Janayugom Online
john varantham

ജോണ്‍ കെന്നഡി ഫ്രം ഇറ്റലി

Web Desk
Posted on November 25, 2018, 7:30 am

കെ വി ജ്യോതിലാല്‍
ഹോളിവുഡിലെ ‘സ്‌പൈഡര്‍മാന്‍’ സിനിമയിലൂടെ ലോകചലച്ചിത്ര ഭൂപടത്തില്‍ ഇടം നേടി കൊല്ലം അഷ്ടമുടിയുടെ പുത്രന്‍ ജോണ്‍ കെന്നഡി. നീരാവില്‍ എസ്എന്‍ഡിപി വൈഎച്ച്എസ്സില്‍ പഠിക്കുന്ന കാലം മുതലേ സ്‌കൂളിലെ നാടകവേദികളില്‍ ഇടപെട്ട് അഭിനയചാരുത പ്രകടിപ്പിക്കുവാന്‍ അതീവ തല്‍പരനായിരുന്നു.

John as sikh

നീരാവില്‍ പ്രകാശ് കലാകേന്ദ്രം, നടരാജാആര്‍ട്‌സ് ക്ലബ്ബ് മുതലായ പ്രസ്ഥാനങ്ങള്‍ നല്‍കിയ അനുഭവക്കാഴ്ചകള്‍ പഠനത്തോടൊപ്പം കലാമേഖലകളെ പുണരുവാനും അറിയുവാനും ഇടവരുത്തി. കലാകേന്ദ്രത്തിന്റെ മിമിക്രി മത്സരങ്ങളില്‍ മത്സരാര്‍ത്ഥിയാവുകയും നിരവധി സമ്മാനങ്ങള്‍ കരസ്ഥമാക്കുകയും ചെയ്ത ഭൂതകാലം. പ്രകാശ് കലാകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ പി ജെ ഉണ്ണികൃഷ്ണന്‍ എന്ന അതുല്യപ്രതിഭയുടെ ശിക്ഷണത്തിലുള്ള അഭിനയ കളരികളിലൂടെ കെന്നഡിയുടെ അഭിനയമോഹങ്ങള്‍ ചുവടു വയ്ക്കുകയായിരുന്നു. വൈക്കം മുഹമ്മദ് ബഷീറിന്റെ ‘കഥാബീജം’ എന്ന കഥയെ ആസ്പദമാക്കി പിജെ ഒരുക്കിയ നാടകത്തില്‍ പ്രധാന വേഷം കയ്യാളി. ഇത്തരം അനുഭവങ്ങള്‍ നല്‍കിയ സംഭാവനയാണ് കെന്നഡിയെ ആഗോളതലത്തിലേക്ക് പിടിച്ചുയര്‍ത്തിയത്. ഹോളിവുഡ് ചിത്രമായ ‘സ്‌പൈഡര്‍മാനി‘ല്‍ വെനീസ് സന്ദര്‍ശിക്കുന്ന ഒരു സിക്കുകാരന്റെ വേഷത്തിലാണ് കെന്നഡി.

സിനിമാ നിരൂപകന്‍ വിജയകൃഷ്ണന്റെ ‘കഥാസംഗമം’, ‘ഒരിടത്തൊരിടത്ത്’ പി.ജെ. രാധാകൃഷ്ണന്റെ ‘ഒറ്റക്കണ്ണന്‍പക്കി’ ഈ മൂന്നു സീരിയലുകളിലും നടന്‍ പ്രേംകുമാറിനൊപ്പം വേഷമിട്ടു. ശേഷം ജോണ്‍ ഇറ്റലിയിലേക്ക് ഫിലോസഫി പഠനത്തിനായി പോയി. ജീവിത വഴികള്‍ക്കായി തൊഴില്‍ കണ്ടെത്തി ഇറ്റലിയില്‍ താമസമുറപ്പിക്കുകയും ചെയ്തു. ക്രിക്കറ്റിനോടുള്ള അഭിനിവേശം മൂത്ത് ഓപ്പണിംഗ് ബാറ്റസ്മാനായും വിക്കറ്റ്കീപ്പറായും ഇറ്റലിയില്‍ തിളങ്ങി. ഈ കാലയളവിലാണ് ക്രിക്കറ്റിലും, യോഗാമെഡിറ്റേഷനിലും അഭിനിവേശമുള്ള ഇറ്റലിക്കാരിയായ നിത്യയെ കണ്ടുമുട്ടുവാന്‍ ഇടയാക്കിയത്. 2008‑ല്‍ ഇറ്റലിയില്‍വെച്ച് വിവാഹിതരായി. ഇന്ത്യന്‍ സംസ്‌കാരത്തോട് നിത്യയ്ക്ക് ആഭിമുഖ്യമുണ്ടായിരുന്നു.

