Web Desk

തിരുവനന്തപുരം

July 02, 2021, 10:51 am

വാക്ക് പാലിച്ച് എല്‍ഡിഎഫ് സര്‍ക്കാര്‍; സഹകരണമേഖലയില്‍ പതിനായിരം തൊഴിലവസരങ്ങള്‍

Janayugom Online

പുളിക്കല്‍ സനില്‍രാഘവന്‍

ലോകരാജ്യങ്ങള്‍ക്കാതെ മാതൃകയാവുകയാണ് കേരളം. പ്രതിസന്ധികളെയെല്ലാം തരണം ചെയ്ത് നവകേരള സൃഷ്ടിക്ക് ഒരുങ്ങുകയാണ് കേരളം ഭരിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാര്‍. സംസ്ഥാനത്തിന്റെ സര്‍വമേഖലയിലും വികസനത്തിന് തുടക്കം കുറിച്ചു കഴിഞ്ഞു. അപ്രാപ്യമെന്നു തോന്നുന്നതെല്ലാം പ്രാപ്യമാക്കുന്ന സമീപനമാണ് എല്‍ഡിഎഫ് സര്‍ക്കാരിന്‍ന്റേത്.

ഒരു രാഷ്ട്രീയ പാർട്ടി ജനങ്ങൾക്കുമുമ്പിൽ വയ്‌ക്കുന്ന നയസമീപനങ്ങളുടെയും വാഗ്‌ദാനങ്ങളുടെയും ആകെത്തുകയാണ്‌ പ്രകടനപത്രിക. അടുത്ത അഞ്ച്‌ വർഷത്തിനകം നടപ്പാക്കാൻ കഴിയുന്ന കാര്യങ്ങളാണ്‌ പൊതുവേ പ്രകടനപത്രികയായി പുറത്തിറക്കാറുള്ളത്‌. ഓരോ വർഷവും നടപ്പാക്കാനുദ്ദേശിക്കുന്നവ നയപ്രഖ്യാപന പ്രസംഗത്തിലും വാർഷിക ബജറ്റിലും സൂചിപ്പിക്കുകയുമാണ്‌ പതിവ്‌. എന്നാൽ, സമീപകാലത്തായി പ്രകടനപത്രികകൾക്ക്‌ രാഷ്ട്രീയ പാർട്ടികൾ പ്രത്യേകിച്ചും യുഡിഎഫ്, ബിജെപി അടക്കമുള്ള രാഷ്ട്രീയ കക്ഷികൾ വലിയ പ്രാധാന്യം കൽപ്പിക്കാറില്ല. തെരഞ്ഞെടുപ്പ്‌ വേളയിൽ അവ പ്രസിദ്ധീകരിക്കാനുള്ള ജാഗ്രതയും കാട്ടാറില്ല. മോഹന വാഗ്‌ദാനങ്ങൾ നൽകി വോട്ട്‌ നേടാനുള്ള മാർഗമായി മാത്രമാണ്‌ ഇവർ പ്രകടനപത്രികയെ സമീപിക്കാറുള്ളത്‌. ഭരണം ലഭിച്ചാൽ പ്രകടനപത്രികയെ പാടെ മറന്ന്‌ കോർപറേറ്റ്‌ സേവകരായി ഭരണാധികാരികൾ മാറുന്ന കാഴ്‌ചയാണ്‌ നവ ഉദാരവൽക്കരണകാലത്ത്‌ നാം കാണുന്നത്‌.

എന്നാൽ, അതിൽനിന്ന്‌ തീർത്തും വ്യത്യസ്‌തമാണ്‌ കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയും സർക്കാരും. 2016ൽ തെരഞ്ഞെടുപ്പ്‌ വേളയിൽ ജനങ്ങൾക്ക്‌ മുന്നിൽവച്ച വാഗ്‌ദാനങ്ങൾ ഏതാണ്ട്‌ പൂർണമായും പാലിച്ചുവെന്ന്‌ ജനങ്ങളെ ബോധ്യപ്പെടുത്തിയതിനുശേഷമാണ്‌ 2021ൽ എൽഡിഎഫ്‌ വോട്ട്‌ തേടിയത്‌. പ്രകടനപത്രിക ജനങ്ങളുടെ വോട്ട്‌ തട്ടാനുള്ള ചെപ്പടിവിദ്യയല്ലെന്നും അത്‌ നടപ്പാക്കാനുള്ളതാണെന്നും പിണറായി വിജയൻ സർക്കാർ തെളിയിച്ചു. ചെയ്യാൻ കഴിയുന്നതേ പറയൂവെന്നും പറയുന്നത്‌ നടപ്പാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ വ്യക്തമാക്കുകയും ചെയ്‌തു. കേരളത്തിലെ ജനങ്ങൾ എൽഡിഎഫിൽ ആവർത്തിച്ച്‌ വിശ്വാസം പ്രകടിപ്പിച്ചു.

