Web Desk

വാഷിങ്ടൺ

November 07, 2020, 10:08 pm

ജോ ബൈഡൻ അമേരിക്കൻ പ്രസിഡന്റ്

Janayugom Online

യുഎസ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ജോ ബൈഡന് വിജയം. പെൻസിൽവാനിയയിലെ 20 ഇലക്ടറൽ വോട്ടുകൾ ലഭിച്ചതോടെയാണ് നിലവിലെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ബൈഡൻ മറികടന്നത്. മറ്റ് മൂന്ന് നിർണായക സംസ്ഥാനങ്ങളിലും ബൈഡൻ ലീഡ് തുടരുകയാണ്.

നോർത്ത് കരോലിന മാത്രമാണ് ഡൊണാൾഡ് ട്രംപിനൊപ്പം നിലയുറപ്പിച്ചിട്ടുള്ളത്. കമല ഹാരിസ് ആദ്യ വനിതാ വൈസ് പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടു. പെൻസിൽവാനിയയിൽ ബൈഡൻ 49.7 ശതമാനവും ട്രംപ് 49.2 ശതമാനവും വോട്ട് നേടി. അതേസമയം ജോർജിയയിൽ വീണ്ടും വോട്ടെണ്ണൽ വേണ്ടിവന്നേക്കും.

സംസ്ഥാനത്ത് ഇതുവരെ 99 ശതമാനം വോട്ടുകൾ എണ്ണിക്കഴിഞ്ഞു. ഒരു ശതമാനത്തില്‍ താഴെ മാത്രമേ ഭൂരിപക്ഷമുള്ളൂവെങ്കില്‍ ജോർജിയയിൽ വീണ്ടും വോട്ടെണ്ണേണ്ടി വരുമെന്ന് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ബ്രാഡ് റഫെൻസ്പർഗർ അറിയിച്ചു. നിലവിൽ ജോ ബൈഡൻ 49.5 ശതമാനം വോട്ടും ട്രംപ് 49.3 ശതമാനം വോട്ടും നേടിയിട്ടുണ്ട്. 15,000 ത്തിലേറെ വോട്ടുകൾക്കാണ് ബൈഡൻ മുന്നിട്ടുനിൽക്കുന്നത്. 87 ശതമാനം വോട്ടെണ്ണിയ നെവാഡയിലും 90 ശതമാനം വോട്ടെണ്ണിയ അരിസോണയിലും ബൈഡൻ തന്നെയാണ് മുന്നിൽ. നെവാഡയിൽ ബൈഡൻ 49.8 ശതമാനവും ട്രംപ് 48 ശതമാനവും വോട്ട് നേടി. അരിസോണയിൽ 49.7 ശതമാനം വോട്ടുകൾ ബൈഡൻ നേടിയപ്പോൾ 48.8 ശതമാനം വോട്ടുകളാണ് ട്രംപിന് ലഭിച്ചത്. വിജയത്തിൽ ബൈഡൻ ആഹ്ലാദം പ്രകടിപ്പിച്ചു. എതിരാളികളാണെങ്കിലും ആരും ശത്രുക്കളല്ലെന്നും ആത്യന്തികമായി എല്ലാവരും അമേരിക്കക്കാരാണെന്നും ട്രംപിനെ ഓര്‍മ്മിപ്പിക്കുകയും ചെയ്തു.