റെജി കുര്യന്‍

 ന്യൂഡല്‍ഹി:

February 16, 2021, 10:32 pm

ജെഎന്‍യു പ്രതിഷേധം: നേരിട്ട് ഹാജരാകാൻ നിർദ്ദേശം

Janayugom Online

അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയതിനെതിരെ ജെഎന്‍യുവില്‍ (ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി) നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട കേസിൽ മുൻ വിദ്യാര്‍ത്ഥി യൂണിയന്‍ നേതാക്കളായ കനയ്യ കുമാര്‍, ഉമര്‍ ഖാലിദ് ഉള്‍പ്പെടെ പത്ത് കുറ്റാരോപിതർ മാര്‍ച്ച് 15ന് നേരിട്ട് ഹാജരാകണമെന്ന് ഡല്‍ഹി കോടതി. പാര്‍ലമെന്റ് ആക്രമണ കേസിലെ പ്രതി അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയതുമായി ബന്ധപ്പെട്ട് 2016 ഫെബ്രുവരി ഒമ്പതിന് ജെഎന്‍യുവില്‍ നടന്ന പ്രതിഷേധ സമരത്തില്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിച്ചുവെന്ന് ആരോപിച്ചാണ് രാജ്യദ്രോഹ കേസെടുത്തിട്ടുള്ളത്.

2016 ഫെബ്രുവരി 11 നാണ് ഡല്‍ഹി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. 2019 ജനുവരിയില്‍ കുറ്റപത്രം കോടതിയില്‍ സമര്‍ച്ചിച്ചു. നിലവിലെ നിയമ വ്യവസ്ഥ പ്രകാരം രാജ്യദ്രോഹ കുറ്റത്തിനു സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയില്ലാതെ സമര്‍പ്പിച്ച കുറ്റപത്രം കോടതി തള്ളിയിരുന്നു. തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയോടെ ഐപിസി 124എ, 323, 465, 471, 143, 149, 147, 120 ബി എന്നീ വകുപ്പുകള്‍ ചുമത്തി 2020 ഫെബ്രുവരിയിലാണ് ഡല്‍ഹി പൊലീസ് പുതിയ കുറ്റപത്രം സമര്‍പ്പിച്ചത്. ഈ പശ്ചാത്തലത്തിലാണ് പ്രതികളോടു നേരിട്ടു ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടത്.

ENGLISH SUMMARY:JNU protest: Instruc­tion to appear in person

YOU MAY ALSO LIKE THIS VIDEO