കാനം രാജേന്ദ്രൻ
ഇന്ത്യയെ മതാധിഷ്ഠിത രാഷ്ട്രമാക്കി മാറ്റുവാനുള്ള, ശതകോടീശ്വരന്മാരുടെ കൈപ്പിടിയിൽ ഒതുക്കുവാനുള്ള കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാരിന്റെ നയങ്ങൾക്കെതിരെ രാജ്യവ്യാപകമായി ഇന്ത്യൻ കമ്മ്യൂണിസ്റ്റു പാർട്ടി നാവിക കലാപദിനമായ ഫെബ്രുവരി 22 മുതൽ ഷഹീദ് ഭഗത്‌സിങിന്റെ രക്തസാക്ഷി ദിനമായ മാർച്ച് 23 വരെ രാജ്യമൊട്ടാകെ പ്രക്ഷോഭങ്ങളും പ്രചാരണങ്ങളും സംഘടിപ്പിക്കുകയാണ്. 1946 ഫെബ്രുവരി 18 ന് റോയൽ ഇന്ത്യൻ നേവിയിലെ നാവികർ ബോംബെ തുറമുഖത്ത് ആരംഭിക്കുകയും ബ്രിട്ടിഷ് ഇന്ത്യയിൽ കറാച്ചി മുതൽ കൽക്കത്ത വരെയുള്ള തുറമുഖങ്ങളിലെ 78 കപ്പലുകളിലെ 20,000ത്തിലധികം നാവികർ പങ്കെടുക്കുകയും ചെയ്ത കലാപത്തെയാണ് നാവിക കലാപം എന്ന് വിളിക്കുന്നത്. എട്ട് നാവികർ രക്തസാക്ഷികളാവുകയും 33 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. 1946 ജനുവരി മാസത്തിൽ ബ്രിട്ടീഷ് ഇന്ത്യൻ വ്യോമസേനയിലെ കലാപത്തിന്റെ തുടർച്ചയായി ആണ് നാവിക കലാപവും ഉണ്ടാവുന്നത്. ഇന്ത്യൻ നേവിയിലെ പരിതാപകരമായ സൗകര്യങ്ങളിലും മോശമായ ഭക്ഷണത്തിലും പ്രതിഷേധിച്ചുകൊണ്ട് ഫെബ്രുവരി 18 ന് സമരത്തിന് ആരംഭം കുറിച്ചു. 19 നു ലെഫ്റ്റന്റ് എം എസ് ഖാൻ പ്രസിഡന്റായും പെററി ഓഫീസർ മദൻ സിങ് വൈസ് പ്രസിഡന്റായും ഒരു സമര കമ്മിറ്റി രൂപീകൃതമായി. എച്ച്ഐഎംഎസ് തൽവാർ, ഹിന്ദുസ്ഥാൻ, ബഹാദൂർ എന്നീ കപ്പലുകളിലേയും കാസിൽ ബാരക്സ്, ഫോർട്ട് ബാരക്സ് എന്നീ ക്യാമ്പുകളിലെയും നാവികർ കലാപത്തിനു തയ്യാറായി.
ഫെബ്രുവരി 20 ന് പ്രക്ഷോഭകാരികൾ ബോംബെ നഗരത്തിൽ സുഭാഷ് ചന്ദ്രബോസിന്റെയും മഹാനായ ലെനിന്റെയും ചിത്രം പതിച്ച പതാകകളുമായി ലോറികളിൽ പ്രകടനം നടത്തി. താമസിയാതെ കറാച്ചി, കൊച്ചി, വിശാഖപട്ടണം, കൽക്കത്ത എന്നിവിടങ്ങളിൽ നിന്നെല്ലാമുള്ള നാവികർ സമരത്തിൽ പങ്കെടുത്തു. സാമ്രാജ്യത്വം തുലയട്ടെ, വിപ്ലവം വിജയിക്കട്ടെ എന്നീ മുദ്രാവാക്യങ്ങളുയർത്തിയ നാവികർ ബോംബെ തീരത്തെ ഏറ്റവും പ്രധാനപ്പെട്ട ആയുധസംഭരണശാല സ്ഥിതി ചെയ്യുന്ന ബുച്ചർ ദ്വീപ് പിടിച്ചെടുത്തു. 19 ന് നാവികർ കപ്പലുകളിലും അവർ പിടിച്ചെടുത്ത ക്യാമ്പുകളിലും ത്രിവർണ പതാക ഉയർത്തി. 20ന് ഇന്ത്യാഗേററ് കേന്ദ്രീകരിച്ച് ബ്രിട്ടിഷ് പട്ടാളം പ്രത്യാക്രമണം തുടങ്ങി. പക്ഷെ പെട്ടെന്നു തന്നെ നാവികരെ കീഴടക്കുക എളുപ്പമല്ല എന്നവർ മനസ്സിലാക്കി. സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ മദ്ധ്യസ്ഥ ചർച്ചകളിൽ നാലാം ദിവസം നാവികരുടെ ആവശ്യങ്ങളിൽ ഭൂരിഭാഗവും അംഗീകരിക്കപ്പെട്ടു. നാവിക കലാപം ഇന്ത്യൻ സ്വാതന്ത്യ സമരത്തിലെ അതിപ്രധാനമായ ഒരു മുന്നേറ്റമാണ്. ഇന്ത്യൻ നാവികർ ബ്രിട്ടീഷ് ഇന്ത്യയിലെ കറാച്ചി മുതൽ കൽക്കത്ത വരെയുള്ള എല്ലാ പ്രമുഖ തുറമുഖങ്ങളും കയ്യടക്കിക്കൊണ്ടു ബ്രിട്ടീഷ് സർക്കാരിനെ നേർക്കുനേർ വെല്ലുവിളിച്ച സംഭവം. പക്ഷെ നാവിക കലാപത്തെ സ്വാതന്ത്ര്യപൂർവ ഇന്ത്യയിലെ പ്രമുഖ രാഷ്ട്രീയ പ്രസ്ഥാനങ്ങളായിരുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസും ഇന്ത്യൻ യൂണിയൻ മുസ്‌ലിംലീഗും എതിർക്കുകയാണുണ്ടായത്.
