പുരുഷൻമാരിൽ സ്തനവളർച്ച; മുന്നറിയിപ്പ് നൽകിയില്ല: ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനിക്ക് 800 കോടി രൂപ പിഴ

Web Desk
Posted on October 09, 2019, 1:49 pm

ന്യൂയോര്‍ക്ക്:  സുരക്ഷയ്ക്കും ക്ഷേമത്തിനും യാതൊരു പ്രാധാന്യവും  നല്‍കാതെ ലാഭേച്ഛയോടെ മാത്രം വ്യവസായത്തെ നോക്കി കാണുന്ന കമ്പനികളാണ് നമുക്ക് ചുറ്റും ഇന്ന് ഉള്ളത്. ലോകത്തുടനീളം ഉപഭോക്താക്കളുള്ള കമ്പനികളിൽ ഒന്നാണ്  ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ . കമ്പനിക്ക് എതിരെ ഒരുപാട് വാർത്തകൾ  സമീപ കാലത്തായി പുറത്തുവരുകയുണ്ടായി. ഇപ്പോഴിതാ  പുരുഷന്മാരില്‍ സ്തനങ്ങള്‍ വളരാന്‍ ഇടയാകും എന്ന് മുന്നറിയിപ്പ് നല്‍കാതെ മരുന്നുണ്ടാക്കി വിറ്റ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനിക്ക്  മേലെ ചുമത്തിയ പിഴത്തുക കോടതി വർധിപ്പിച്ചു   എന്ന വാർത്തയാണ് പുറത്തു വരുന്നത്.

സ്‌കിത്സോഫ്രീനിയ, 2015ല്‍ ബൈപോളാര്‍ ഡിസോര്‍ഡര്‍ എന്നിവയ്ക്ക് നല്‍കുന്ന മരുന്നായ ‘ഡിസ്‌പെര്‍ഡാല്‍’ കഴിച്ചതിനാല്‍ തന്റെ ശരീരത്തില്‍ സ്തനങ്ങള്‍ വളര്‍ന്നുവെന്ന് കാട്ടി നിക്കോളാസ് മുറെ എന്നൊരാള്‍ അമേരിക്കയിലെ ഒരു കോടതിയെ സമീപിക്കുകയും ഇയാള്‍ക്ക് 1.5 മില്ല്യണ്‍ ഡോളര്‍ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ പിഴ നല്‍കാന്‍ കോടതി വിധിക്കുകയും ചെയ്തിരുന്നു. എന്നാല്‍ 2018ല്‍ മറ്റൊരു കോടതി ഈ തുക വെട്ടിക്കുറച്ചിരുന്നു. ഇപ്പോള്‍ ഫിലാഡല്‍ഫിയ ഹൗസ് ഒഫ് കോമണ്‍ പ്ലിയാസ് ആണ് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ നല്‍കേണ്ട പിഴ 8 ബില്ല്യണ്‍ ഡോളറായി(800 കോടി രൂപ) ഉയര്‍ത്തിയത്. രോഗികളുടെ സുരക്ഷയ്ക്കും ക്ഷേമത്തിനും യാതൊരു പ്രാധാന്യം നല്‍കാതെ ലാഭേച്ഛയോടെ മാത്രം വ്യവസായം നടത്തുന്ന കമ്പനിഎന്നാണ് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണെ കോടതി വിശേഷിപ്പിച്ചത്.

നിക്കോളാസിന് പുറമെ ഇതേ മരുന്ന് കഴിച്ച് കുഴപ്പത്തിലായ നിരവധി പേര്‍ കോടതിയെ സമീപിച്ചിട്ടുണ്ട്. ഇവരുടെ ഹര്‍ജികളും കോടതി പരിഗണിക്കാനിരിക്കുകയാണ്. താന്‍ പ്രായപൂര്‍ത്തിയാകുന്നതിന് മുന്‍പേയാണ് മാനസിക അസ്വാസ്ഥ്യങ്ങള്‍ക്ക് നിക്കോളാസ് ഈ മരുന്നുകള്‍ കഴിച്ചിരുന്നത്. മുന്‍പ് ഫോര്‍മല്‍ഡീഹൈഡ്, ആസ്ബറ്റോസ് എന്നിവ തങ്ങളുടെ വിവിധ ഉത്പന്നങ്ങളില്‍ ഉപയോഗിക്കുന്നതായി കാണിച്ച് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ് എതിരെ പരാതികള്‍ ഉയര്‍ന്നിരുന്നു.