ജെഎന്‍യുവിലെ രാത്രികള്‍ക്ക് ഇപ്പോള്‍ പകലിനെക്കാള്‍ ചൂടാണ്

Web Desk
Posted on September 04, 2019, 3:32 pm

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഇപ്പോള്‍ കടുത്ത ചൂടാണ്. ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലയിലെ രാത്രികള്‍ക്കാകട്ടെ പകലിനെക്കാള്‍ ചൂട് കൂടുതലുമാണ്. കാരണം സെപ്റ്റംബര്‍ ആറിന് ലോകം ശ്രദ്ധിക്കുന്ന സര്‍വകലാശാലയില്‍ വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പാണ്. അതുകൊണ്ട് തന്നെ നിറഞ്ഞ സംവാദങ്ങളുടെ ചൂടാണ് ക്യാമ്പസിലെങ്ങും.
പ്രധാനമായും ഇടതു വിദ്യാര്‍ഥി മുന്നണിയാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിലും പ്രവര്‍ത്തനങ്ങളിലും മുന്നിലുള്ളത്. ഇടതു വിദ്യാര്‍ഥി മുന്നണിക്ക് പുറമേ മൂന്ന് മുന്നണികളാണ് രംഗത്തുള്ളത്. കഴിഞ്ഞ കുറേ വര്‍ഷമായി ഇത് പ്രസ്ഥാനങ്ങള്‍ക്ക് വിജയം നേടാനായതും ക്യാമ്പസിന്റെ ഇടതുപക്ഷ ആഭിമുഖ്യവും ഇത്തവണയും ഇടത് സഖ്യത്തിന് വിജയ പ്രതീക്ഷ നല്‍കുന്നുണ്ട്.

ഇടത് വിദ്യാര്‍ഥി സഖ്യത്തിന്റെ പ്രതിനിധികളായി പ്രസിഡന്റ് സ്ഥാനത്തേക്ക് അയേഷി ഘോഷ് (എസ്എഫ്‌ഐ), വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് സാകേത് മൂന്‍ (ഡിഎസ്എഫ്), ജനറല്‍ സെക്രട്ടറി സ്ഥാനത്ത് സതീഷ് ചന്ദ്ര യാദവ് (എഐഎസ്എ), ജോയിന്റ് സെക്രട്ടറിയായി മുഹമ്മദ് ഡാനിഷ് (എഐഎസ്എഫ്) എന്നിവരാണ് മത്സരിക്കുന്നത്‌.

ദേശീയ പ്രാധാന്യമുള്ള വിഷയങ്ങളിലും ഫാസിസ്റ്റ് — ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയും വിദ്യാര്‍ഥികളുടെ മാത്രമല്ല രാജ്യത്തെ പൊതുസമൂഹത്തിന്റെയും അഭിപ്രായ രൂപീകരണത്തില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച വിദ്യാര്‍ഥി യൂണിയനായിരുന്നു കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ജെഎന്‍യുവില്‍ ഭരണം നടത്തിയ ഇടത് സഖ്യം. അതുകൊണ്ടുതന്നെ സംവാദവിഷയങ്ങളില്‍ രാജ്യത്തിന്റെ പൊതുവായ എല്ലാ പ്രശ്‌നങ്ങളും പ്രാമുഖ്യത്തോടെ ഇടം പിടിച്ചിട്ടുണ്ട്.

സര്‍വ്വകലാശാലകള്‍ക്കെതിരായ കടന്നാക്രമണങ്ങള്‍, ദളിത് — ന്യൂനപക്ഷ പീഡനങ്ങള്‍, കശ്മീരിലെ ജനാധിപത്യ ധ്വംസനങ്ങള്‍, തൊഴിലില്ലായ്മ, വിലക്കയറ്റം, ഏറ്റവും ഒടുവില്‍ അസമിലെ അന്യരാക്കപ്പെട്ട ദശലക്ഷക്കണക്കിനാളുകളുടെ ഹൃദയവേദനകള്‍.. എന്നിവയെല്ലാം ക്യാമ്പസിലെ ചര്‍ച്ചകളെ തീപിടിപ്പിക്കുന്നു. രാത്രികളില്‍ പാട്ടുപാടിയും ചര്‍ച്ചകള്‍ നടത്തിയും അവര്‍ ഉറക്കമിളച്ചിരിക്കുന്നു. മണ്‍ചെരാതുകളില്‍ വെളിച്ചം തേടുന്നു. സംവാദങ്ങളില്‍ അവര്‍ എതിരാളികളുടെ ചാട്ടുളികള്‍ പോലുള്ള ചോദ്യങ്ങളെ അതേ നാണയത്തിലുള്ള ഉത്തരങ്ങളായി തിരിച്ചെറിയുന്നു. പുതിയ തലമുറ ഇന്ത്യയുടെ ഭീതിതമായ കാലത്തെ എത്രത്തോളം ആശങ്കകളോടെയാണ് കാണുന്നതെന്നറിയണമെങ്കില്‍ നിങ്ങള്‍ ജെഎന്‍യുവിലേയ്ക്ക് എത്തണം.

സെപ്റ്റംബര്‍ ആറിനാണ് വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പ്. അന്ന് വൈകിട്ട് വോട്ടെണ്ണി തുടങ്ങുമെങ്കിലും ഏഴിന് മാത്രമേ ഫലപ്രഖ്യാപനം പൂര്‍ത്തിയാകൂ എന്നാണ് കരുതപ്പെടുന്നത്.