ജെഎന്‍യു നല്‍കുന്നത് ശക്തമായ മുന്നറിയിപ്പും പ്രതീക്ഷയും

Web Desk
Posted on November 11, 2019, 11:04 pm

 ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല വിദ്യാര്‍ഥികള്‍ ന്യായമായ ആവശ്യങ്ങള്‍ ഉന്നയിച്ചു നടത്തിവരുന്ന സമരത്തെ അമര്‍ച്ച ചെയ്യാന്‍ കേന്ദ്ര സര്‍ക്കാരും സര്‍വകലാശാല അധികൃതരും ഡല്‍ഹി പൊലീസും സിആര്‍പിഎഫും അടക്കം അവലംബിച്ച മാര്‍ഗങ്ങള്‍ രാജ്യം അത്യന്തം ഉല്‍ക്കണ്ഠയോടെയാണ് വീക്ഷിക്കുന്നത്. കഴിഞ്ഞ പത്തു ദിവസങ്ങളിലേറെയായി നടന്നുവന്നിരുന്ന വിദ്യാര്‍ഥി സമരത്തെ അപ്പാടെ അവഗണിച്ച സര്‍വകലാശാല അധികൃതരും കേന്ദ്ര സര്‍ക്കാരും ഇന്നലെ അവര്‍ക്കുനേരെ ബലപ്രയോഗവും ലാത്തിയടിയും ജലപീരങ്കിയുമായി ജെഎന്‍യു കാമ്പസും പരിസരപ്രദേശവും അക്ഷരാര്‍ഥത്തില്‍ യുദ്ധക്കളമാക്കി. വിദ്യാര്‍ഥികള്‍ക്കു നേരെ അവരുടെ മൊത്തം സംഖ്യയില്‍ ഏറെ വരുന്ന പൊലീസ് സേനാ വ്യൂഹം ക്രൂരമായ ബലപ്രയോഗം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ ദൃശ്യമാധ്യമങ്ങള്‍ പുറത്തുകൊണ്ടുവന്നു. നിരവധി വിദ്യാര്‍ഥികളെ പൊലീസ് കസ്റ്റഡിയില്‍ തടഞ്ഞുവച്ചിരിക്കുന്നതായും വാര്‍ത്തകളുണ്ട്. ഹോസ്റ്റല്‍ ഫീ, ഹോസ്റ്റല്‍ മുറികളില്‍ വെള്ളം, വൈദ്യുതി സേവനങ്ങള്‍ക്കുള്ള നിരക്ക്, ഭക്ഷണത്തിന് നല്‍കേണ്ട വില എന്നിവ കുത്തനെ ഉയര്‍ത്തുന്ന കരട് ഹോസ്റ്റല്‍ മാന്വലിനെതിരെയാണ് എബിവിപി അടക്കം വിദ്യാര്‍ഥി സംഘടനകള്‍ ഒന്നടങ്കം സര്‍വകലാശാല വിദ്യാര്‍ഥി യൂണിയന്റെ നേതൃത്വത്തില്‍ പ്രത്യക്ഷ സമരത്തിന് നിര്‍ബന്ധിതരായത്.

