സംഘപരിവാറിന് എതിര്‍പ്പ്: ജെഎന്‍യുവിലെ സെമിനാര്‍ മാറ്റി

Web Desk
Posted on April 08, 2018, 6:34 pm

സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി: രാജ്യത്ത് നിലനില്‍ക്കുന്ന ബഹുസ്വരതയോടും ആദിവാസികളോടുമുള്ള അസഹിഷ്ണുത വീണ്ടും വെളിപ്പെടുത്തി മോഡി സര്‍ക്കാര്‍. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഫിലോസഫിക്കല്‍ റിസര്‍ച്ചിന്റെ (ഐപിസിആര്‍) ആഭിമുഖ്യത്തില്‍ ആദിവാസികളുടെ സംസ്‌കാരവും വിശ്വസവും എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ശില്‍പ്പശാല യുക്തമായ കാരണമില്ലാതെ മാറ്റിവച്ചു. ഇക്കാര്യം കൗണ്‍സില്‍ അധികൃതര്‍ സംഘാടകരായ ജെഎന്‍യു അധികൃതരെ രേഖാമൂലം അറിയിച്ചു.
ശില്‍പ്പശാലയില്‍ അവതരിപ്പിക്കാനായി അയച്ച 20 പേപ്പറുകളില്‍ 11 എണ്ണവും വിഷയങ്ങളുമായി പുലബന്ധം പുലര്‍ത്തുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഐപിസിആര്‍ അധ്യക്ഷനും സംഘപരിവാര്‍ അനുഭാവിയുമായ എസ് ആര്‍ ഭട്ട് ജെഎന്‍യു അധികൃതര്‍ക്ക് കത്ത് എഴുതിയത്. മൂല്യനിര്‍ണയം നടത്തിയ സമിതി ശില്‍പ്പശാലക്കായി സമര്‍പ്പിച്ച പേപ്പറുകള്‍ നിലവാരമില്ലെന്ന് കണ്ടെത്തിയെന്നാണ് ഐപിസിആര്‍ അധികൃതരുടെ ഭാഷ്യം. രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 8.4 ശതമാനം വരുന്ന ആദിവാസികളുടെ വിശ്വാസവും സംസ്‌കാരവും എന്ന വിഷയത്തില്‍ സമര്‍പ്പിച്ച പേപ്പറുകള്‍ നിലവാരമില്ലെന്ന് പറഞ്ഞ് ശില്‍പ്പശാല മാറ്റിവച്ചതിനെതിരെ ശക്തമായ പ്രതിഷേധമാണ് രാജ്യവ്യാപകമായി ഉയരുന്നത്. രാജ്യത്തെ സാംസ്‌കാരിക സ്ഥാപനങ്ങളെ കാവിവല്‍ക്കരിക്കുന്ന മോഡി സര്‍ക്കാരിന്റെ നിലപാടുകള്‍ക്കെതിരെ ഇടതുപക്ഷം ഉള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു.
മതപരമായ വൈവിധ്യം, അതുമായി ബന്ധപ്പെട്ട വാദഗതികള്‍, പുരാതനവും സമകാലീനവുമായ ഇസ്‌ലാമിക ഗ്രന്ഥങ്ങള്‍, ഭഗവദ്ഗീത, ബുദ്ധ, ജൈന, ആദിവാസി പാരമ്പര്യങ്ങള്‍, വിവിധ മതങ്ങള്‍ സംബന്ധിച്ച ദാര്‍ശനികമായ വിശകലനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട പേപ്പറുകളാണ് സമര്‍പ്പിക്കേണ്ടതെന്ന് നേരത്തെ തന്നെ ഐപിസിആര്‍ ശില്‍പ്പശാലയുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ ലഘുലേഖയില്‍ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിദേശങ്ങളില്‍ നിന്നുള്ളവര്‍ ഉള്‍പ്പടെ പ്രബന്ധങ്ങള്‍ അയച്ചത്. ഇതിനാണ് നിലവാരമില്ലെന്ന് ചൂണ്ടിക്കാട്ടി ശില്‍പ്പശാല മാറ്റിവച്ചത്.
ആദിവാസികള്‍ വനവാസികളാണെന്നും അവരുടെ വിശാസങ്ങള്‍ സ്വതന്ത്രമാണെന്നും ഹിന്ദു മതത്തില്‍ നിന്നും ഇതൊക്കെ വിഭിന്നമാണെന്നുമാണ് സംഘപരിവാറിന്റെ വാദം. സംഘപരിവാറിന്റെ ഹിന്ദുത്വ ആശയങ്ങളുമായി ഇത് യോജിക്കില്ലെന്നും സംഘപരിവാര്‍ പറയുന്നു. അതുകൊണ്ടുതന്നെ സംഘപരിവാറിന്റെ ഇടപെടലാണ് ശില്‍പ്പശാല മാറ്റിവയ്ക്കാനുള്ള കാരണമെന്ന ആക്ഷേപവും ഇതിനകം ഉയര്‍ന്നിട്ടുണ്ട്.
ആദിവാസികളുടെ മതപരമായ വിശ്വാസങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഉള്‍പ്പെടുത്തിയതാണ് ശില്‍പ്പശാല റദ്ദാക്കാനുള്ള കാരണമെന്ന് വിവിധ ദളിത് സംഘടനാ നേതാക്കള്‍ വ്യക്തമാക്കുന്നു. ശില്‍പ്പശാല റദ്ദാക്കിയ കൗണ്‍സിലിന്റെ നടപടിയെ ഈ മേഖലയിലെ വിദഗ്ധര്‍ ശക്തമായി വിമര്‍ശിച്ചു. രാജ്യത്തെ മതപരമായ ബഹുസ്വരത സംബന്ധിച്ച ശില്‍പ്പശാല സംഘടിപ്പിക്കുമ്പോള്‍ ആദിവാസികളുടെ വിശ്വാസങ്ങളും പാരമ്പര്യങ്ങളും ഉള്‍പ്പെടുത്താതിരിക്കാന്‍ കഴിയില്ലെന്നും ഇവര്‍ പറയുന്നു.
വിദേശത്ത് നിന്നുള്ള പ്രതിനിധികള്‍ എത്തുന്നത് സംബന്ധിച്ചും കൗണ്‍സില്‍ അനാവശ്യമായ എതിര്‍പ്പ് പ്രകടിപ്പിക്കുന്നുണ്ട്. ഇറാഖ്, പാകിസ്ഥാന്‍, സുഡാന്‍, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ക്ക് വിസ നല്‍കുന്നതിനാണ് വിദേശകാര്യ മന്ത്രാലയം കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ കൗണ്‍സില്‍ സെമിനാറില്‍ അമേരിക്ക, കാനഡ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളാണെന്ന് ജെഎന്‍യു അധികൃതര്‍ വ്യക്തമാക്കി.