തൊഴില്‍ പരിശീലന കേന്ദ്രങ്ങളുടെ പേരില്‍ ലക്ഷങ്ങളുടെ തട്ടിപ്പ്: രണ്ട് പേര്‍ അറസ്റ്റില്‍

Web Desk
Posted on April 28, 2019, 9:33 pm

അഞ്ചല്‍ : തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍ അനുവദിപ്പിക്കാമെന്നും അതിലൂടെ തൊഴിലും വരുമാനവും വാഗ്ദാനം ചെയ്ത് പലരില്‍ നിന്നായി ലക്ഷങ്ങള്‍ തട്ടിയ രണ്ട് പേരെ അഞ്ചല്‍ പൊലീസ് അറസ്റ്റ് ചെയ്തു.കോട്ടയം പുതുപ്പള്ളി സ്വദേശി വിഷ്ണു (28,) അഞ്ചല്‍ തഴമേല്‍ വൈകുണ്ഠത്തില്‍ പ്രദീപ് നമ്പൂതിരി (34) എന്നിവരാണ് അറസ്റ്റിലായത്. അഞ്ചല്‍ സിഐ പി ബി വിനോദ് കുമാര്‍, എസ് ഐ െ്രെപജു എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കഴിഞ്ഞ ദിവസം ഈരാറ്റുപേട്ടയില്‍ നിന്നുമാണ് കസ്റ്റഡിയിലെടുത്തത്. അഞ്ചല്‍ സൊസൈറ്റി ജംഗ്ഷന് എസ്‌ഐഡിറ്റി എന്ന വ്യാജ സ്ഥാപനത്തിന്റെ പേരിലാണ് തട്ടിപ്പ് നടന്നിരിക്കുന്നത്. പൊന്‍കുന്നം കിഴക്കേമുറിയില്‍ ആര്‍ രാജലക്ഷ്മി, കടയ്ക്കല്‍ അയിരക്കുഴിയില്‍ നിര്‍മ്മാല്യത്തില്‍ ബീനാ രാജന്‍, കല്ലുവാതുക്കല്‍ രാമകൃഷ്ണ വിഹാറില്‍ ഗന്യ ജി കൃഷ്ണ, കോട്ടയം പാറമ്പുഴ കഞ്ഞി പ്ലാക്കല്‍ വീട്ടില്‍ കെ ആര്‍ സുദീപ്, കോട്ടയം ഏലിക്കുളം മൂന്നാനപ്പള്ളില്‍ വീട്ടില്‍ എം കെ ബിജു എന്നിവരാണ് പരാതി നല്‍കിയത്.

ഓഫീസ് ജീവനക്കാരിയായ ബിന്ദു ഒളിവിലാണ്. ഇന്ത്യാ ഗവണ്മെന്റിന്റെ സാമ്പത്തിക സാങ്കേതിക സഹായത്തോടെ യോഗാ, തയ്യല്‍, ബ്യൂട്ടീഷന്‍ കോഴ്‌സുകള്‍ പഠിപ്പിക്കുന്ന സെന്ററുകള്‍ ആരംഭിച്ചാല്‍ ഗവ ആനുകൂല്യങ്ങളും നല്ല ശമ്പളവും, നല്‍കുമെന്നും യോഗ കോഴ്‌സിന് രജിസ്‌ട്രേഷന്‍ ഫീസ് 15000 വും തയ്യല്‍, ബ്യൂട്ടീഷന്‍ കോഴ്‌സുകള്‍ക്ക് അഫിലിയേഷന്‍ ഇനത്തില്‍ ഒരു ലക്ഷം മുതലുമാണ് പ്രതികള്‍ പരാതിക്കാരില്‍ നിന്നും തട്ടിയെടുത്തിരിക്കുന്നത്. പ്രതികളെ അഞ്ചലിലെ സ്ഥാപനത്തിലെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. ഇവരെ നാളെ കോടതിയില്‍ ഹാജരാക്കും.