Friday
06 Dec 2019

വീണ്ടും നമുക്ക് കൈകോര്‍ക്കാം

By: Web Desk | Thursday 8 August 2019 10:55 PM IST


ലയാളക്കരയെയാകെ പ്രളയം വിഴുങ്ങിയ ആ രാത്രിയുടെ ആണ്ടെത്താന്‍ ആറു ദിനം മാത്രം ശേഷിക്കെ ഭീതി പടര്‍ത്തി വീണ്ടും ജലതാണ്ഡവം തുടങ്ങിയിരിക്കുന്നു. ഒന്നില്‍ നിന്ന് കരകയറിയത് മതവും മനസും മറന്ന് കേരളത്തെയാകെ കാരുണ്യത്തിന്റെ കൈക്കുമ്പിളില്‍ ഒതുക്കിയാണ്. അതേ കെട്ടുറപ്പും കരുത്തും പുറത്തെടുത്ത് ഭരണകൂടവും സാമൂഹ്യ, സന്നദ്ധ, രാഷ്ട്രീയ പ്രവര്‍ത്തകരും മത്സ്യത്തൊഴിലാളികളും സാധാരണക്കാരും ദുരിതബാധിത പ്രദേശങ്ങളിലാകെ രക്ഷാദൗത്യത്തിലേര്‍പ്പെട്ടിരിക്കുന്നു. കഴിഞ്ഞ ഓഗസ്റ്റിന്റെ അനുഭവം സര്‍ക്കാരിനും സമൂഹത്തിനും പാഠമായതുകൊണ്ടുതന്നെ വലിയ കരുതലും ഒരുക്കവും നടത്താനായിട്ടുണ്ട്. വിവിധ ജില്ലകളിലെ ഉരുള്‍പ്പൊട്ടല്‍ അപ്രതീക്ഷിത മലവെള്ളപ്പാച്ചിലുണ്ടാക്കിയതാണ് ഭീതിപടര്‍ത്തിയത്.
ചെറുതും വലുതുമായ നിരവധി ഡാമുകളിലെ ജലനിരപ്പ് സാധാരണഗതിയില്‍ നിന്ന് ഉയര്‍ന്നിട്ടുണ്ട്. ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് കഴിഞ്ഞ ദിവസത്തേക്കാള്‍ ഒരു മീറ്ററിലേറെയാണ് ഉയര്‍ന്നിരിക്കുന്നത്. 706.53 ല്‍ നിന്ന് 707.52 ആയിരിക്കുകയാണ്. 732.43 ആണ് ഇടുക്കിയിലെ പരമാവധി ജലനിരപ്പ്. ഇടുക്കിയിലുള്‍പ്പെടെ ഡാമുകളിലെ ജലനിരപ്പ് റിസര്‍വോയര്‍ ലെവലിന് മുകളില്‍ ഉയരാതിരിക്കാനായി ഷട്ടറുകള്‍ തുറക്കുന്നതിനുള്ള കരുതല്‍ സ്വീകരിക്കുന്നുണ്ട്. കൃത്യമായ മുന്നറിയിപ്പോടെയാണിത്. ജാഗ്രതാ സന്ദേശങ്ങള്‍ കണക്കിലെടുത്ത് നിശ്ചിത ക്യാമ്പുകളിലേക്ക് മാറിത്താമസിക്കാനും കരുതലെടുക്കാനും ജനങ്ങള്‍ തയ്യാറാവണം. പ്രദേശങ്ങളിലെ രാഷ്ട്രീയ, സന്നദ്ധ പ്രവര്‍ത്തകര്‍ ഇക്കാര്യത്തില്‍ ഇടപെടലുകള്‍ നടത്തണം.
2018ലെ പ്രളയത്തിനൊടുവില്‍ പ്രതിപക്ഷവും ഇതര ഭരണകൂട വിമര്‍ശകരും നിരീക്ഷിച്ച മനുഷ്യനിര്‍മിത ദുരന്തമെന്ന രാഷ്ട്രീയ മുദ്രാവാക്യത്തിന്റെ ദുരുപദിഷ്ടിതയാണ് തുറന്നുകാട്ടപ്പെട്ടത്. അന്നത്തെപ്പോലെ തന്നെ ഇക്കുറിയും ഡാമുകളുടെ ജലനിരപ്പും മുന്‍കരുതല്‍ സന്ദേശങ്ങളും ജാഗ്രതാ നിര്‍ദ്ദേശങ്ങളും സര്‍ക്കാര്‍ നല്‍കിവരുന്നുണ്ട്. കഴിഞ്ഞ മെയ് മാസം പകുതി മുതല്‍ സംസ്ഥാനത്തെ ഡാമുകളുടെ തല്‍സ്ഥിതി ഓരോ ദിവസവും കൃത്യമായി രേഖപ്പെടുത്തി മാധ്യമസ്ഥാപനങ്ങള്‍ക്ക് കൈമാറുന്നുണ്ടായിരുന്നു. മഴയും ഉരുള്‍പ്പൊട്ടലും അപ്രതീക്ഷിതമായി വരുമെന്നതിനാലാണ് ഇടതടവില്ലാതെ സന്ദേശങ്ങള്‍ കൈമാറാന്‍ ബന്ധപ്പെട്ടവര്‍ നിര്‍ബന്ധിതരായത്. ആവര്‍ത്തന വിരസതകൊണ്ടാവാം മാധ്യമങ്ങള്‍ ഈ സന്ദേശങ്ങള്‍ ദിവസവും കൃത്യമായി ജനങ്ങളിലേക്ക് എത്തിച്ചിരുന്നില്ലെന്നുവേണം പറയാന്‍.
