വിദേശ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്: പ്രതി അറസ്റ്റില്‍

Job fraud- Janayugom
ഗുരുവായൂര്‍: വിദേശ ജോലി വാഗ്ദാനം ചെയ്ത് പലരില്‍ നിന്നായി ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവാവിനെ ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം എടരിക്കോട് സ്വദേശി നെല്ലിക്കാട്ടില്‍ 29 വയസ്സുള്ള അഖില്ദാസിനെയാണ് ടെമ്പിള്‍ എസ് എച്ച് ഒ, പി എസ് സുനില്‍കുമാറിന്റെ നേത്യത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
കൊടുങ്ങല്ലൂര്‍ സ്വദേശി കാട്ടുങ്ങല്‍ സുബീഷ് ത്യശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ രൂപീകരിച്ച അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.
കൊടുങ്ങല്ലൂര്‍, പുതുക്കാട്, പീച്ചി സ്വദേശികളായ ജിഷ്ണു, ഹരിക്യഷ്ണന്‍, കിരണ്‍ എന്നിവരും പണം നഷ്ടപ്പെട്ടതായി പരാതി നല്‍കിയിരുന്നു. സൗദ്യഅറേബ്യയിലെ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ജോലി നല്‍കാമെന്ന് പറഞ്ഞ് പലരില്‍ നിന്നായി 10 ലക്ഷത്തോളം തട്ടിയതായി പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. കൂടുതല്‍ പേര് ഇയാളുടെ തട്ടിപ്പിന് ഇരയായാതായി സംശയിക്കുന്നുവെന്ന് പൊലീസ് പറഞ്ഞു. മലപ്പുറം, എറണാകുളം, തിരുവനന്തപുരം ജില്ലകളിലും സമാന രീതിയില്‍ വിസതട്ടിപ്പും, വാഹന തട്ടിപ്പും നടത്തിയതായി പോലീസ് ചോദ്യം ചെയ്യലില്‍ പ്രതി സമ്മതിച്ചിട്ടുണ്ട്.
സുഹ്യത്തുക്കളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ ഗുരുവായൂരിലെ ഫ്ളാറ്റില്‍ താമസിക്കുന്നതായി വിവരം ലഭിച്ച് പൊലീസെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഫ്ളാറ്റില്‍ നടത്തിയ അനേഷണത്തില്‍ തട്ടിപ്പിനിരയായവരുടെ പാസ്പോര്‍ട്ടുകളും മെഡിക്കല്‍ റിപ്പോര്‍ട്ടുകളും കണ്ടെടുത്തു. സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ച് അവരില്‍ നിന്ന് അഞ്ച് ലക്ഷത്തോളം വില വരുന്ന സ്വര്‍ണാഭരണങ്ങളും പണവും തട്ടിയെടുത്തിട്ടുണ്ടെന്നും പ്രതി കുറ്റസമ്മതം നടത്തിയിട്ടുണ്ട്. തട്ടിപ്പിലൂടെ ലഭിക്കുന്ന പണം ആഡംബര ജീവിതത്തിനും ധൂര്‍ത്തിനുമായാണ് ചെലവഴിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു.