Monday
22 Apr 2019

ജെഎന്‍യു തെരഞ്ഞെടുപ്പ് ഇന്ന്

By: Web Desk | Friday 14 September 2018 7:00 AM IST


JNU election- janayugom
  • മലയാളിയായ എഐഎസ്എഫ് സ്ഥാനാര്‍ഥിക്കെതിരെ വ്യാജപ്രചാരണങ്ങള്‍

ന്യൂഡല്‍ഹി: ഇന്ന് നടക്കാനിരിക്കുന്ന ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല(ജെഎന്‍യു) വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ പരാജയം ഉറപ്പായ സാഹചര്യത്തില്‍ എഐഎസ്ഫ് സ്ഥാനാര്‍ഥിയായ മലയാളിക്കെതിരെ കുപ്രചരണങ്ങളുമായി ആര്‍എസ്എസ് രംഗത്തെത്തി. പിഎച്ച്ഡി വിദ്യാര്‍ഥിനി അമുദാ ജയദീപാണ് എഐഎസ്എഫ് പ്രതിനിധിയായി ഇടതുവിദ്യാര്‍ഥി സഖ്യത്തില്‍ ജോയിന്റ് സെക്രട്ടറിയായി മത്സരിക്കുന്നത്. അമുദയ്‌ക്കെതിരെയാണ് സംഘി മനോരോഗികള്‍ വ്യാജപ്രചാരണങ്ങള്‍ അഴിച്ചുവിട്ടിരിക്കുന്നത്.

കനയ്യകുമാര്‍ വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റായിരിക്കേ നടന്ന വിദ്യാര്‍ഥി പ്രക്ഷോഭങ്ങളിലെ സജീവപങ്കാളിയായിരുന്നു അമുദ. കനയ്യ ഉള്‍പ്പെടെയുള്ളവരെ ദേശദ്രോഹക്കുറ്റം ചുമത്തി ജയിലിലിട്ടതിനെതിരെ നടന്ന സമരങ്ങളിലും മുന്നിലുണ്ടായിരുന്നു. അതുകൊണ്ടുതന്നെ അക്കാലത്ത് സംഘികള്‍ വ്യാജമായി നിര്‍മിച്ച് പ്രചരിപ്പിച്ച വീഡിയോകള്‍ ഉപയോഗിച്ചും കുപ്രചരണങ്ങള്‍ നടത്തുന്നുണ്ട്.

കേരളത്തിലെ ആര്‍എസ്എസ് നേതാക്കളാണ് മലയാളിയായ അമുദയ്‌ക്കെതിരെ വ്യാജ പ്രചരണങ്ങള്‍ നടത്തുന്നതില്‍ മുന്നിലുള്ളത്. സമൂഹമാധ്യമങ്ങളിലെ ജീര്‍ണപ്രചരണങ്ങളില്‍ കുപ്രസിദ്ധനായ ടി ജി മോഹന്‍ദാസ് തന്നെയാണ് ഇപ്പോഴത്തെ വ്യാജപ്രചരണത്തിനും നേതൃത്വം നല്‍കുന്നത്. 2016 ലെ ജെഎന്‍യു സംഭവങ്ങള്‍ക്കു പിന്നില്‍ അമുദയും ഡല്‍ഹിയിലെ മലയാളിയായ മാധ്യമപ്രവര്‍ത്തകനുമാണെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്. അക്കാലത്തെ ചര്‍ച്ചകള്‍ ഈ പെണ്‍കുട്ടിയും മാധ്യമപ്രവര്‍ത്തകനുമാണ് തീരുമാനിച്ചിരുന്നതെന്നും അതനുസരിച്ചാണ് വിനു ചര്‍ച്ച നടത്തിയിരുന്നതെന്നും വരെ പറഞ്ഞുവയ്ക്കുന്നുണ്ട്. ഇടതുസഖ്യം കൂടുതല്‍ വിശാലമായ സാഹചര്യത്തില്‍ തോല്‍വി ഉറപ്പാണെന്ന് മനസിലായതിനാലുള്ള വിഭ്രാന്തിയില്‍ നിന്നാണ് ഇത്തരം പ്രചരണങ്ങളുണ്ടാകുന്നതെന്നാണ് വിലയിരുത്തല്‍.
എഐഎസ്എഫ്, എസ്എഫ്‌ഐ, എഐഎസ്എ, ഡിഎസ്എഫ് എന്നീ സംഘടനകളാണ് ഇടതുപാനരില്‍ മത്സരിക്കുന്നത്.

Related News