കൊച്ചി

ബേബി ആലുവ

July 30, 2020, 8:50 pm

കോവിഡിന്റെ മറവിൽ തൊഴിൽ തട്ടിപ്പു പെരുകുന്നു

Janayugom Online

കോവിഡ് സാഹചര്യം മുതലെടുത്ത് തൊഴിൽ രഹിതരെ കുടുക്കാൻ വ്യാജ റിക്രൂട്ട്മെന്റ് സംഘങ്ങൾ സജീവം. കോവിഡിന്റെ പശ്ചാത്തലത്തിൽ തൊഴിൽ നഷ്ടപ്പെട്ടവരെയും തിരിച്ചെത്തിയ പ്രവാസികളെയുമാണ് സംഘങ്ങൾ മുഖ്യമായും ലക്ഷ്യമിടുന്നത്. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെയും എയർപോർട്ടുകളിലേക്ക് എമർജൻസി എയർലൈൻസ് സ്റ്റാഫ് നേഴ്സായി ജോലിക്ക് ആളെ ആവശ്യമുണ്ടെന്നും ജോലിയിൽ മുൻ പരിചയം ആവശ്യമില്ലെന്നുമാണ് അറിയിപ്പ് വരുന്നത്. 28,000 രൂപ മുതൽ 30, 000 വരെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളുമാണ് വാഗ്ദാനം. സർട്ടിഫിക്കറ്റുകളുടെ കോപ്പി ഓൺലൈനിലൂടെ പരിശോധന നടത്തിയ ശേഷം യോഗ്യതയുണ്ടെന്ന് ഉറപ്പു വരുത്തിയാൽ മാത്രം രജിസ്ടേഷൻ ഫീസ് അടച്ചാൽ മതിയെന്നും ഇന്റർവ്യൂവിൽ പരാജയപ്പെട്ടാൽ രജിസ്ട്രേഷൻ ഫീസ് തിരികെത്തരുമെന്നും വാഗ്ദാനം കിട്ടുന്നതോടെ ഉദ്യോഗാർത്ഥികൾ കെണിയിൽ വീഴും.

2,500 രൂപ മുതൽ 10, 000 രൂപ വരെയാണ് രജിസ്ടേഷൻ ഫീസായി ആവശ്യപ്പെടുന്നത്. രജിസ്ട്രേഷൻ ഫീസ് അടച്ചു കഴിഞ്ഞാൽ ഓൺലൈനിലൂടെ സർട്ടിഫിക്കറ്റുകളുടെ പരിശോധനയും ഫോൺ മുഖേന ഇന്റർവ്യൂവും തുടർന്ന് നിയമനവും. പിന്നാലെ, ഏജൻസി ഫീസായി വലിയൊരു തുകയും കൂടി ആവശ്യപ്പെടും. ആ തുക കൂടി തട്ടിപ്പുകാരുടെ അക്കൗണ്ടിൽ എത്തിക്കഴിഞ്ഞാൽ അതോടെ ബന്ധമറ്റു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഈ ചതിയിൽ കുടുങ്ങിയ നിരവധി പേരുണ്ട്. എയർപോർട്ടുകൾക്കു പുറമെ കേന്ദ്ര ഗവണ്‍മെന്റിന്റെ വിവിധ സ്ഥാപനങ്ങളിലേക്ക് ആളുകളെ ആവശ്യമുണ്ടെന്നും രജിസ്ട്രേഷൻ ഫീസ് അടച്ചാൽ ജോലി ഉടനെ ലഭിക്കുമെന്നും അറിയിച്ചുള്ള തട്ടിപ്പുകളും വ്യാപകമാണ്. ഫോൺ മുഖേനയും ഓൺലൈൻ വഴിയുമാണ് സംഘങ്ങൾ ഉദ്യോഗാർത്ഥികളുമായി ബന്ധപ്പെടുന്നത്.

കൊറോണയുടെ സാഹചര്യം ഉപയോഗിച്ച്, കേരളത്തിലെ പ്രമുഖ സ്വകാര്യ ആശുപത്രികളുടെ ലോഗോയും പേരും ഉപയോഗിച്ചുള്ള നിയമന തട്ടിപ്പുകളും നടക്കുന്നുണ്ട്. ഇതിന്റെ ആധികാരികത അന്വേഷിക്കാതെ വഞ്ചനയിൽ കുടുങ്ങുന്നവരുമുണ്ട്. വിദേശത്തു നിന്നു തിരിച്ചെത്തിയ തൃശൂർ പുതുക്കാട് സ്വദേശിനിയാണ് കബളിപ്പിക്കപ്പെട്ടതിൽ ഒരാൾ. തൃശൂരിലെ സ്വകാര്യ ആശുപത്രിയുടെ പേരിലായിരുന്നു തട്ടിപ്പ്. ഫോണിലൂടെയായിരുന്നു അഭിമുഖവും നിയമനവും. രജിസ്ട്രേഷൻ ഫീസ് ഇനത്തിലെ
10, 000 രൂപയും ഏജൻസി ഫീസായ 50, 000 രൂപയും അടക്കം ഉദ്യോഗാർത്ഥിക്കു നഷ്ടപ്പെട്ടത് 60, 000 രൂപ. ചതിയിൽപ്പെട്ടതായി തിരിച്ചറിഞ്ഞത് നിയമന ഉത്തരവുമായി ജോലിയിൽ പ്രവേശിപ്പിക്കാൻ ചെന്നപ്പോൾ. ഇത്തരം സംഘങ്ങൾക്ക് ഓഫീസോ മറ്റു കാര്യങ്ങളോ ഇല്ല. മൊബൈൽ ഫോണും ബാങ്ക് അക്കൗണ്ടും ഉപയോഗിച്ചാണ് ഇടപാടുകൾ. തട്ടിപ്പുകൾക്കെതിരെ ഉദ്യോഗാർത്ഥികൾ ജാഗ്രത പുലർത്തണമെന്നും ഇത്തരം തൊഴിൽ അറിയിപ്പുകൾ വന്നാൽ സ്ഥാപനങ്ങളുടെ യഥാർത്ഥ വെബ് സൈറ്റ് പരിശോധിക്കണമെന്നും സ്ഥാപനങ്ങളുടെ ഫോൺ നമ്പറുകളിൽ ബന്ധപ്പെടണമെന്നും പൊലീസ് മുന്നറിയിപ്പ് നൽകുന്നു.

Sub: job fraud behind COVID

You may like this video also