Web Desk

ന്യൂഡല്‍ഹി:

January 22, 2021, 9:47 pm

സംഘപരിവാർ ബന്ധം; രണ്ട് ഇന്ത്യക്കാരെ ഒഴിവാക്കി ബൈഡന്‍ ഭരണകൂടം

Janayugom Online

സംഘപരിവാർ ബന്ധമുള്ള രണ്ട് ഇന്ത്യൻ വംശജരായ ഡെമോക്രാറ്റിക് നേതാക്കളെ ഭരണത്തിൽനിന്നും ഒഴിവാക്കി ബൈഡന്‍ ഭരണകൂടം.ഒബാമ ഭരണത്തിന്റെ ഭാഗമായിരുന്ന സോണല്‍ ഷാ, ബൈഡന്റെ പ്രചാരണ സംഘത്തില്‍ അംഗമായിരുന്ന അമിത് ജാനി എന്നിവരെയാണ് ഒഴിവാക്കിയത്. ഇവരുടെ ആര്‍എസ്എസ്-ബിജെപി ബന്ധമാണ് മാറ്റി നിര്‍ത്താന്‍ കാരണമെന്ന് ‘ദ ട്രിബ്യൂൺ’ റിപ്പോര്‍ട്ട് ചെയ്തു. 20 ഇന്‍ഡോ-അമേരിക്കന്‍ ഡെമോക്രാറ്റുകള്‍ ബൈഡന്‍ ഭരണകൂടത്തിലെ പ്രധാനസ്ഥാനങ്ങളിലേക്ക് അവരോധിക്കപ്പെട്ടപ്പോൾ വലതുപക്ഷ നിലപാട് സ്വീകരിച്ച രണ്ടുപേരെയും ഒഴിവാക്കുകയായിരുന്നു.

19 ഇന്ത്യന്‍ അമേരിക്കന്‍ സംഘടനകളുടെ ഒരു കൂട്ടായ്മ 2020 ഡിസംബറില്‍ ബൈഡന് കത്ത് അയച്ചതിനെ തുടര്‍ന്നാണ് അവരെ ഒഴിവാക്കാൻ നീക്കം തുടങ്ങിയതെന്ന് സൂചനയുണ്ട്. ഇന്ത്യയിലെ തീവ്ര വലതുപക്ഷ ഹിന്ദുത്വ സംഘടനകളുമായി ബന്ധമുള്ള നിരവധി അമേരിക്കന്‍ വ്യക്തികള്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുമായി ബന്ധപ്പെട്ടിരിക്കുന്നതായി സംഘടനകള്‍ നല്‍കിയ കത്തില്‍ പറഞ്ഞു.

കത്തില്‍ ഷായെയും ജാനിയെയും പ്രത്യേകം പരാമര്‍ശിച്ചിരുന്നു. ഇവര്‍ ഹിന്ദുത്വ ഗ്രൂപ്പുകളില്‍ നിന്ന് ധനസഹായം സ്വീകരിക്കുകയും പരസ്യ പ്രസ്താവനകള്‍ നടത്തുകയും ചെയ്ത വ്യക്തികളാണെന്നും കത്തില്‍ വ്യക്തമാക്കി.
ബൈഡന്റെ ഐക്യ ടാസ്‌ക് ഫോഴ്‌സിൽ സേവനമനുഷ്ഠിച്ച ആറ് ഇന്‍ഡോ-അമേരിക്കക്കാരില്‍ ഒരാളായിരുന്നു സോണൽ ഷാ. അവരുടെ പിതാവ് ഓവര്‍സീസ് ഫ്രണ്ട്‌സ് ഓഫ് ബിജെപിയുടെ യുഎസ് ബ്രാഞ്ചിന്റെ പ്രസിഡന്റായിരുന്നു. ആര്‍എസ്എസ് നടത്തുന്ന ഏകല്‍ വിദ്യാലയത്തിന്റെ സ്ഥാപകന്‍ കൂടിയാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി അടുത്തബന്ധം സൂക്ഷിക്കുന്നയാളാണ് അമിത് ജാനി. ഡമോക്രാറ്റിക് സ്ഥാനാർത്ഥിത്വത്തിന് വേണ്ടി മത്സരിച്ച പീറ്റ് ബട്ടിജജിന്റെ അനുയായി കൂടിയാണ് ഇദ്ദേഹം. ഇവര്‍ക്കുപുറമെ വലതുപക്ഷ നിലപാടുകളുടെ പേരിൽ നിരവധി ഇന്ത്യക്കാർ തെരഞ്ഞെടുപ്പിലും തോൽവിയേറ്റുവാങ്ങിയിരുന്നു. ശ്രീ പ്രെസ്റ്റൺ കുൽക്കർണി, തുളസി ഗബാർഡ് തുടങ്ങിയവർ ഇതിൽ ഉൾപ്പെടുന്നു.

ENGLISH SUMMARY: jo biden excludes two democ­rats with rss links

YOU MAY ALSO LIKE THIS VIDEO