മാധ്യമ പ്രവര്‍ത്തക പ്രതിഷേധ കൂട്ടായ്മ

Web Desk
Posted on October 05, 2017, 7:07 pm

കോഴിക്കോട്: മാധ്യമപ്രവര്‍ത്തകര്‍ തൊഴില്‍മേഖലയില്‍ നേരിടുന്ന ഭീഷണികളും അരക്ഷിതാവസ്ഥയും ഇല്ലാതാക്കാന്‍ നടപടി സ്വീകരിക്കണമൊവശ്യപ്പെട്ട് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ കമ്മിറ്റി പ്രസ്‌ക്ലബ്ബ് അങ്കണത്തില്‍ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ പ്രശസ്ത ചരിത്രകാരന്‍ ഡോ. എം.ജി.എസ് നാരായണന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ത്താശേഖരണത്തിനിടെ മലയാള മനോരമ ലേഖകന്‍ ടി.ഡി ദിലീപിനെ ക്രൂരമായി മര്‍ദിച്ച ലഹരിമാഫിയാ സംഘത്തിനെതിരെ പ്രധാന വകുപ്പുകള്‍ അനുസരിച്ച് കേസെടുക്കണമെന്ന ആവശ്യം ഉയിച്ചായിരുന്നു സമരം.

പത്രസ്വാതന്ത്ര്യത്തിനെതിരെയുള്ള കടന്നാക്രമണം ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്ന് ഡോ. എം.ജി.എസ് നാരായണന്‍ പറഞ്ഞു. പൊലീസും ലഹരിമാഫിയയും ഒത്തുകളിക്കുന്നുവെന്ന ആരോപണം ഗൗരവമായി കാണേണ്ടതുണ്ട്. ദിലീപ് എന്ന പത്രലേഖകനെതിരെയുണ്ടായ അതിക്രമത്തില്‍ പ്രതിഷേധിക്കാന്‍ മാധ്യമപ്രവര്‍ത്തകരും പൊതുജനങ്ങളും മുന്നോട്ട് വന്നത് ജനാധിപത്യം ജീവിച്ചിരിക്കുന്നുവെന്നതിന്റെ തെളിവാണ്. ഇത് അവസാന ശ്വാസമാണോ എന്നറിഞ്ഞുകൂട. ഏതായാലും മാധ്യമ സ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നതില്‍ ജാഗ്രത വേണം — എം.ജി.എസ് പറഞ്ഞു.

സി.പി.ഐ ജില്ലാ സെക്രട്ടറി ടി.വി ബാലന്‍, എ ഐ ടി യു സി ജില്ലാ സെക്രട്ടറി കെ.ജി പങ്കജാക്ഷന്‍, മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി, ബി ജെ പി നേതാവ് അഡ്വ. പി.എസ് ശ്രീധരന്‍പിള്ള, കല്‍പ്പറ്റ നാരായണന്‍, കെ.ഇ.എന്‍ കുഞ്ഞഹമ്മദ്, അഡ്വ. ടി. സിദ്ദീഖ്, യുവമോര്‍ച്ച നേതാവ് രജീഷ്, ബി.എം.എസ് നേതാവ് കെ. ഗംഗാധരന്‍, എം.ഇ.എസ് ജില്ലാ പ്രസിഡണ്ട് സി.ടി സക്കീര്‍ഹുസൈന്‍, എസ്.ടി.യു സംസ്ഥാന സെക്രട്ടറി യു. പോക്കര്‍, വിനോദ് മേക്കോത്ത്, സി.വി.എം വാണിമേല്‍, പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡണ്ട് പി.എ അബ്ദുല്‍ഗഫൂര്‍, ജനറല്‍ സെക്രട്ടറി സി. നാരായണന്‍, നിയുക്ത ജില്ലാ പ്രസിഡണ്ട് കെ. പ്രേമനാഥ് എന്നിവര്‍ പ്രസംഗിച്ചു.

ജില്ലാ പ്രസിഡണ്ട് കമാല്‍ വരദൂര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എന്‍. രാജേഷ് സ്വാഗതവും നിയുക്ത സെക്രട്ടറി പി. വിപുല്‍നാഥ് നന്ദിയും പറഞ്ഞു. പ്രതിഷേധ സംഗമത്തിന്റെ മുന്നോടിയായി നഗരത്തില്‍ പത്രപ്രവര്‍ത്തകര്‍ പ്രകടനം നടത്തി. ഇ.പി മുഹമ്മദ്, കെ.സി റിയാസ്, സോഫിയാബിന്ദ്, റഫീഖ് റമദാന്‍ നേതൃത്വം നല്‍കി.