Tuesday
10 Dec 2019

ജോലി വാഗ്ദാനം ചെയ്തുള്ള തട്ടിപ്പുകള്‍ വര്‍ധിക്കുന്നു; കൊച്ചിയില്‍ 20 പേര്‍ കൂടി പരാതി നല്‍കി

By: Web Desk | Saturday 5 January 2019 6:08 PM IST


job fraud

കൊച്ചി: ഓസ്‌ട്രേലിയയില്‍ വിസ വാഗ്ദാനം ചെയ്ത് ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും 10 കോടിയോളം രൂപ തട്ടിയ കേസില്‍ കൂട്ടുപ്രതികള്‍ക്കായുള്ള അന്വേഷണം പൊലീസ് ഊര്‍ജിതമാക്കി. അതേസമയം തട്ടിപ്പിനിരയായ 20 പേര്‍ കൂടി വിവിധ സ്‌റ്റേഷനുകളില്‍ പൊലീസില്‍ പരാതി നല്‍കി.
പിടിയിലായ മുഖ്യപ്രതിയുള്‍പ്പെടെ നാലുപേരെയും റിമാന്‍ഡ് ചെയ്തു. ഒബിഒഇ ഓവര്‍സീസ് എഡ്യൂക്കേഷന്‍ പ്ലേസ്‌മെന്റ് സര്‍വീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടര്‍ കോഴിക്കോട് തത്തമംഗലം സ്വദേശി അരുണ്‍ദാസ് (28), ഡയറക്ടര്‍ പാലക്കാട് മങ്കര സ്വദേശിനി ചിത്ര സി നായര്‍ (26), സിഇഒ കോയമ്പത്തൂര്‍ വളവടി സ്വദേശി ശാസ്തകുമാര്‍ (46) മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവ് കണ്ണൂര്‍ മട്ടന്നൂര്‍ എളമ്പാല സ്വദേശി വിഷ്ണു (24) എന്നിവരെയാണ് കാക്കനാട് ജില്ലയിലില്‍ റിമാന്‍ഡ് ചെയ്തത്.
പള്ളുരുത്തി സ്വദേശി എബിന്‍ എബ്രഹാം, പട്ടിമറ്റം സ്വദേശി മിഞ്ചിന്‍ ജോണ്‍ തുടങ്ങിയ ആറുപേരില്‍ നിന്നും 13 ലക്ഷം രൂപ തട്ടിയെന്ന് പരാതിയിലാണ് നാലംഗ സംഘം പിടിയിലായത്. ശനിയാഴ്ച നോര്‍ത്ത് പൊലീസില്‍ മൂന്ന് കേസ് കൂടി തട്ടിപ്പ് സംഘത്തിനെതിരെ കേസെടുത്തു. പിറവം സ്‌റ്റേഷനിലും ഒരു കേസെടുത്തിട്ടുണ്ട്.
കോയമ്പത്തൂര്‍ പീളമേട്, കലൂര്‍ ദേശാഭിമാനി ജങ്ഷന്‍, ബംഗളൂരു എം ജി റോഡ് എന്നിവിടങ്ങളില്‍ ഒബിഒഇ ഓവര്‍സീസ് സ്ഥാപനം നടത്തിയാണ് പ്രതികള്‍ തട്ടിപ്പ് നടത്തിയത്. പണം വാങ്ങി മാസങ്ങള്‍ കഴിഞ്ഞിട്ടും വിസ കിട്ടാതിരുന്നതിനെ തുടര്‍ന്ന് ഉദ്യോഗാര്‍ഥികള്‍ സ്ഥാപനത്തിന്റെ ഓഫീസില്‍ എത്തിയെങ്കിലും ഓഫീസ് പൂട്ടിയ നിലയിലായിരുന്നു. തുടര്‍ന്ന് സ്ഥാപനത്തിന്റെ കോയമ്പത്തൂരിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ എത്തി പണം ആവശ്യപ്പെട്ടങ്കിലും മൂന്ന് മാസത്തിനുള്ളില്‍ പണം തിരികെ നല്‍കാം എന്ന് കരാര്‍ ഒപ്പിട്ട് തിരിച്ചയക്കുകയായിരുന്നു. മാസങ്ങള്‍ കഴിഞ്ഞിട്ടും വിസയോ പണമോ നല്‍കാത്തതിനെത്തുടര്‍ന്നാണ് പരാതി നല്‍കിയത്.

Related News