യുഎഇയില്‍ പ്രവാസികളുടെ തൊഴില്‍ സാധ്യത വര്‍ധിക്കുന്നു

Web Desk
Posted on July 11, 2019, 10:34 pm

കെ രംഗനാഥ്

ദുബായ്: യുഎഇയില്‍ തൊഴില്‍ തേടുന്ന ആയിരക്കണക്കിനു മലയാളികളടക്കമുള്ള വിദേശികള്‍ക്കു പുതിയ പ്രത്യാശയേകി തൊഴില്‍ സാധ്യതകള്‍ വര്‍ധിക്കുന്നു.
വിദേശികള്‍ക്ക് തൊഴില്‍ നല്‍കാന്‍ വേണ്ടി തൊഴിലുടമകള്‍ സമ്പാദിക്കുന്ന തൊഴില്‍ പെര്‍മിറ്റിന് 60,000 രൂപ മുതല്‍ 1 ലക്ഷം രൂപ വരെ നല്‍കേണ്ടിയിരുന്നത് പകുതിയായി വെട്ടിക്കുറച്ച് യുഎഇ മനുഷ്യ വിഭവശേഷി വകുപ്പ് ഇന്നലെ ഉത്തരവിറക്കി. വിദഗ്ധ, അര്‍ദ്ധവിദഗ്ധ തൊഴിലാളികളെ മൂന്നു ഗ്രേഡുകളായി തിരിച്ചാണ് തൊഴില്‍ പെര്‍മിറ്റിന് ഫീസ് ഈടാക്കി വന്നത്, ഫീസ് പകുതിയാക്കിയതോടെ തങ്ങളുടെ ആവശ്യത്തിനനുസരിച്ച് തൊഴിലുടമകള്‍ക്ക് തൊഴിലാളികളെ നിയമിക്കാനാവുമെന്നതാണ് പുതിയ സംവിധാനത്തിന്റെ സവിശേഷത. ചില മേഖലകളില്‍ തൊഴില്‍ പെര്‍മിറ്റ് ഫീസില്‍ 94 ശതമാനം വരെ വെട്ടിക്കുറവു വരുത്തിയിട്ടുണ്ടെന്നും മനുഷ്യവിഭവശേഷി മന്ത്രി നാസര്‍ ബിന്‍താനി അല്‍ഹമേലി വെളിപ്പെടുത്തി.
ഇതിനുപുറമേ രണ്ടുവര്‍ഷത്തേയ്ക്കു മാത്രമുള്ള വര്‍ക്ക് പെര്‍മിറ്റുകളുടെ ഫീസിലും ഗണ്യമായ കുറവുവരുത്തിയിട്ടുണ്ട്. സ്വദേശികളെയോ ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങളിലുള്ളവരെയോ ആണ് നിയമിക്കുന്നതെങ്കില്‍ തൊഴില്‍ പെര്‍മിറ്റ് ഫീസ് നല്‍കേണ്ടതില്ല. മത്സ്യബന്ധനത്തിനുള്ള തൊഴിലാളികളെ നിയമിക്കുമ്പോള്‍ അവര്‍ ഏതു രാജ്യത്തുള്ളവരായാലും തൊഴില്‍ പെര്‍മിറ്റ് ഫീസില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. തൊഴില്‍ വിപണിയില്‍ നിന്ന് തങ്ങളുടെ ആവശ്യാനുസരണമുള്ള തൊഴിലാളികളെ കണ്ടെത്താന്‍ തൊഴിലുടമകള്‍ക്കു കഴിയുമെന്നതിനാല്‍ അയവു വന്ന സംവിധാനത്തിന്‍ കീഴില്‍ യുഎഇ യിലെ തൊഴില്‍ സാധ്യതകള്‍ അനേകമടങ്ങു വര്‍ധിക്കുമെന്നാണ് മനുഷ്യവിഭവശേഷി മന്ത്രാലയത്തിന്റെ വിലയിരുത്തല്‍.