സർക്കാർ അധികാരമേറി 20 ദിവസം കഴിയുമ്പോൾത്തന്നെ നൂറുദിനപരിപാടി പ്രഖ്യാപിച്ചുകൊണ്ട്‌ വാഗ്‌ദാനംചെയ്‌ത പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കുമെന്ന്‌ ഉറപ്പു നൽകുകയാണ്‌ എല്‍ഡിഎഫ് സർക്കാർ. കോവിഡ്‌ പ്രതിസന്ധിക്കിടയിലും ജനങ്ങൾക്ക്‌ നൽകിയ വാഗ്‌ദാനങ്ങൾ പാലിക്കുകതന്നെ ചെയ്യുമെന്ന സർക്കാരിന്റെ രാഷ്ട്രീയ പ്രഖ്യാപനംകൂടിയാണ്‌ നൂറുദിനപരിപാടി. ജൂൺ 11 മുതൽ സെപ്‌തംബർ 19 വരെയുള്ള നൂറുദിവസത്തിൽ നടപ്പാക്കുന്ന പദ്ധതികളാണ്‌ ഒരോന്നായി നടപ്പാക്കുന്നത്. അതില്‍ പ്രധാനമാണ് ജനങ്ങളുമായി ബന്ധപ്പെട്ട സഹകണമേഖലയുടെ സംഭാവന. സഹകണ മേഖല 10,000 തൊഴില്‍ സംരംഭങ്ങളാണ് ഒരുക്കുന്നത്. എ

ൽഡിഎഫ്‌ സർക്കാരിന്റെ 100 ദിന കർമ പരിപാടിയിൽ സഹകരണ മേഖല 10,000 തൊഴിൽ ഒരുക്കും. പ്രാഥമിക കാർഷിക വായ്‌പാ സംഘം, കേരള ബാങ്ക്‌, സഹകരണ അപ്പെക്‌സ്‌ ഫെഡറേഷൻ, വായ്‌പേതര സംഘം വഴിയാണിത്‌. സഹകരണ വകുപ്പ്‌, ബാങ്ക്‌, സംഘം എന്നിവയിൽ കുറഞ്ഞത്‌ 100 പേർക്കെങ്കിലും സ്ഥിരം നിയമനം ഉറപ്പാക്കും. പ്രാഥമിക കാർഷിക വായ്‌പാ സംഘം 2500 വായ്‌പാ പദ്ധതി ഏറ്റെടുക്കും. ഒരാൾക്കുവീതമെങ്കിലും‌ തൊഴിൽ ഉറപ്പാക്കുന്ന 1850 പദ്ധതിക്ക്‌ അഞ്ചുലക്ഷം രൂപവരെയും ശരാശരി രണ്ടുപേർക്കുവീതം വരുമാനം നൽകുന്ന 400 പദ്ധതിക്ക്‌ അഞ്ചു മുതൽ 10 ലക്ഷംവരെയും ശരാശരി അഞ്ചുവീതം തൊഴിൽ നൽകുന്ന 200 പദ്ധതിക്ക് 10 മുതൽ 25 ലക്ഷം രുപവരെയും കുറഞ്ഞത്‌ 10 തൊഴിൽവീതം ഉറപ്പാക്കുന്ന 50 പദ്ധതിക്ക്‌ 25 ലക്ഷത്തിനുമുകളിലും വായ്‌പ നൽകും. പ്രാഥമിക സംഘങ്ങളുടെ ഫിഷ്‌ മാർട്ട്‌‌, പച്ചക്കറി ചന്ത, നീതി സ്‌റ്റോർ, നീതി മെഡിക്കൽസ്‌, തൊണ്ട്‌ സംസ്‌കരണ യൂണിറ്റ്‌, ‌ തുടങ്ങിയവയിലായി 500 പേർക്ക്‌ ജോലി നൽകും. കേരള ബാങ്ക് 769 ശാഖവഴി‌ 5000 തൊഴിലിന്‌ വായ്‌പ നൽകും. സഹകരണ അപ്പെക്‌സ്‌ ഫെഡറേഷൻ 50 തൊഴിൽ ഉറപ്പാക്കും: കൺസ്യുമർഫെഡ്‌– ‑15, മാർക്കറ്റ്‌ഫെഡ്‌–-അഞ്ച്‌, വനിതാ ഫെഡ്‌–- 15, റബർ മാർക്ക്‌–- മൂന്ന്, എസ്‌സി/എസ്‌ടി ഫെഡ്‌–- 12. വായ്‌പതേര സംഘങ്ങൾ– 200 തൊഴിൽ നൽകും.

