ന്യൂഡൽഹി: ജെഎൻയു യൂണിവേഴ്സിറ്റിയുടെ സുഗമമായ നടത്തിപ്പിനു സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ വൈസ് ചാൻസലറോടു കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ നിർദ്ദേശം. ഇന്നലെ എംഎച്ച്ആർഡി സെക്രട്ടറി അമിത് ഖരെ വൈസ് ചാൻസലറെയും റെക്ടറെയും മന്ത്രാലയത്തിലേക്കു വിളിച്ചു വരുത്തിയാണ് ഇത്തരമൊരു നിർദ്ദേശം മുന്നോട്ടു വച്ചത്.
ജെഎൻയുവിൽ ഫീസ് വർദ്ധനയെ തുടർന്ന് വിദ്യാർത്ഥികൾ മാസങ്ങളോളമായി സമരത്തിലാണ്. ഇതിനിടെയാണ് കഴിഞ്ഞ ദിവസം മുഖംമൂടി ധരിച്ചെത്തിയ അക്രമി സംഘം ക്യാമ്പസിനുള്ളിൽ അക്രമം അഴിച്ചു വിട്ടത്. മുപ്പതോളം വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും അക്രമത്തിൽ പരിക്കേറ്റിരുന്നു. ജെഎൻയു അക്രമം ദേശീയതലത്തിൽ വാർത്തയായതോടെയാണ് എംഎച്ച്ആർഡി രംഗത്ത് എത്തിയത്. ഇന്നലെ വൈസ് ചാൻസലർ എം ജഗദേഷ് കുമാർ, പ്രൊക്ടർ സതീഷ് ചന്ദ്ര എന്നിവരെ എംഎച്ച്ആർഡി വിളിച്ചു വരുത്തി യൂണിവേഴ്സിറ്റിയിലെ നിജസ്ഥിതി സംബന്ധിച്ച് വിശദീകരണം തേടി.
യൂണിവേഴ്സിറ്റിയിലെ നിലവിലെ സ്ഥിതി സമാധാനപരമാണ്. കമ്മ്യുണിക്കേഷൻ, ഇൻഫർമേഷൻ സിസ്റ്റത്തിന്റെ കേടുപാടുകൾ പരിഹരിക്കുകയും പ്രവർത്തന ക്ഷമമാക്കുകയും ചെയ്തു. വിന്റർ സെമസ്റ്റർ 2020ന്റെ രജിസ്ട്രേഷൻ പിഴയൊടുക്കാതെ അടയ്ക്കാനുള്ള തീയതി ജനുവരി 12 വരെ നീട്ടി. നിലവിൽ 3300 വിദ്യാർത്ഥികൾ ഓൺലൈനായി രജിസ്ട്രേഷൻ നടത്തി ഫീസടച്ചു. എല്ലാവരോടും സമാധാനം പാലിക്കാനും തെറ്റായസന്ദേശങ്ങളിൽ പ്രകോപിതരാകരുതെന്നും അഭ്യർത്ഥിച്ചതായി വി സി കൂടിക്കാഴ്ചയിൽ പറഞ്ഞു. അതേസമയം ജെഎൻയുവിലെ മുഖംമൂടി ധാരികളായ അക്രമികളുടെ മുഖംമൂടി മാറ്റി അവരെ പുറത്തു കൊണ്ടുവരുമെന്ന് വാർത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി പ്രകാശ് ജാവഡേക്കർ. പൊലീസ് ഇത് സംബന്ധിച്ച് കാര്യങ്ങൾ അന്വേഷിച്ചു വരികയാണെന്നും ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു.
English summary: JNU: The Ministry of Human Resources has summoned the VC and the Rector
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.