ഈ പാർട്ടികളുമായി ബന്ധപ്പെട്ട മഹാത്മാഗാന്ധി മുതൽ മുഹമ്മദലി ജിന്ന വരെ നാവിക കലാപത്തെ അപലപിച്ചു. കോൺഗ്രസിൽ നിന്ന് അന്ന് അരുണാ ആസഫലി മാത്രമാണ് കലാപകാരികൾക്ക് പിന്തുണ നല്കിയത്. നാവിക കലാപത്തിന് പൂർണമായ പിന്തുണ നല്കിയത് ഇന്ത്യൻ കമ്മ്യൂണിസ്റ്റു പാർട്ടി മാത്രമാണ്. അന്ന് ഇന്ത്യയിലെ മൂന്നാമത്തെ പ്രബലമായ രാഷ്ട്രീയശക്തിയായ ഇന്ത്യൻ കമ്മ്യൂണിസ്റ്റു പാർട്ടി അതിന്റെ മുഴുവൻ ശക്തിയും സമാഹരിച്ച് നാവിക കലാപത്തിന് പിന്തുണ നല്കി. ഇന്ത്യയിൽ വർഗസമര സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിൽ നടന്ന ശക്തമായ കലാപമാണ് നാവിക കലാപം എന്നു പാർട്ടി വിലയിരുത്തി. 1946 ഫെബ്രുവരി 22 ന് പാർട്ടി രാജ്യമൊട്ടാകെ പൊതുപണിമുടക്കിന് ആഹ്വാനം നല്കി. കൽക്കത്തയിലും കറാച്ചിയിലും മദ്രാസിലും ഒരുപോലെ ലക്ഷക്കണക്കിനു തൊഴിലാളികളും വിദ്യാർത്ഥികളും ചെങ്കൊടികളുമായി നാവികരുടെ ഡിമാന്റുകൾ അഗീകരിക്കുക, ബ്രിട്ടന്റെയും പൊലീസിന്റെയും അതിക്രമങ്ങൾ അവസാനിപ്പിക്കുക എന്ന മുദ്രാവാക്യങ്ങളുമായി തെരുവിലിറങ്ങി. ഇന്ത്യൻ ജനത കമ്മ്യൂണിസ്റ്റ് പാർട്ടിയോട് കാണിച്ച ആഭിമുഖ്യം കോൺഗ്രസിനെയും ലീഗിനെയും ഒരുപോലെ വിറളിപിടിപ്പിച്ചു. ഇന്ത്യാവിഭജനം സ്വപ്നംകണ്ട ലീഗിനെ സംബന്ധിച്ചിടത്തോളം കറാച്ചിയിലെയും കൽക്കത്തയിലെയും ജനങ്ങൾ ഒരുമിച്ച് ചെങ്കൊടിക്കു കീഴിൽ അണിനിരക്കുന്നത് അവരുടെ വിഭജന പദ്ധതികളുടെ അന്ത്യം കുറിക്കും എന്ന് കണ്ടതിനാലും കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം അവരുടെ അധികാര സ്വപ്നങ്ങൾക്ക് തിരിച്ചടിയേൽക്കും എന്നു ഉറപ്പായതിനാലും ഈ രണ്ടു വിരുദ്ധ രാഷ്ടീയ പ്രസ്ഥാനങ്ങളും ഒന്നു ചേർന്ന് നാവിക കലാപത്തിനെതിരെ പ്രവർത്തിച്ചു.
