ലക്ഷങ്ങളുടെ തൊഴില്‍തട്ടിപ്പ്: മുന്‍മന്ത്രിയുടെ മുന്‍ പി എസിന്റെ മകള്‍ക്കെതിരെ കേസെടുത്തു

Web Desk
Posted on May 13, 2019, 12:47 am

തിരുവനന്തപുരം: ആധാര്‍ സേവനകേന്ദ്രങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തൊഴില്‍തട്ടിപ്പ് നടത്തിയ യുവതിക്കെതിരെ പൊലീസ് കേസെടുത്തു.
വിഎസ് ശിവകുമാര്‍ മന്ത്രിയായിരിക്കെ അദ്ദേഹത്തിന്റെ പേഴ്‌സണല്‍ അസിസ്റ്റന്റായിരുന്ന വാസുദേവന്‍ നായരുടെ മകള്‍ ഇന്ദുജ നായര്‍ക്കെതിരെയാണ്് മ്യൂസിയം പൊലീസ് കേസെടുത്തത്. ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ വാങ്ങിയ ശേഷം ഇവര്‍ മുങ്ങിയെന്നാണ് പരാതി.
ഇരുപത്തഞ്ചോളം ഉദ്യോഗാര്‍ഥികളില്‍ നിന്ന് പണം തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് സൂചന. ആറോളം പേരാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പരാതി നല്‍കിയത്. പട്ടം പ്ലാമൂട് മരപ്പാലത്തെ ഓഫീസില്‍ അടക്കം പൊലീസ് നടത്തിയ പരിശോധനയില്‍ ഇന്ദുജ മുങ്ങിയതായി പൊലീസ് കണ്ടെത്തി.
ആദ്യ മൂന്ന് മാസങ്ങളില്‍ ശമ്പളമില്ലെന്നും തുടര്‍ന്നുള്ള മാസങ്ങളില്‍ മുപ്പതിനായിരം മുതല്‍ അമ്പതിനായിരം രൂപ വരെ ശമ്പളം നല്‍കാമെന്നുമായിരുന്നു ഇവര്‍ ഉദ്യോഗാര്‍ഥികള്‍ക്ക് നല്‍കിയ ഉറപ്പ്. ഇതിനായി രണ്ട് ലക്ഷം മുതല്‍ അഞ്ച് ലക്ഷംവരെ ഉദ്യോഗാര്‍ഥികളില്‍ നിന്ന് വാങ്ങി. ഓണ്‍ലൈന്‍ പരീക്ഷ എഴുതിയവര്‍ക്ക് വ്യാജ നിയമന കത്തും കൈമാറി.

യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിട്ടിയുടെ വ്യാജ ലെറ്റര്‍ പാഡിലാണ് നിയമന ഉത്തരവ് നല്‍കിയത്. ഉദ്യോഗാര്‍ഥികള്‍ പണം തിരികെ ആവശ്യപ്പെട്ടതോടെ ഇന്ദുജ ഒളിവില്‍ പോയി. ഓഫീസും പൂട്ടി. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഭരണപരമായ സ്വാധീനം തട്ടിപ്പിന്്ഉപയോഗിച്ചിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
മ്യൂസിയം ക്രൈം എസ്‌ഐ പുഷ്പകുമാറിനാണ് അന്വേഷണച്ചുമതല. ഇന്ദുജക്ക് പുറമെ തട്ടിപ്പില്‍ പങ്കാളികളായ അശോക് കുമാര്‍, ജിജോ മൈക്കിള്‍, ഷഹനാസ്് എന്നിവര്‍ക്കെതിരെയും കേസുണ്ട്. ഇന്ദുജയെ കാണാനില്ലെന്ന് പിതാവും മ്യുസിയം പൊലീസില്‍ പരാതി നല്‍കിയിരുന്നു.