കേന്ദ്രസര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് യുവസംഘം തട്ടിയത് കോടികള്‍

Web Desk
Posted on May 19, 2019, 9:38 pm

പത്തനാപുരം : വിവിധ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പു നടത്തിയ നാലംഗ സംഘത്തെ പുനലൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രധാന പ്രതികള്‍ക്കായി വലവിരിച്ച പോലീസ് ഇവര്‍ വിദേശത്തേക്ക് രക്ഷപ്പെടാനുള്ള സാധ്യത കണക്കിലെടുത്ത് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. മൂന്ന് സ്ത്രീകളടക്കമുള്ളവരും ഒരു പുരുഷനുമാണ് തട്ടിപ്പിന് നേതൃത്വം നല്‍കിയതെന്നാണ് വിവരം. കൂടുതല്‍ പേര്‍ തട്ടിപ്പില്‍ ഉള്‍പ്പെട്ടിട്ടുള്ളതായും വിവരമുണ്ട്. റെയില്‍വേയുടെ ഗ്രൂപ്പ് ഡി തസ്തികകളിലും സ്റ്റേഷന്‍ മാസ്റ്റര്‍ അടക്കമുള്ള തസ്തികകളിലും നിയമനം നല്‍കിയതായുള്ള വ്യാജരേഖകള്‍ ചമച്ചാണ് നിരവധിപേരില്‍ നിന്നും കോടിക്കണക്കിന് രൂപ തട്ടിയതെന്നാണ് പരാതി. റെയില്‍വേ റിക്രൂട്ടിങ്ങ് ബോര്‍ഡിന്റെ ചെന്നൈ ഡിവിഷണല്‍ മാനേജരുടെ ഒപ്പും സീലും വ്യാജമായി പകര്‍ത്തിയാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്.

കൊല്ലം കണ്ടച്ചിറ സ്വദേശിയും തിരുവനന്തപുരത്തെ ട്രാവല്‍സ് ഉടമയുമായ യുവാവിനെ കരുവാക്കി തട്ടിപ്പു തടത്തിയതായി പുനലൂര്‍ പോലീസില്‍ പരാതി ലഭിച്ചിട്ടുണ്ട്. തട്ടിപ്പിനിരയായ പുനലൂര്‍ സ്വദേശിയുടെ പരാതിയെ തുടര്‍ന്ന് പ്രതികളില്‍ ചിലരെ ബുധനാഴ്ച കൊട്ടിയത്തു നിന്ന് കസ്റ്റ്ഡിയിലെടുത്തിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് കൂടുതല്‍ പേര്‍ക്ക് തട്ടിപ്പുമായി ബന്ധമുണ്ടെന്ന് മനസിലായത്. തട്ടിപ്പുകാര്‍ കരുവാക്കിയ കണ്ടച്ചിറ സ്വദേശിയായ ട്രാവല്‍സുടമ നിരവധിപേരില്‍ നിന്നും പണം സ്വീകരിച്ച് തട്ടിപ്പുകാര്‍ക്ക് കൈമാറിയിട്ടുണ്ട്. 77 ലക്ഷം രൂപ തട്ടിപ്പുകാരുടെ അക്കൗണ്ടിലേക്കാണ് ട്രാവല്‍സുടമ കൈമാറിയിരിക്കുന്നത്. പലരില്‍ നിന്നും സ്വീകരിച്ച 90 ലക്ഷം രൂപ തട്ടിപ്പുകാര്‍ക്ക് നേരിട്ട് നല്‍കിയതായാണ് ട്രാവല്‍സുടമയുടെ പരാതി. സംഭവത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നവര്‍ വന്‍ റാക്കറ്റിലെ കണ്ണികളാണെന്ന് സൂചനയെത്തുടര്‍ന്ന് പുനലൂര്‍ പോലീസ് വിവിധ ടീമുകളായി തിരിഞ്ഞ് അന്വേഷണം നടത്തിവരികയാണ്.

തട്ടിപ്പുകാര്‍ വന്‍ തുക കൈക്കലാക്കിയിട്ടും ജോലി ലഭിക്കാതെ വന്നതോടെയാണ് പരാതിക്കാര്‍ രംഗത്തുവന്നത്. തട്ടിപ്പിനിരയായവരെ വ്യാജ രേഖകള്‍ കാണിച്ചാണ് പണം തട്ടിയിരിക്കുന്നത്. യുവതികളടക്കമുള്ളവര്‍ കസ്റ്റഡിയിലായതോടെ കൂടുതല്‍ പേര്‍ പരാതികളുമായി രംഗത്തു വന്നിട്ടുണ്ട്. ചെന്നെ അടക്കമുള്ള പ്രധാന നഗരങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തനം നടത്തുന്ന വന്‍ റാക്കറ്റാണ് തട്ടിപ്പിന് പിന്നിലെന്നാണ് പുറത്തു വരുന്ന വിവരം. പുനലൂര്‍ സ്വദേശികള്‍ അടക്കമുള്ളവരും തട്ടിപ്പിന് നേതൃത്വം നല്‍കിയവരില്‍ ഉള്‍പ്പെട്ടിട്ടുള്ളതായി സൂചനയുണ്ട്.