ഇനിയും നിര്‍വചിക്കപ്പെടാത്ത വസ്ത്രധാരണ ചട്ടവും ഇരുപതു മണിക്കൂര്‍ പ്രവ‍ര്‍ത്തിക്കുന്ന ലൈബ്രറികളുള്ള സ്ഥലത്ത് കര്‍ഫ്യു ബാധകമാക്കുന്നതും വിദ്യാര്‍ഥികളുടെ പ്രതിഷേധം ക്ഷണിച്ചുവരുത്തിയിരുന്നു. മേല്‍പറഞ്ഞ നിര്‍ദ്ദേശങ്ങള്‍ ഒന്നുംതന്നെ വിദ്യാര്‍ഥികളുമായി ചര്‍ച്ച ചെയ്യുകയോ അവരുടെ ആവലാതിക­ള്‍ കേള്‍ക്കണമെന്ന ആവശ്യം വൈസ് ചാന്‍സലര്‍ അടക്കം ബന്ധപ്പെട്ടവര്‍ കേള്‍ക്കാന്‍ സന്നദ്ധമാവുകയോ ചെയ്യാതെ വന്നതാണ് പ്രക്ഷോഭത്തിലേക്ക് നയിച്ചത്. ഇപ്പോഴത്തെ വൈസ് ചാന്‍സലര്‍ മാമിദല ജഗദീഷ് കുമാര്‍ വിദ്യാര്‍ഥികളെ കാണാനോ അവരുടെ പരാതികള്‍ക്ക് ചെവികൊടുക്കാനോ തയാറാവുന്നില്ലെന്ന് മാത്രമല്ല കാമ്പസിലെ അസാന്നിധ്യവും വിദൂരനിയന്ത്രണവും കൊ­­ണ്ടാണ് അദ്ദേഹം ശ്ര­ദ്ധേയനാകുന്നത്. വിദ്യാര്‍ഥികളോടും അധ്യാപകരുള്‍പ്പെട്ട സര്‍വകലാശാല സമൂഹത്തോടും തികഞ്ഞ നിഷേധാത്മക സമീപനമാണ് ഇ­ത്. രാജ്യത്തെ ഏറ്റവും പ്രബുദ്ധമായ ഉന്നത വിദ്യാഭ്യാസ കേന്ദ്രത്തിന്റെ സ്വതന്ത്ര സ്വഭാവത്തെ വന്ധ്യംകരിച്ച് നിശബ്ദമാക്കാന്‍ സംഘപരിവാര്‍ ഭരണകൂടത്താല്‍ നിയോഗിക്കപ്പെട്ട ഒറ്റയാള്‍ പ­ട്ടാളത്തെപോലെയാണ് ജഗദീഷ് കു­മാര്‍ പെരുമാറുന്നത്. ഇന്ത്യയുടെ വൈവിധ്യത്തെ­­യും സാമ്പത്തിക വൈ­രുധ്യങ്ങളെയും ഒരുപോലെ പ്രതിനിധാനം ചെയ്യുന്നതും അതിനെ പൂര്‍ണമായി ഉള്‍ക്കൊണ്ട് പുതുതലമുറയ്ക്ക് ഏറ്റവും മികച്ചതും ലോകോത്തര നിലവാരമുള്ളതുമായ വിദ്യാഭ്യാസം ഉറപ്പു നല്‍കുന്ന ഒന്നായാണ് ജെഎന്‍യു വിഭാവനം ചെയ്യപ്പെട്ടിരുന്നത്.