സോവിയറ്റ് വിപ്ലവകാലത്തെ നാവിക കലാപത്തോട് താരതമ്യം ചെയ്തുകൊണ്ട് ഒരു സോഷ്യലിസ്റ്റ് ഇന്ത്യയുടെ സ്ഥാപനത്തിലേക്കു നാവിക കലാപം നയിക്കുമെന്നവർ ഭയപ്പെട്ടു. 1947 ൽ സ്വാതന്ത്ര്യലബ്ധിക്കു ശേഷവും കലാപ കാലത്ത് പിരിച്ചുവിട്ട നാവികരെ തിരിച്ചെടുക്കുവാനോ നഷ്ടപരിഹാരം നല്കുവാനോ ഇന്ത്യയോ പാകിസ്ഥാനോ വളരെ കാലത്തേക്ക് തയ്യാറായില്ല. ഈയടുത്ത കാലത്താണ് നാവിക കലാപത്തെ ആദരിക്കുവാൻ ഇന്ത്യ തയ്യാറായത് മദൻ സിങ്, ബി സി ദത്ത് എന്നീ പോരാളികളുടെ പേര് പടക്കപ്പലുകൾക്ക് നല്കാനും ബോംബെയിൽ സ്മാരകം പണിയാനും തയ്യാറായി. ഇന്ത്യൻ സ്വാതന്ത്ര്യ സമരചരിത്രത്തിൽ അവിസ്മരണീയമായ ഐതിഹാസിക സമരമായിരുന്നു നാവിക കലാപം. കലാപകാലത്തു തന്നെ കലാപത്തോട് പുറംതിരിഞ്ഞു നില്ക്കുകയായിരുന്നു ഇന്ത്യൻ ബൂർഷ്വാസിയും വിഭജനവാദികളും. നാവിക കലാപം ശരിയായ ദിശയിലുള്ള ശരിയായ മുന്നേറ്റമായിരുന്നു എന്നു 74 വർഷങ്ങൾക്കിപ്പുറം നമുക്ക് കാണുവാൻ കഴിയും. കൂടുതൽ ജനവിരുദ്ധവും രാജ്യവിരുദ്ധവുമായ നടപടികളുമായാണ് രണ്ടാം നരേന്ദ്ര മോഡി സർക്കാർ അനുദിനം മുന്നോട്ടു പോകുന്നത്. പൊതുമേഖലാ സംരംഭങ്ങൾ പ്രത്യേകിച്ച് ബിപിസിഎൽ, എൽഐസി എന്നിവയുടെ ഓഹരികൾ വിൽക്കാനുള്ള തീരുമാനമുൾപ്പെടെ പ്രഖ്യാപിച്ച കേന്ദ്ര ബജറ്റ് ജനവിരുദ്ധവും കോർപ്പറേറ്റ് ആഭിമുഖ്യമുള്ളതുമാണ്. തെറ്റായ ചരക്കു സേവന നികുതി നിമിത്തം നികുതി വരുമാന ലക്ഷ്യം നേടുന്നതിൽ സർക്കാർ പരാജയപ്പെട്ടു. മാന്ദ്യം കാരണം പ്രത്യക്ഷ നികുതി പിരിവിലും ഇടിവുണ്ടായി.
ഇതുകാരണം ലാഭകരമായ പൊതുമേഖലാ സ്ഥാപനങ്ങൾ വിൽക്കാനാണ് സർക്കാർ നീക്കം നടത്തുന്നത്. 2014 ൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നശേഷം, അവർ സ്വീകരിച്ച സാമ്പത്തിക നയങ്ങൾ നമ്മുടെ സാമ്പത്തിക വ്യവസ്ഥയെ തകർത്തു. ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ ഗവൺമെന്റ് സാമ്പത്തികരംഗം നന്നായി പ്രവർത്തിക്കുന്നുവെന്ന അവകാശവാദം ആവർത്തിച്ചുകൊണ്ടിരിക്കുമ്പോൾ, വാസ്തവത്തിൽ സമ്പദ്‌വ്യവസ്ഥ മന്ദഗതിയിലായിരുന്നു. പണപ്പെരുപ്പവും വിലയും നിയന്ത്രിക്കുമെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനത്തോടെയാണ് അവർ അധികാരത്തിലെത്തിയത്. എന്നാൽ വില ഒരു നിയന്ത്രണവുമില്ലാതെ ഉയരുകയാണ്. പ്രതിവർഷം രണ്ട് കോടി തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് ഉറപ്പ് നൽകി അധികാരത്തിലെത്തിയ ബിജെപി സർക്കാരിനു കീഴിൽ അഭൂതപൂർവമായ തൊഴിലില്ലായ്മ നാം കാണുന്നു. കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന് എല്ലാ ബജറ്റിലും അവർ വാഗ്ദാനം ചെയ്യുന്നു. എന്നാൽ കാർഷിക മേഖല ഗുരുതരമായ പ്രതിസന്ധിയിലാണ്. കർഷകർ ആത്മഹത്യ ചെയ്യുന്നു. ‘മേയ്ക്ക് ഇൻ ഇന്ത്യ’ മുതലായ അവരുടെ പരസ്യപ്രചാരണ മുദ്രാവാക്യങ്ങൾ അർത്ഥശൂന്യമായ മുദ്രാവാക്യങ്ങളായി തുടരുന്നു. ഉല്പാദന മേഖല ദുഷ്കരമായ കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. വ്യാവസായിക ഉല്പാദനം കുറഞ്ഞു. കോർപ്പറേറ്റുകൾക്ക് പറയാനുള്ളത് ദുഃഖകരമായ കഥയാണ്. സമ്പദ്‌വ്യവസ്ഥ അതിവേഗം വളരുകയാണെന്നും ലോകത്തെ എല്ലാവരേയും മറികടക്കുമെന്നും മോഡി ഭരണകൂടം അവകാശപ്പെട്ടു. എന്നാൽ ഇപ്പോൾ ജിഡിപി വളർച്ചയല്ല വികസനത്തിന്റെ മാനദണ്ഡമെന്ന് തിരുത്തി പറയുന്നു.
