Web Desk

ന്യൂഡൽഹി

January 13, 2020, 2:07 pm

ജെഎൻയു സംഭവം; വാട്സ്ആപ്പ്, ഫെയ്സ്ബുക്ക്, ഗൂഗിൾ, ആപ്പിൾ കമ്പനികൾക്ക് ഹൈക്കോടതിയുടെ നോട്ടീസ്

Janayugom Online

ജെഎന്‍യുവിലെ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് വാട്സ്ആപ്പ്, ഫെയ്സ്ബുക്ക്, ഗൂഗിൾ, ആപ്പിൾ എന്നി കമ്പനികൾക്ക് നോട്ടീസയച്ച് ഡല്‍ഹി ഹൈക്കോടതി. സിസിടിവി ദൃശ്യങ്ങളും വാട്‌സാപ്പ് അടക്കമുള്ള സാമൂഹികമാധ്യമങ്ങളിലെ സന്ദേശങ്ങളും സൂക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് കോടതിയുടെ നടപടി. ജെഎന്‍യുവിലെ മൂന്ന് പ്രൊഫസര്‍മാരാണ് സിസിടിവി ദൃശ്യങ്ങളും സാമൂഹികമാധ്യമങ്ങളിലെ വിവരങ്ങളും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.

ആക്രമണത്തിന് വന്നവര്‍ വാട്‌സ് ആപ്പ് ഗ്രൂപ്പ് വഴി ചര്‍ച്ച നടത്തിയിരുന്നുവെന്ന വിവരങ്ങള്‍ പുറത്തുവന്നിരുന്നു. ആക്രമണം ഏകോപിപ്പിച്ചത് വാട്‌സ് ആപ്പ് ഗ്രൂപ്പ് വഴിയാണെന്നായിരുന്നു വിവരം. ഈ സാഹചര്യത്തില്‍ വാട്‌സ് ആപ്പില്‍ നിന്ന് വിവരങ്ങള്‍ തേടിയിട്ടുണ്ടെന്ന് ദില്ലി പോലീസിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ രാഹുല്‍ മെഹ്‌റ ബോധിപ്പിച്ചു.

അതേസമയം പ്രൊഫസര്‍മാരുടെ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി ഇക്കാര്യത്തില്‍ ഡല്‍ഹി പോലീസില്‍നിന്നും വിശദീകരണം തേടി. സംഭവത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ വിശദമാക്കി പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. കേസ് ചൊവ്വാഴ്ച വീണ്ടും പരിഗണിക്കുമെന്ന് ജസ്റ്റിസ് ബ്രിജേഷ് സേത്തി വ്യക്തമാക്കി.