അഞ്ചുവർഷംകൊണ്ട്‌ 20 ലക്ഷം തൊഴിൽ നൽകുമെന്ന വാഗ്‌ദാനം പാലിക്കുന്നതിന്റെ ഭാഗമായി നൂറുദിവസത്തിനകം പ്രത്യക്ഷമായും പരോക്ഷമായും 77,350 തൊഴിലവസരം സൃഷ്ടിക്കുമെന്നതാണ്‌ അതിലെ പ്രധാന പ്രഖ്യാപനം. സഹകരണവകുപ്പും വ്യവസായ വകുപ്പും പതിനായിരം പേർക്കു വീതം തൊഴിൽ നൽകുമെന്നും വാഗ്‌ദാനമുണ്ട്‌. ഓരോ തദ്ദേശസ്ഥാപനത്തിലും ആയിരത്തിൽ അഞ്ച്‌ പേർക്ക്‌ തൊഴിലിനുള്ള കരട്‌ പദ്ധതി തദ്ദേശസ്ഥാപനങ്ങൾ തയ്യാറാക്കണമെന്ന നിർദേശവും ഇതിലടങ്ങിയിട്ടുണ്ട്‌. അഭ്യസ്തവിദ്യർക്കിടയിലെ തൊഴിലില്ലായ്‌മയ്‌ക്ക്‌ പരിഹാരം കാണുമെന്ന നിശ്‌ചയദാർഢ്യമാണ്‌ ഈ നൂറുദിനപദ്ധതിയിലും നിഴലിച്ചുകാണുന്നത്‌.

സംസ്ഥാനത്തെ എല്ലാവർക്കും പാർപ്പിടം ഉറപ്പാക്കുന്നതിനായി എൽഡിഎഫ്‌ സർക്കാർ തുടങ്ങിയ പദ്ധതിയാണ്‌ ലൈഫ്‌ മിഷൻ. ഇതിന്റെ ഭാഗമായി 10,000 വീടുകൂടി നിർമിച്ചുനൽകാനാണ്‌ നൂറുദിനപരിപാടി വിഭാവനം ചെയ്യുന്നത്‌. 12,000 പട്ടയം വിതരണം ചെയ്യുമെന്നും വിദ്യാശ്രീ പദ്ധതിയിൽ അരലക്ഷം ലാപ്‌ടോപ്‌ വിതരണം ചെയ്യുമെന്നും 2465 കോടി രൂപയുടെ വികസനപദ്ധതികൾ നടപ്പാക്കുമെന്നും നൂറുദിനപദ്ധതി പ്രഖ്യാപിക്കുന്നു. കിഫ്‌ബി വഴി റോഡുകളും പാലങ്ങളും സ്‌കൂൾ, ആശുപത്രി കെട്ടിടങ്ങളും ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത്‌ യാഥാർഥ്യമാക്കുകയുണ്ടായി. അതിന്‌ തുടർച്ചയുണ്ടാകുമെന്നും പുതിയ പ്രഖ്യാപനം വ്യക്തമാക്കുന്നു.

കോവിഡിന്റെ ഭാഗമായി ഏറ്റവും ദുരിതം അനുഭവിക്കുന്ന പ്രവാസികളെ സഹായിക്കാനായി 100 കോടി രൂപയുടെ കെഎസ്‌ഐഡിസി വായ്‌പാ പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്‌. ഇതോടൊപ്പം നൂതനമായ പല സംരംഭങ്ങൾക്കും തുടക്കമിടുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കുകയുണ്ടായി. 150 ഫാർമേഴ്‌സ്‌ പ്രൊഡ്യൂസേഴ്‌സ്‌ സംഘം, കുട്ടനാട്‌ ബ്രാൻഡ്‌ അരിമിൽ, യുവസംരംഭകർക്കായി 25 സഹകരണസംഘം, ഇ ഓട്ടോ ഫീഡർ സർവീസ്‌ എന്നിവ അവയിൽ ചിലതാണ്‌.തുടർച്ചയായ രണ്ടാം വിജയം സർക്കാരിന്‌ ജനങ്ങളോടുള്ള ഉത്തരവാദിത്തം വർധിപ്പിച്ചിരിക്കുകയാണ്‌. അത്‌ പൂർണമായും ഉൾക്കൊണ്ടുകൂടിയാണ്‌ അധികാരമേറ്റ്‌ മൂന്നാഴ്‌ചയ്‌ക്കകംതന്നെ നൂറുദിനപരിപാടി സർക്കാർ പ്രഖ്യാപിച്ചത്‌. . ജനങ്ങളുടെ ക്ഷേമം ഉറപ്പുവരുത്തുന്നതോടൊപ്പം അവരുടെ വികസന സ്വപ്‌നങ്ങൾ യാഥാർഥ്യമാക്കുകയുമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ചെയ്യുന്നത്.

Eng­lish sum­ma­ry: Jobs in co-oper­a­tive sector

You may also like this video: