനാണ് വിസി അധ്യക്ഷനായ സമിതി തീരുമാനമെടുത്തത്. സമിതിയിലെ മറ്റ് രണ്ട് അംഗങ്ങളായ കൃഷ്‌ണേന്ദ്ര മീണ, അനുജ എന്നീ അധ്യാപകരാകട്ടെ നേരത്തെ കോപ്പിയടിച്ച് പ്രബന്ധങ്ങള്‍ തയ്യാറാക്കിയെന്ന ആരോപണങ്ങള്‍ നേരിടുന്നവരുമാണ്.

പ്രവേശന പരീക്ഷാരീതി മാറുന്നതുമായി ബന്ധപ്പെട്ട് യൂണിയന്‍ പ്രതിനിധികളോടൊന്നും ചര്‍ച്ച നടത്താതെ ഏകപക്ഷീയമായാണ് വിസി സ്വന്തംനിലയ്ക്ക് രൂപീകരിച്ച സമിതി തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. സര്‍വകലാശാലയിലെ ജനാധിപത്യ സ്വഭാവത്തെ ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് പുതിയ പരിഷ്‌കാരമെന്ന് സായി ബാലാജി പറഞ്ഞു. നിലവില്‍ രാജ്യത്തിന്റെ എല്ലാ ഭാഗത്തുനിന്നുമുള്ള വിദ്യാര്‍ഥികള്‍ ജെഎന്‍യുവില്‍ പ്രവേശനം നേടുന്നുണ്ട്. എന്നാല്‍, പുതിയ പരിഷ്‌കാരം ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ ഇല്ലാത്ത ഗ്രാമപ്രദേശങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് ഉന്നതവിദ്യാഭ്യാസം നേടുന്നത് അപ്രാപ്യമായ കാര്യമാക്കിത്തീര്‍ക്കുമെന്ന് യൂണിയന്‍ വൈസ് പ്രസിഡന്റ് സരിക പറഞ്ഞു.