ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ സമരത്തിലേക്ക്

Web Desk
Posted on January 05, 2019, 10:59 pm

ന്യൂഡല്‍ഹി: ശ്രീ ശ്രീ രവിശങ്കര്‍, ജഗ്ഗി വാസുദേവ് എന്നിവരുടെ പരിപാടി നടത്താനായി ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി 13 ലക്ഷം രൂപ ചെലവഴിച്ചു എന്നാരോപിച്ച് ജവഹര്‍ലാല്‍ നെഹ്‌റു വിദ്യാര്‍ഥി യൂണിയന്‍ സമരത്തിലേക്ക്.

മതിയായ സൗകര്യങ്ങളില്ലാതെ പരീക്ഷ എഴുതിയ സെന്റര്‍ ഫോര്‍ ജാപ്പനീസ് സ്റ്റഡീസിലെ മുനേഷ് എന്ന ബധിര വിദ്യാര്‍ഥിയെ യൂണിവേഴ്‌സിറ്റി പരീക്ഷയില്‍ പരാജയപ്പെടുത്തിയിരുന്നു. ഫണ്ട് അപര്യാപ്തത മൂലം യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ഥിക്ക് ആവശ്യമായ സൗകര്യം ഇല്ലെന്ന് ജെഎന്‍യുഎസ്‌യു പറയുന്നു. തനിക്ക് ബ്രെയ്ല്‍ ലിപിയില്‍ തയ്യാറാക്കിയ ചോദ്യപേപ്പറും എഴുതാന്‍ ആളെയും നല്‍കാന്‍ സര്‍വകലാശാല തയ്യാറായില്ലെന്ന് മുനേഷ് കഴിഞ്ഞ ദിവസം ഐഎഎന്‍എസിനോട് പറഞ്ഞിരുന്നു. പരീക്ഷാ ഫലം സ്വീകരിക്കാന്‍ മുനേഷ് വിസമ്മതിക്കുകയായിരുന്നു. സര്‍വകലാശാലയുടെ നടപടിയില്‍ നാഷണല്‍ പ്ലാറ്റ്‌ഫോം ഫോര്‍ റൈറ്റ്‌സ് ഓഫ് ദി ഡിസേബിള്‍ഡ് പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ ബാബമാരായ ജഗ്ഗി വാസുദേവ്, ശ്രീ ശ്രീ രവിശങ്കര്‍ എന്നിവരുടെ പരിപാടി നടത്താനായി വി സി 13 ലക്ഷത്തോളം രൂപയാണ് ചെലവാക്കിയതെന്ന് ജെഎന്‍യുഎസ്‌യു പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.

വിസിയുടെ സാമ്പത്തിക അഴിമതിയില്‍ പ്രതിഷേധിച്ച് 8,9 തീയ്യതികളില്‍ സമരത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട് ജെഎന്‍യു എസ്‌യു.