2010‑നു ശേഷം മോഡലിംഗിലും പരസ്യചിത്രത്തിലും പ്രാഗത്ഭ്യം തെളിയിച്ചു. മൊസാര്‍ട്ടിന്റെ ‘ജംഗിള്‍’ എന്ന അമേരിക്കന്‍ ടിവി സീരിയലില്‍ അഭിനയിച്ചു. ഇറ്റാലിയന്‍ സിനിമയായ ‘Nientediserio’യില്‍ അഭിനയിച്ചു. ലോകപ്രശസ്ത ഹോളിവുഡ് സംവിധായകനായ Clint East­wood ‑ന്റെ ’15.17 to Paris’ എന്ന അമേരിക്കന്‍ ചലച്ചിത്രത്തില്‍ ഒരു വേഷം ചെയ്യുവാനും ഇടയായി. ‘Head­full of Hon­ey’ എന്ന ഹോളിവുഡ് ചലച്ചിത്രത്തിലും ഒരു വേഷം ചെയ്യുവാന്‍ അവസരം ലഭിച്ചു. പിന്നീട് ‘സ്‌പൈഡര്‍മാന്‍’ എന്ന ഹോളിവുഡ് ചലച്ചിത്രത്തില്‍ ഒരു പ്രധാന വേഷം കെന്നഡിയെത്തേടിവന്നു. ഡിസംബറില്‍ പുറത്തുവരാനിരിക്കുകയാണ് ഈ ചിത്രം. തുടര്‍ന്ന് ഏണസ്റ്റ് ഹെമിംഗ്‌വേ എന്ന വിശ്വസാഹിത്യകാരന്റെ ‘Across the Riv­er and into the Trees’ എന്ന കഥയെ ആസ്പദമാക്കിയുള്ള ഇതേ പേരിലുള്ള ചലച്ചിത്രത്തെ അഭ്രപാളികളില്‍ ആവിഷ്‌കരിക്കുമ്പോള്‍ അതിലേയ്ക്കായി കെന്നഡിയേയും കാസ്റ്റ് ചെയ്തു. അഭിനയസ്വപ്നങ്ങള്‍ക്ക് ചിറകുമുളയ്ക്കുമ്പോഴും, പറന്നുയരുമ്പോഴും വേദനയനുഭവിക്കുന്ന സമൂഹത്തോടുള്ള പ്രതിബദ്ധതകൂടി നിറഞ്ഞുനില്‍ക്കുന്ന മനസ്സാണ് തനിക്കുള്ളതെന്ന് പ്രവൃത്തിയിലൂടെ തെളിയിച്ചു.

john

തമിഴ്‌നാട് മാര്‍ത്താണ്ഡത്തെ ഓര്‍ഫനേജും, കൊച്ചിയിലെ അനാഥരായ തെരുവുകുഞ്ഞുങ്ങളെയും സംരക്ഷിക്കുന്ന ചാരിറ്റിബിള്‍ ട്രസ്റ്റിന്റെ ഫണ്ട് സ്വരൂപിക്കുന്നതിലും വെനീസില്‍ മുന്‍കയ്യെടുക്കുന്നത് കെന്നഡിയും ഭാര്യയുമാണ്. ഇറ്റലി പാര്‍ലമെന്റുമായി സഹകരിച്ചും, കേരളം കണ്ട ഏറ്റവും വലിയ പ്രളയദുരന്തത്തിന്റെ ആശ്വാസത്തിനായി കെന്നഡിയുടെ നേതൃത്വത്തില്‍ സഹായങ്ങള്‍ സ്വരൂപിച്ച് സര്‍ക്കാരിന് നല്‍കുകയുണ്ടായി. ഉയരങ്ങളിലെത്തുമ്പോഴും താഴേയ്ക്കു നോക്കുവാനും കടന്നുവന്ന വഴികളെ മറക്കാതെ തന്റെ കടമ നിര്‍വ്വഹിക്കുന്നതില്‍ എന്നും പ്രതിജ്ഞാബദ്ധന്‍ കൂടിയാണീ കലാകാരന്‍.
മൂന്നു വയസ്സുകാരനായ മകന്‍ ഫ്രാഞ്ചിസ്‌കോ, ഇംഗ്ലീഷും മലയാളവും ഇറ്റലിയും സംസാരിക്കുന്നതോടൊപ്പം കലയിലും പ്രാവീണ്യം നേടിയിട്ടുണ്ട്. അതിരുകളില്ലാത്ത സ്‌നേഹത്തിന്റെ ജാലകം തുറന്നിടുവാന്‍ ഓരോ മനുഷ്യനും കഴിയണമെന്നതാണ് കെന്നഡിയുടെ കാഴ്ചപ്പാട്.