ഇവയെല്ലാം ബിജെപി/എൻഡിഎ ഗവൺമെന്റിന്റെ സമ്പദ്‌വ്യവസ്ഥയുടെ തെറ്റായ മാനേജ്മെന്റിന്റെയും അവരുടെ തുടർച്ചയായ ജനവിരുദ്ധ സാമ്പത്തിക നയങ്ങളുടെയും ഫലമാണ്. വർത്തമാനകാല ഇന്ത്യയിൽ ഏറ്റവും അധികം ചർച്ച ചെയ്യപ്പെട്ട രാജ്യവ്യാപകമായ പ്രതിഷേധങ്ങൾക്ക് വഴിതെളിയിച്ച ഒന്നാണ് പൗരത്വ ഭേദഗതി നിയമം. ഇന്ത്യയിൽ ആദ്യമായാണ് പൗരത്വ വ്യവസ്ഥകളിൽ മതം ഒരു ഘടകമായി കടന്നുവരുന്നത്. നിയമം വഴി ജനങ്ങളെ ഭിന്നിപ്പിക്കാനാണ് കേന്ദ്ര ഭരണകൂടം ശ്രമിക്കുന്നത്. പൗരത്വ ഭേദഗതി നിയമം ഇന്ത്യയുടെ മതേതര മനസ്സിനും ബഹുസ്വര സംസ്കാരത്തിനും എതിരായ കടന്നുകയറ്റമാണ് എന്നതിൽ സംശയമില്ല. സമകാലിക ഭാരതം സങ്കീർണമായ പ്രതിസന്ധി നേരിടുന്ന ഇന്നത്തെ ഘട്ടത്തിൽ, പൗരത്വനിയമ ഭേദഗതിയിലൂടെ സംഘപരിവാർ വെല്ലുവിളിച്ചിരിക്കുന്നത് ഇന്ത്യ എന്ന ആശയത്തെയും തുല്യതയിലും ബഹുസ്വരതയിലും അധിഷ്ഠിതമായ ഭരണഘടനാ മൂല്യങ്ങളെയുമാണ്. കശ്മീരിന്റെ പ്രത്യേക പദവി ഇല്ലാതാക്കുന്ന അനുച്ഛേദം 370, മുത്തലാഖ് നിയമം, ദേശവ്യാപകമായ പൗരത്വപ്പട്ടിക, ദേശീയ ജനസംഖ്യാ രജിസ്റ്റർ എന്നിവയിലൂടെ സമൂഹത്തിലെ പാവപ്പെട്ട വിഭാഗങ്ങൾക്കിടയിലും ന്യൂനപക്ഷങ്ങൾക്കിടയിലും ഭീതിപരത്താനും വിഭാഗീയത സൃഷ്ടിക്കാനുമാണ് സർക്കാർ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ സാമൂഹിക രാഷ്ട്രീയ നയങ്ങൾക്ക് എതിരെ പോരാട്ടം ശക്തിപ്പെടുത്തണം. നമ്മുടെ രാജ്യത്തെ സമ്പദ് വ്യവസ്ഥയെയും ജനങ്ങളെയും നാശത്തിൽ നിന്നും രക്ഷിക്കാൻ ശക്തമായ ചെറുത്തുനിൽപ്പ് ആവശ്യമാണ്. ഇന്ത്യൻ ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കുവാൻ നമുക്ക് ഒരുമിച്ച് അണിചേരാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.