അക്കാദമിക സ്വാതന്ത്ര്യത്തിന്റെയും അന്വേഷണത്വരയുടെയും വിദ്യാര്‍ഥികളുടെ സ്വതന്ത്ര വ്യക്തിത്വ വികാസത്തിന്റെയും മികച്ച മാതൃകയായി സര്‍വകലാശാലയ്ക്ക് മാറാന്‍ കഴി‍ഞ്ഞു. പുരോഗമന ചിന്താഗതിക്കാരായ അധ്യാപക ശ്രേഷ്ഠരും ഇടതുപക്ഷ‑പുരോഗമന വിദ്യാര്‍ഥി സംഘടനകള്‍‍ക്ക് ആഴത്തില്‍ വേരോട്ടവുമുള്ള അത് ചിരപ്രതിഷ്ഠ നേടി. ജെഎന്‍യുവിന്റെ ആ പ്രതിച്ഛായ തകര്‍ത്ത് വരേണ്യ വിഭാഗങ്ങള്‍ക്കും രാഷ്ട്രീയ യാഥാസ്ഥിതികത്വത്തിനും ആധിപത്യം പുലര്‍ത്താവുന്ന ഒന്നായി അതിനെ മാറ്റിയെടുക്കുക എന്നതാണ് സംഘപരിവാര്‍ ഭരണകൂടത്തിന്റെ ലക്ഷ്യം. സ്വന്തം വിദ്യാഭ്യാസ യോഗ്യതയെപ്പറ്റി ജനങ്ങളെയും ഭരണഘടനാ സ്ഥാപനങ്ങളെയും തെറ്റിധരിപ്പിക്കുകയും അത് സംബന്ധിച്ച വസ്തുതകള്‍ പുറത്തുവരുന്നത് തടയുകയും ചെ­യ്യുന്ന പ്രധാനമന്ത്രി ഉണ്ടായിരിക്കുകയും വിദ്യാഭ്യാസത്തിന്റെ ചുമതല വഹിക്കുന്ന മനുഷ്യ വിഭവശേഷി വികസന മന്ത്രി ഉണ്ടായിരുന്നതുമായ ഒരു രാജ്യത്ത് ഇത്തരം വിധ്വംസക പ്രവര്‍ത്തനങ്ങള്‍ അപ്രതീക്ഷിതവും അസാധാരണവുമല്ല. പുരോഗമനേച്ഛുക്കളായ ജെഎന്‍യു വിദ്യാര്‍ഥികളും അധ്യാപകരും മാത്രമല്ല രാജ്യത്തെ ഉന്നത വിദ്യാഭ്യാസ രംഗത്തുള്ള അത്തരക്കാരെല്ലാം ദേശവിരുദ്ധരും രാജ്യദ്രോഹികളുമാണെന്ന് വരുത്തിത്തീര്‍ക്കാന്‍പോലും ശ്രമങ്ങള്‍ തുടരുകയാണ്.

യാഥാസ്ഥിതികത്വത്തിനും പ്രതിലോമതയ്ക്കും അസ്വാതന്ത്ര്യത്തിനും അസമത്വത്തിനും അനീതിക്കും എതിരെ ആദ്യത്തെ ചോദ്യം ഉയരുക ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും സര്‍വകലാശാലകളില്‍ നിന്നുമാണെന്നത് യാദൃച്ഛികമല്ല. മനുഷ്യ ചരിത്രത്തിലുടനീളം നീതിയുടെയും അവകാശങ്ങളുടെയും ചെറുത്തുനില്‍പിന്റെയും പ്രതിഷേധത്തിന്റെയും ശബ്ദം ഉയര്‍ന്നിട്ടുള്ള സുപ്രധാന കേന്ദ്രങ്ങള്‍ സര്‍വകലാശാലകളായിരുന്നു. അത്തരം രക്തപങ്കിലമായ അധ്യായങ്ങള്‍പോലും ചരിത്രത്തില്‍ അസാധാരണമല്ല. യാഥാസ്ഥിതിക മേലാളന്മാരും പ്രതിലോമ ഭരണകൂടങ്ങളും പുതുതലമുറയുടെ ഉയര്‍ത്തെഴുന്നേല്‍പുകളെ തടഞ്ഞുനിര്‍ത്താന്‍ ശ്രമിച്ചിട്ടുമുണ്ട്. ജെ­എന്‍യു രാജ്യത്തിന് നല്‍കുന്ന‍ത് ശക്തമായ മുന്നറിയിപ്പും വ്യക്തമായ പ്രതീക്ഷയുമാണ്. സഹസ്രാബ്ദ തലമുറയെപ്പറ്റി നിരാശഭരിതമായ ചിന്തകള്‍ വച്ചുപുലര്‍ന്നവര്‍ കണ്ണുതുറന്നു കാണേണ്ട കാഴ്ചകളാണ്, ചെവിതുറന്നു കേള്‍ക്കേണ്ട ശബ്ദങ്ങളാണ് ജെഎന്‍യു അനാവരണം ചെയ്യുന്നതും ഉയര്‍ത്തുന്നതും.