ജെഎന്‍യു ഇത്തവണയും ഇടതുകോട്ട

Web Desk
Posted on September 08, 2019, 2:51 pm

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ ചുവപ്പ് കോട്ടയ്ക്ക് ഇളക്കമില്ലെന്ന് തെളിയിച്ച് ഇടത് വിദ്യാര്‍ഥി സഖ്യം വന്‍ വിജയം കരസ്ഥമാക്കി. ആധികാരികമായിരുന്നു എഐഎസ്എഫ്, എസ്എഫ്‌ഐ, എഐഎസ്എ,ഡിഎസ്എഫ് സഖ്യത്തിന്റെ വിജയം. ആദ്യം മുതല്‍ തന്നെ ഭൂരിപക്ഷം നിലനിര്‍ത്തിയ ഇടത് വിദ്യാര്‍ഥി സ്ഥാനാര്‍ഥികള്‍ ഓരോ ഘട്ടത്തിലും ലീഡ് നില ഉയര്‍ത്തിക്കൊണ്ടിരുന്നു.

പ്രസിഡന്റ് സ്ഥാനാര്‍ഥി അയിഷേ ഘോഷി (എസ്എഫ്‌ഐ)ന് 1285 വോട്ടിന്റെയും വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി സാകേത് മൂണി(ഡിഎസ്എഫ്)ന് 2030, ജനറല്‍ സെക്രട്ടറി സതീഷ് ചന്ദ്രയാദവി(എഐഎസ്എ)ന് 1163, ജോയിന്റ് സെക്രട്ടറി മുഹമ്മദ് ഡാനിഷി(എഐഎസ്എഫ്) ന് 1787 വോട്ടുകളുടെയും ഭൂരിപക്ഷമുണ്ട്.

വോട്ടെണ്ണല്‍ പൂര്‍ത്തിയായെങ്കിലും ഔദ്യോഗിക ഫലപ്രഖ്യാപനം 17 ന് ശേഷം മാത്രമേ ഉണ്ടാകൂ. 17 ന് കേസ് പരിഗണിച്ച് വിധി പറയുന്നതുവരെ ഔദ്യോഗിക അന്തിമഫലപ്രഖ്യാപനം പാടില്ലെന്നായിരുന്നു വെള്ളിയാഴ്ച ഡല്‍ഹി ഹൈക്കോടതിയില്‍ നിന്നുണ്ടായ വിധി. രണ്ടു വിദ്യാര്‍ഥികള്‍ നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ് ഫലപ്രഖ്യാപനം തടഞ്ഞത്.

വെള്ളിയാഴ്ച നടന്ന വോട്ടെടുപ്പില്‍ 67.9 ശതമാനം പേരാണ് വോട്ട് ചെയ്തിരുന്നത്. കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന വോട്ടിംഗ് ശതമാനമാണിത്. 8,488 ല്‍ 5,762 പേരാണ് വോട്ടവകാശം വിനിയോഗിച്ചത്.
സര്‍വകലാശാല തെരഞ്ഞെടുപ്പ് ചട്ടമനുസരിച്ച് ഞായറാഴ്ച വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കുന്നില്ലെങ്കില്‍ തെരഞ്ഞെടുപ്പ് തന്നെ അസാധുവാകും. അതുകൊണ്ട് ഡല്‍ഹി ഹൈക്കോടതി വിധിയുടെ പേരില്‍ വോട്ടെണ്ണല്‍ വൈകിപ്പിക്കാന്‍ അധികൃതര്‍ കിണഞ്ഞ് പരിശ്രമിച്ചിരുന്നു. എന്നാല്‍ വിദ്യാര്‍ഥി പ്രതിഷേധം ശക്തമായതിനെ തുടര്‍ന്നാണ് 12 മണിക്കൂര്‍ വൈകി ശനിയാഴ്ച ഉച്ചയോടെ വോട്ടെണ്ണല്‍ ആരംഭിച്ചത്.

തുടര്‍ച്ചയായ നാലാംതവണയാണ് ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാല വിദ്യാര്‍ഥി യൂണിയന്‍ ഇടതുപക്ഷത്തോടെ ചേര്‍ന്ന് നില്‍ക്കുന്നത്. കേന്ദ്രഭരണമുപയോഗിച്ച് സര്‍വകലാശാല അധികൃതരില്‍ സമ്മര്‍ദം ചെലുത്തി വിധിയെ സ്വാധീനിക്കാന്‍ എബിവിപി ശ്രമിച്ചുവെങ്കിലും രാജ്യത്തെ ഏറ്റവും പ്രമുഖ സര്‍വകലാശാല വെറുപ്പിന്റെ രാഷ്ട്രീയത്തെ ഒരിക്കല്‍കൂടി പുറത്തുനിര്‍ത്തി പാരമ്പര്യം കാത്തിരിക്കുകയാണ് ഈ വിധിയിലൂടെ.