ഉരുള്‍പ്പൊട്ടലാണ് കനത്ത മഴയ്‌ക്കൊപ്പം ഗ്രാമങ്ങളെയും നഗരങ്ങളെയും വെള്ളത്തിനടിയിലാക്കിയത്. വടക്കന്‍ കേരളത്തില്‍ കുറച്ചധികം ദിവസങ്ങളായി അതത് ജില്ലാ ഭരണകൂടങ്ങള്‍ ജനങ്ങള്‍ക്ക് ജാഗ്രതാ സന്ദേശങ്ങള്‍ നല്‍കുന്നുണ്ടായിരുന്നു. വയനാട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, ഇടുക്കി ജില്ലകളിലാണ് വന്‍തോതില്‍ ഉരുള്‍പ്പൊട്ടലുണ്ടായിക്കൊണ്ടിരിക്കുന്നത്. ആലപ്പുഴ, പത്തനംതിട്ട, തൃശൂര്‍, എറണാകുളം ജില്ലകളിലെ താഴ്ന്ന പ്രദേശങ്ങളിലുള്ളവരെ ക്യാമ്പുകളിലേക്ക് മാറ്റിത്തുടങ്ങി. ഈ ജില്ലകളില്‍ നാടും റോഡും വെള്ളത്തിനടിയിലാണ്. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായാണ് തുടരുന്നത്. അരലക്ഷത്തിലേറെ പേര്‍ കഴിഞ്ഞ രാത്രിയോടെ ദുരിതാശ്വാസ ക്യാമ്പുകളിലെത്തിക്കഴിഞ്ഞു. സംസ്ഥാനം ആവശ്യപ്പെട്ടതനുസരിച്ച് ദേശീയ ദുരന്ത പ്രതികരണ സേനയുടെ 10 സംഘങ്ങള്‍ ദുരിതബാധിത പ്രദേശങ്ങളിലെത്തി. ഇന്ന് രാവിലെ ഇവര്‍ രക്ഷാപ്രവര്‍ത്തനം തുടങ്ങും. അതിനിടെ വെള്ളപ്പൊക്കം രൂക്ഷമായ വടക്കന്‍ കേരളത്തില്‍ മൂന്ന് യൂണിറ്റ് സേന ഇന്നലെ പകല്‍ തന്നെ രക്ഷാപ്രവര്‍ത്തനം തുടങ്ങി. നിലമ്പൂരില്‍ ഒറ്റപ്പെട്ടുപോയ പോത്തുകല്‍ പാതാര്‍ ഗ്രാമവാസികളുടെ രക്ഷയ്ക്കായി താന്നൂരില്‍ നിന്ന് ആറ് ബോട്ടുകളിലായി മത്സ്യത്തൊഴിലാളികളും ദൗത്യം ഏറ്റെടുത്തു.
സംസ്ഥാന സര്‍ക്കാര്‍ കാര്യക്ഷമമായ ഇടപെടലും പ്രവര്‍ത്തനങ്ങളുമാണ് തുടരുന്നത്. മുഖ്യമന്ത്രിയുടെയും റവന്യു മന്ത്രിയുടെയും നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് ബന്ധപ്പെട്ട എല്ലാ വകുപ്പുകള്‍ക്കും ജില്ലാ കളക്ടര്‍മാര്‍ക്കും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു. യോഗത്തിന്റെ ആവശ്യപ്രകാരമാണ് കൂടുതല്‍ കേന്ദ്ര ദുരന്ത പ്രതികരണ സേനയെ അയച്ചിട്ടുള്ളത്. വ്യോമസേനയോട് തയ്യാറാകാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അത്യാധുനിക ബോട്ടുകള്‍ ഉപയോഗിച്ചാണ് സംസ്ഥാന ദുരന്തനിവാരണ സേന രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ക്യാബിനറ്റ് സെക്രട്ടറിയുടെ അധ്യക്ഷതയിലും പ്രളയ സ്ഥിതിഗതികള്‍ വിലയിരുത്തി. ഔദ്യോഗിക വിവരങ്ങള്‍ അനുസരിച്ച് എട്ടുപേരുടെ ജീവനാണ് ഇന്നലെ അപായത്തിലായത്.
വയനാട്ടിലുള്‍പ്പെടെ രാത്രി അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദുരന്തനിവാരണവിഭാഗം മുന്നറിയിപ്പ് നല്‍കിയതിനു പിറകെ മേപ്പാടിയില്‍ വലിയ ഉരുള്‍പ്പൊട്ടലുണ്ടായി. മേപ്പാടി പുതുമല മേഖലയിലെ എസ്റ്റേറ്റ് തൊഴിലാളികളുടെ ലയങ്ങള്‍ ഉള്‍പ്പെടുന്ന പ്രദേശത്താണ് ഉരുള്‍പ്പൊട്ടലുണ്ടായത്. ശക്തമായ മലവെള്ളപ്പാച്ചിലില്‍ ഗതാഗതം തടസപ്പെട്ടതോടെ സാഹസികമായാണ് രക്ഷാ പ്രവര്‍ത്തകര്‍ക്ക് അവിടേയ്ക്ക് എത്താനായത്. നിരവധി പേരെ കാണാതായെന്ന് നാട്ടുകാര്‍ പറഞ്ഞതനുസരിച്ച് തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിനും സഹായങ്ങള്‍ക്കുമായി നമുക്കും കൈകോര്‍ക്കാം.